സഞ്ജു വീണെന്ന് കരുതിയോ? മൂന്നാം സെഞ്ച്വറി ഉറപ്പിച്ചത് ടീമിലെ സ്ഥാനം മാത്രമല്ല, ഒപ്പം ഈ റെക്കോർഡുകളും
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പര ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് പുതിയ പ്രതീക്ഷകൾ നൽകുന്നൊരു വിജയമാണ് എന്ന് പറയുന്നതിൽ തെറ്റില്ല. രണ്ട് യുവതാരങ്ങൾ സഞ്ജുവും തിലക് വർമ്മയും തങ്ങളുടെ മികവ് തെളിയിച്ച പാരമ്പരയ്‌ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. ദക്ഷിണാഫ്രിക്കയിലെ ബുദ്ധിമുട്ടേറിയ പിച്ചിൽ അടിച്ചുതകർത്ത സഞ്ജുവും തിലകും പല റെക്കോർഡുകളും കടപുഴക്കി എന്നതാണ് മറ്റൊരു പ്രത്യേകത.
നാലാം ടി20യിൽ ഇരുവരും സെഞ്ച്വറി നേടിയപ്പോൾ ഒരുപക്ഷേ ആശ്വാസമായത് ഗൗതം ഗംഭീറിന് തന്നെയായിരിക്കും. എന്നാൽ അതിനുമപ്പുറം സഞ്ജുവിന്റെ വീരോചിത പ്രകടനത്തിൽ ശരിക്കും ഏറ്റവും അധികം സന്തോഷിക്കുന്നത് അദ്ദേഹത്തിന്റെ ആരാധകരും മലയാളികളും തന്നെയാണ്. അതിന് കാരണം താരം നേടിയ റെക്കോർഡുകൾ കൂടിയാണെന്ന് നിസംശയം പറയാം.

ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഒരു മലയാളിയുടെ പേര് പലയിടത്തും എഴുതി ചേർക്കാൻ സഞ്ജു സാംസണ് സാധിച്ചു എന്നതാണ് ദക്ഷിണാഫ്രിക്കൻ പരമ്പര കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം. ബാറ്റിങ് മികവിൽ സമാനതകളില്ലാത്ത വിധം വിസ്ഫോടന ശൈലി പിന്തുടർന്ന സഞ്ജുവിനെ ഇതുപോലെ മുൻപൊരിക്കലും കണ്ടിട്ടില്ല എന്നതാണ് വാസ്‌തവം.
ഇനി ഒരുപക്ഷേ ടീം മാനേജ്‌മെന്റിന് സഞ്ജുവിന്റെ പേര് ഊട്ടിയുറപ്പിക്കേണ്ടി വരുമെന്ന് ഏകദേശം തീരുമാനമായി കഴിഞ്ഞു. തുടർച്ചയായ രണ്ട് സെഞ്ച്വറികൾക്ക് ശേഷം അതുപോലെ തന്നെ രണ്ട് കളികളിൽ സംപൂജ്യനായി മടങ്ങുക എന്ന നാണക്കേടായിരുന്നു ഇന്നലെ വൈകീട്ട് വരെ സഞ്ജുവിന് ഉണ്ടായിരുന്നത്. എന്നാൽ രാത്രി കഴിഞ്ഞ് പകൽ പുലർന്നപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ എണ്ണമറ്റ ചില റെക്കോർഡുകളുടെ കാവൽക്കാരനായാണ് സഞ്ജു ഉണർന്നത്.
സഞ്ജു സാംസൺ തകർത്തത് ഈ റെക്കോർഡുകൾ
ഇത്തവണ സഞ്ജു തകർത്തത് ഒരുപിടി ലോക റെക്കോർഡുകൾ കൂടിയാണ്. ഒരു കലണ്ടർ വർഷം മൂന്ന് ടി20 സെഞ്ച്വറികൾ നേടുന്ന ആദ്യ ബാറ്ററാണ് സഞ്ജു. മുൻപ് ഒരു താരത്തിനും ഈ നേട്ടത്തിലേക്ക് കാലെടുത്ത് വയ്ക്കാൻ കഴിഞ്ഞിട്ടില്ല. കൂടാതെ ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ടിന് ശേശം ഒരേ പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ കളിക്കാരൻ കൂടിയാണ് അദ്ദേഹം.
ഇതിന് പുറമേ ലോക ക്രിക്കറ്റിൽ ടി20 എണ്ണത്തിൽ മുൻപിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാളായും സഞ്ജു മാറി. ഈ കണക്കിലും ഫിൽ സാൾട്ട് സഞ്ജുവിന് മുന്നിലുണ്ട്. നിലവിൽ ഇന്ത്യൻ താരങ്ങളിൽ ഏറ്റവുമധികം ടി20 സെഞ്ച്വറികളുള്ള മൂന്നാമത്തെ ബാറ്ററാണ് അദ്ദേഹം. മുന്നിലുള്ളത് രോഹിത് ശർമ്മയും സൂര്യകുമാർ യാദവും മാത്രമാണ്.
ഇനി ടീമിൽ സ്ഥാനം ഉറപ്പിക്കാമോ?
പലപ്പോഴും ടീമിൽ സ്ഥിര സാന്നിധ്യമായി മാറാൻ കഴിയാതെ പോയതാണ് സഞ്ജുവിന് തിരിച്ചടിയായത്. ഒന്നോ രണ്ടോ മത്സരങ്ങളിലെ പരാജയം താരത്തെ മാറ്റി നിർത്തുന്നതിന് മുൻ മാനേജ്‌മെന്റിനെയും നായകന്മാരെയും നിർബന്ധിതരാക്കിയപ്പോൾ ഗൗതം ഗംഭീറും സൂര്യകുമാർ യാദവും സഞ്ജു സാംസന്റെ പ്രതിഭയിൽ വിശ്വാസം അർപ്പിച്ചു എന്നതാണ് പ്രധാന കാര്യം. അതുകൊണ്ട് തന്നെ ഇനി ടി20 ടീമിൽ സഞ്ജു ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.












Click it and Unblock the Notifications