ഹർദിക് പാണ്ഡ്യയുടെ ലോകകപ്പ് സാധ്യത ത്രിശങ്കുവിലോ? സിഗ്നൽ തന്ന് വെങ്കിടേഷ് പ്രസാദ്, കൂടെ ഒരു കുത്തും
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനേഴാം സീസൺ തുടങ്ങുന്നത് വരെ കാര്യങ്ങൾ ശാന്തമായിരുന്നു. ഇന്ന് ടൂർണമെന്റ് പാതിവഴിയിലേക്ക് അടുക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു വലിയ മലക്കംമറിച്ചിൽ തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി നായകനായിരിക്കും എന്ന് പ്രവചിച്ചിരുന്ന, അങ്ങനെ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു ഹർദിക് പാണ്ഡ്യ എന്ന യുവ താരത്തിന്റെ പതനത്തിനാണ് ഇന്ന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്.
ഒരു തിരിച്ചുവരവ് ഏത് നിമിഷവും നടത്താൻ കെൽപ്പുള്ള താരം തന്നെയാണ് ഹർദിക് പാണ്ഡ്യ. എന്നാൽ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന താരത്തിന്റെ ഇന്ത്യൻ ടീമിലെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീളുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദിന്റെ സമൂഹ മാധ്യമ പോസ്‌റ്റ്.

പരോക്ഷമായി പാണ്ഡ്യയെ കുത്തികൊണ്ടായിരുന്നു പ്രസാദിന്റെ കുറിപ്പ്. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ കുറിച്ചായിരുന്നു കുറിപ്പിൽ ഉണ്ടായിരുന്നത്. 'ഇന്ത്യയിലെ ഏറ്റവും മികച്ച 15 കളിക്കാർ ടി20 ലോകകപ്പിന് പുറപ്പെടുന്ന വിമാനത്തിലുണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു. നമ്മുടെ കഴിവുകൾ ഉപയോഗിച്ച് ടൂർണമെന്റ് വിജയിക്കാൻ കഴിയും, എന്നാൽ മികച്ചത് തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം' എന്നായിരുന്നു പോസ്‌റ്റിൽ കുറിച്ചത്.
എന്നാൽ ഈ പോസ്‌റ്റ് പോലും ഹർദിക് പാണ്ഡ്യയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് പലരും പറയുന്നത്. ഏറ്റവും ഒടുവിൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ചെന്നൈയോട് തോറ്റപ്പോഴും നിസഹായനായി പാണ്ഡ്യ നോക്കി നിന്നിരുന്നു. അവസാന ഓവർ എറിയാനെത്തിയ പാണ്ഡ്യയെ സിക്‌സറുകൾ കൊണ്ട് അഭിഷേകം ചെയ്‌തപ്പോൾ അവിടെ ഉയർന്നത് ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി നായകനെ കുറിച്ചുള്ള സംശയങ്ങളും, ചോദ്യങ്ങളും കൂടെയായിരുന്നു.
പ്രസാദ് മാത്രമല്ല, മുൻപും പല താരങ്ങളും പ്രത്യക്ഷമായും പരോക്ഷമായും പാണ്ഡ്യയുടെ കഴിവിനെ ചോദ്യം ചെയ്‌തിരുന്നു. മുൻ ന്യൂസിലാൻഡ് താരം സൈമൺ ഡൾ മികച്ച രീതിയിൽ പന്തെറിയുന്നില്ലെങ്കിൽ പാണ്ഡ്യയെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രസാദിന്റെ പരോക്ഷ വിമർശനം.
നേരത്തെ പാണ്ഡ്യയ്ക്ക് ആരാധക രോഷവും നേരിടേണ്ടി വന്നിരുന്നു. സ്‌റ്റേഡിയത്തിൽ കാണികൾ കളിയാക്കുന്ന തരത്തിലേക്ക് അത് വളരുകയും ചെയ്‌തു. മുംബൈ ഇന്ത്യൻസ് ഹോ ഗ്രൗണ്ടായ വാങ്കഡെയിലും ഹർദിക് പാണ്ഡ്യയ്ക്ക് രക്ഷയില്ല എന്നതായിരുന്നു കാഴ്‌ച. പാണ്ഡ്യ നായകനായി എത്തിയ ശേഷം ടീമിനും നല്ല കാലമല്ല.
വാങ്കഡെ സ്‌റ്റേഡിയത്തിൽ രോഹിത്, രോഹിത് വിളികളുമായായിരുന്നു ആരാധകർ പാണ്ഡ്യയെ വരവേറ്റത്. രണ്ട് സീസണുകൾക്ക് ശേഷം മുംബൈയിൽ തിരികെ എത്തിയ പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിച്ചതോടെയാണ് ഒരു വിഭാഗം ആരാധകർ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നത്. അതിനിടയിലാണ് പാണ്ഡ്യയുടെ മോശം ഫോമും സ്ഥിരത ഇല്ലായ്‌മയും കൂടി ചർച്ചയാവുന്നത്.












Click it and Unblock the Notifications