ഗംഭീറിന്റെ അടുത്ത നിര്‍ദേശം, ബൗളിംഗ് കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം? അവഗണിക്കാതെ ബിസിസിഐ
മുംബൈ: ഗൗതം ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റതിന് പിന്നാലെ ടീമില്‍ മാറ്റം തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഇന്ത്യ അവര്‍ പിന്തുടര്‍ന്ന് പോരുന്ന രീതി ഗംഭീറിനായി തിരുത്താന്‍ പോവുകയാണ്. ഇന്ത്യയുടെ ബൗളിംഗ് കോച്ചായി വിദേശ താരമെത്തുമെന്നാണ് റിപ്പോര്‍ട്ട്. പരസ് മഹാബ്രെയുടെ കാലാവധി നേരത്തെ തന്നെ അവസാനിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളറായ മോണെ മോര്‍ക്കല്‍ ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായേക്കും. അദ്ദേഹത്തെ നിലവില്‍ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ മോണെ മോര്‍ക്കലിനൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്തും ഗംഭീറിനുണ്ട്. ബിസിസിഐ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് റോളിലേക്ക് ഒരിക്കലും വിദേശ താരങ്ങളെ കൊണ്ടുവരാറില്ല.

നേരത്തെ ഫീല്‍ഡിംഗ് കോച്ച് സ്ഥാനത്തേക്ക് ജോണ്ടി റോണ്ട്‌സിനെ കൊണ്ടുവരാനുള്ള ഗംഭീറിന്റെ നീക്കത്തെ ബിസിസിഐ വെട്ടിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഗംഭീര്‍ ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് വിനയ് കുമാറിന്റെ പേര് നിര്‍ദേശിച്ചുവെന്നും ബിസിസിഐ അംഗീകരിച്ചിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ടീമിലെ നിയമനത്തിന്റെ കാര്യത്തില്‍ ഗംഭീറിന് മേധാവിത്തം നഷ്ടപ്പെടുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാല്‍ മോണി മോര്‍ക്കല്‍ വരുന്നതോടെ ഗംഭീര്‍ ടീമിലുള്ള ആധിപത്യം തിരിച്ചുപിടിച്ചേക്കും. ബിസിസിഐയോട് മോണി മോര്‍ക്കലിനെ ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ഗംഭീര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മോണെ ഇതിനോടകം ബിസിസിഐയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ലഖ്‌നൗവില്‍ രണ്ട് സീസണുകളില്‍ ഗംഭീര്‍ പരിശീലക സ്റ്റാഫിന്‍രെ ഭാഗമായിരുന്നു. ടീമിനെ ഫൈനലിലെത്തിക്കാനും ഗംഭീറിന് സാധിച്ചിരുന്നു. നേരത്തെ സഹീര്‍ ഖാന്‍, ലക്ഷ്മീപതി ബാലാജി എന്നിവരെയും ഈ റോളിലേക്ക് പരിഗണിച്ചിരുന്നു. മോര്‍ക്കല്‍ മാത്രമല്ല ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്ന താരമെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.
വിനയ് കുമാറിനെ അടക്കം പരിഗണിക്കുന്നുണ്ട്. അഭിഷേക് നായര്‍, റയാന്‍ ടെന്‍ ഡൂഷറ്റെ എന്നിവരുടെ പേരും കോച്ചിംഗ് സ്റ്റാഫിലേക്കായി ഗംഭീര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇരുവരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു. ഗംഭീറിന് ഇവരുമായി ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനും സാധിച്ചിരുന്നു. അടുത്ത ശ്രീലങ്കന്‍ പര്യടനം മുതലാണ് ഗംഭീര്‍ ചുമതലയേല്‍ക്കുക.
അതേസമയം സ്ഥാനമൊഴിഞ്ഞ ബൗളിംഗ് കോച്ച് പരസ് മഹാബ്രെ ടീമിലേക്ക് മുഹമ്മദ് ഷമിയെ തിരിച്ചുകൊണ്ടുവരുന്ന കാര്യമാണ് ഉന്നയിച്ചിരിക്കുന്നത്. നിലവില്‍ പരുക്കിന്റെ പിടിയിലാണ് അദ്ദേഹം. എപ്പോള്‍ മടങ്ങി വരുമെന്ന കാര്യവും പറയാനാവാത്ത അവസ്ഥയാണ്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ അടക്കം താരം അതുകൊണ്ട് മത്സരിച്ചിരുന്നില്ല.
അതേസമയം ഷമി ഇപ്പോഴും യുവാവ് അല്ലെന്ന് പറയുകയാണ് മഹാബ്രെ. താരത്തെ എങ്ങനെ ഉപയോഗിക്കാമെന്നും ഗംഭീറും ടീമും പരിശോധിക്കണം. ഏകദിനത്തിലും പ്രത്യേകിച്ച് ടെസ്റ്റിലും ഷമിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവും. വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഷമിയുടെ സേവനം ഏറ്റവും നിര്‍ണായകമായി മാറുമെന്നും മഹാബ്രെ പറഞ്ഞു.












Click it and Unblock the Notifications