ഗോവയെ പഞ്ഞിക്കിട്ട് സഞ്ജു; ഇംഗ്ലണ്ടിനെതിരെ ഓപ്പണർ സ്ഥാനം ഉറപ്പിച്ചോ? ഗിൽ വന്നാലും നോ ടെൻഷൻ, കാരണം
ഓസ്‌ട്രേലിയക്ക് എതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ മത്സരച്ചൂടിലാണ് നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം. ആഷസ് പോലെ തന്നെ സമീപ കാലത്ത് വലിയ സ്വീകാര്യത നേടിയ പോരാട്ടമായി ബിജിടി മാറിയിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചതോടെ പരമ്പരയിൽ മുന്നിലാണ് അവർ. എന്നാൽ അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പാരമ്പരയിലാണ് മലയാളികളുടെ മുഴുവൻ ശ്രദ്ധയും പതിഞ്ഞിരിക്കുന്നത്.
അതിന് കാരണം അടുത്ത കാലത്തായി മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ നടത്തിയ മികച്ച പ്രകടനങ്ങളാണ്. ടി20 ക്രിക്കറ്റിൽ ആരെയും അമ്പരപ്പിക്കുന്ന നിലയിലുള്ള ഫോമാണ് താരം പ്രകടിപ്പിക്കുന്നത്. തുടർച്ചയായ സെഞ്ച്വറികളുമായി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ തന്നെ വലിയ റെക്കോർഡുകളാണ് സഞ്ജു കടപുഴക്കിയത്. ഇതോടെ കുട്ടി ക്രിക്കറ്റിൽ സഞ്ജുവിന്റെ ഭാവി സുരക്ഷിതമാവും എന്നാണ് മലയാളികളുടെ വിശ്വാസം.

എന്നാൽ ഇപ്പോഴിതാ സഞ്ജു തന്റെ ടി20 ഓപ്പണർ സ്ഥാനത്തിന് കൂടുതൽ അവകാശവാദം ഉന്നയിക്കുകയാണ് സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലെ വെടിക്കെട്ട് പ്രകടനത്തിലൂടെ. ടൂർണമെന്റിലെ കറുത്ത കുതിരകളായി മാറിയിരിക്കുകയാണ് കേരളം ഇപ്പോൾ. കരുത്തരായ മുംബൈയെ അട്ടിമറിച്ചതിന് പിന്നാലെ ഗോവയെ കീഴടക്കി കേരളം മുന്നോട്ട് കുതിക്കുകയാണ്.
മത്സരത്തിൽ മികച്ച പ്രകടനമാണ് സഞ്ജു സാംസൺ നടത്തിയത്. മഴമൂലം ഓവർ വെട്ടിച്ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത കേരളം മികച്ച സ്‌കോർ തന്നെ നേടിയിരുന്നു. 13 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 143 റൺസാണ് അവർ നേടിയത്. സഞ്ജു വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. വെറും 15 പന്തുകളിൽ നിന്ന് താരം 31 റൺസ് നേടി.
ഒടുവിൽ വിജെഎസ് നിയമത്തിലൂടെ കേരളം ജയം പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ ആദ്യ മത്സരങ്ങളിൽ നിറം മങ്ങിയ സഞ്ജുവിന് ഇതൊരു പിടിവള്ളിയാകും. മികച്ച സ്ട്രൈക്ക് റെറ്റോടെ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്‌ത സഞ്ജു കേരളം ആഗ്രഹിച്ച തുടക്കമാണ് നൽകിയത്. ഇത് ജയത്തിൽ നിർണായകമായി.
ഇംഗ്ലണ്ട് പരമ്പരയിൽ ഓപ്പണർ സ്ഥാനം ഉറപ്പിച്ചോ?
തുടർച്ചയായ സെഞ്ച്വറികളുടെ കരുത്തിൽ ഇന്ത്യൻ ടി20 ടീമിൽ സഞ്ജു സ്ഥാനം ഉറപ്പിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഓപ്പണറായാണ് കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം താരം തിളങ്ങിയത്. അതിനാൽ തന്നെ വരുന്ന പരമ്പരയിലും സഞ്ജുവിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് മാനേജ്‌മെന്റ് പരിഗണിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മാത്രമല്ല പരിശീലകൻ ഗൗതം ഗംഭീറിനും നായകൻ സൂര്യകുമാർ യാദവിനും സഞ്ജുവിനോട് മതിപ്പുണ്ട്. ഇതും താരത്തിന് ഗുണകരമാവും. അതിനാൽ തന്നെ ഗിൽ ടീമിലേക്ക് മടങ്ങി വന്നാലും ഓപ്പണർ സ്ഥാനത്ത് തന്നെ സഞ്ജു തുടരുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഗില്ലിനെ വൺ ഡൗണായി പരീക്ഷിക്കുകയാവും ഗൗതം ഗംഭീർ ചെയ്യുക. ഋതുരാജ് ഗെയ്‌ക്ക്‌വാദ്, ഇഷാൻ കിഷൻ എന്നിവർ ടീമിൽ എത്തിയാൽ ഗിൽ പുറത്താവാനും സാധ്യതയുണ്ട്. എങ്കിൽ ഇവരിൽ ഒരാളാവും സഞ്ജുവിന്റെ ഓപ്പണിംഗ് പങ്കാളി.
ഇതോടെ സഞ്ജുവിനൊപ്പം ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഓപ്പൺ ചെയ്‌ത ഇടംകൈയൻ ബസ്റ്റർ അഭിഷേക് ശർമ്മയ്ക്ക് അവസരം നഷ്‌ടമാവും. നിതീഷ് കുമാർ റെഡ്‌ഡി അടക്കമുള്ള താരങ്ങളും പുറത്താകും എന്നാണ് കരുതപ്പെടുന്നത്. ഓസ്‌ട്രേലിയക്ക് എതിരായ ടെസ്‌റ്റ് പരമ്പരയിൽ കളിക്കുന്നതിനാൽ താരത്തിന് വിശ്രമം നൽകിയേക്കും.












Click it and Unblock the Notifications