ഗംഭീര്‍ പണി തുടങ്ങി, കൊല്‍ക്കത്തയില്‍ നിന്ന് മറ്റൊരാള്‍ എത്തും; ടി20യില്‍ ഹര്‍ദിക് ക്യാപ്റ്റനാവും?
മുംബൈ: ഗൗതം ഗംഭീര്‍ പരിശീലകനായി എത്തിയതോടെ ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ ഉറപ്പായിരിക്കുകയാണ്. പുതിയ കോച്ചിംഗ് സ്റ്റാഫിനെ അദ്ദേഹം തന്നെയാണ് ഇപ്പോള്‍ എത്തിക്കുന്നത്. മലയാളിയായ അഭിഷേക് നായരാണ് ആദ്യ നിയമനം. ദ്രാവിഡിന്റെ ടീമിലുള്ള ആരെയും ഗംഭീര്‍ നിലനിര്‍ത്തുന്നില്ല.
അഭിഷേക് നായര്‍ കോച്ചിംഗ് സ്റ്റാഫില്‍ എത്തിയതിന് പിന്നാലെ അടുത്തയാളെയും ഗംഭീര്‍ തീരുമാനിച്ചിരിക്കുകയാണ്.കൊല്‍ക്കത്തയില്‍ നിന്നുള്ള താരത്തെയാണ് കോച്ചിംഗ് സ്റ്റാഫിലേക്ക് കൊണ്ടുവരാന്‍ പോകുന്നത്. എന്നാല്‍ ഇത് ഇന്ത്യക്കാരനല്ല. കെകെആറിന്റെ ഫീല്‍ഡിംഗ് കോച്ച് റയാന്‍ ടെന്‍ ഡൂഷറ്റെയാണ് ഗംഭീറിലേക്ക് കോച്ചിംഗ് സ്റ്റാഫിലേക്ക് എത്തുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് അദ്ദേഹത്തിന്റെ പേര് ഗംഭീര്‍ നിര്‍ദേശിച്ച് കഴിഞ്ഞു. റയാന്‍ ഗംഭീറിനൊപ്പം ടീമംഗമായും കോച്ചിംഗ് സ്റ്റാഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് ഇരുവരും തമ്മില്‍ ഫീല്‍ഡില്‍ മികച്ച ഇടപെടാന്‍ സാധിക്കും. എന്നാല്‍ തീരുമാനം ബിസിസിഐ ആയിരിക്കും എടുക്കുക. സാധാരണ ബിസിസിഐ കോച്ചിംഗ് സ്റ്റാഫിന്റെ കാര്യത്തില്‍ എതിര്‍പ്പ് അറിയിക്കാറില്ല.
എന്നാല്‍ മുന്‍ ഡച്ച് താരത്തെ ബിസിസിഐ റിക്രൂട്ട് ചെയ്യുമോ എന്നതാണ് സംശയം. ടി ദിലീപിനെ വീണ്ടും ഇന്ത്യയുടെ ഫീല്‍ഡിംഗ് കോച്ചാക്കിയാല്‍ റയാനായിരിക്കും അസിസ്റ്റന്റ് കോച്ച്. അഭിഷേക് നായരും സമാന റോളിലേക്കാണ് എത്തുന്നത്. നേരത്തെ റയാനെ ഒരുപാട് പ്രശംസിച്ചിരുന്നു സ്വാര്‍ത്ഥതയില്ലാത്ത താരമാണ് റയാനെന്നായിരുന്നു പ്രശംസ.
ടി20യില്‍ പുതിയ ക്യാപ്റ്റന്‍
രോഹിത് ശര്‍മ വിരമിച്ചതോടെ ഇന്ത്യക്ക് പുതിയ ടി20 ക്യാപ്റ്റനെ കണ്ടെത്തേണ്ടതുണ്ട്. ശുഭ്മാന്‍ ഗില്‍, റിതുരാജ് ഗെയ്ക്വാദ്, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയ പേരുകള്‍ എല്ലാം സജീവമായി പരിഗണനയിലുണ്ട്. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി നിയമിതനാവുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കെഎല്‍ രാഹുലും നയിക്കും. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഹര്‍ദിക്കിന് വിശ്രമം അനുവദിക്കില്ല. രോഹിത് ശര്‍മ ഇടവേളയില്‍ ആയതിനാലാണ് രാഹുല്‍ ടീമിനെ നയിക്കുക. ടി20 ലോകകപ്പില്‍ 144 റണ്‍സും 11 വിക്കറ്റുകളും പാണ്ഡ്യ എടുത്തിരുന്നു.
ബൗളിംഗ് കോച്ച് ആരാവും
ബൗളിംഗ് കോച്ചായി സഹീര്‍ ഖാനോ ലക്ഷ്മീപതി ബാലാജിയോ എത്താനുള്ള സാധ്യത ഏറെയാണ്. ഇരുവരെയും ബിസിസിഐ പരിഗണിക്കുന്നുണ്ട്. ഏകദിനത്തില്‍ ഇന്ത്യയുടെ മൂന്നാമത് വലിയ വിക്കറ്റ് വേട്ടക്കാരനാണ് സഹീര്‍. 92 മത്സരങ്ങളില്‍ നിന്ന് 311 ടെസ്റ്റ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 309 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 610 വിക്കറ്റും സഹീറിന്റെ പേരിലുണ്ട്.
ഏകദിനത്തില്‍ 34 വിക്കറ്റുകളും ടെസ്റ്റില്‍ 27 വിക്കറ്റുകളുമാണ് ബാലാജിക്കുള്ളത്. മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ച പരിചയം സഹീര്‍ ഖാനുണ്ട്. അതുപോലെ ബാലാജി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications