'അവരുടെ കളി ഇവിടെ നടക്കില്ല...'; ഇന്ത്യൻ ബാറ്റർമാർ ദക്ഷിണാഫ്രിക്കയിൽ മുട്ടുമടക്കുമെന്ന് ഡുപ്ലെസി, കാരണം ഇത്...
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര അവസാനിച്ചു കഴിഞ്ഞു. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. ഇനി വരാനിരിക്കുന്നത് ടെസ്‌റ്റ് പരമ്പരയാണ്. എന്നാൽ ദക്ഷിണാഫ്രിക്കയിലെ ടെസ്‌റ്റ് പരമ്പര എന്ന് പറഞ്ഞാൽ ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ഒരുതരം അഗ്നിപരീക്ഷ തന്നെയാണ്.
കാരണം ഇന്ത്യ ഇതുവരെ ടെസ്‌റ്റ് പരമ്പര നേടാത്ത രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണാഫ്രിക്ക. പലപ്പോഴും അവസാന നിമിഷം പരമ്പര നഷ്‌ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്‌തിട്ടുണ്ട്. ടെസ്‌റ്റ് ക്രിക്കറ്റിന് ഏറ്റവും ബുദ്ധിമുട്ടേറിയ കണ്ടീഷൻസ് ഉള്ള ഇവിടുത്തെ പിച്ചുകൾ പലപ്പോഴും ഇന്ത്യൻ ബാറ്റർമാരെ വലയ്ക്കുന്നതാണ്.

ഇപ്പോഴിതാ ദക്ഷിഫ്രിക്കയിലെ ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനത്തെ പറ്റി സംസാരിക്കുകയാണ് മുൻ താരമായ ഫാഫ് ഡുപ്ലെസിസ്. ഇവിടുത്തെ സാഹചര്യങ്ങളിൽ ഇന്ത്യൻ ബാറ്റർമാർക്ക് കളിക്കാൻ ബുദ്ധിമുട്ടുള്ളത് എന്തുകൊണ്ടാണെന്നാണ് ഡു പ്ലെസിസ് വിശദീകരിക്കുന്നത്. സെഞ്ചൂറിയനിൽ ഇരുടീമുകളും തമ്മിലുള്ള ആദ്യ ടെസ്‌റ്റ് മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഡു പ്ലെസിസ്.
ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ബൗൺസ് ആണ് ഇന്ത്യയ്ക്ക് വെല്ലുവിളി ആവുകയെന്നാണ് താരം പറയുന്നത്. "ബൗൺസാണ് പ്രശ്‌നം. ഇന്ത്യയിൽ അവർ സാധാരണയായി അഭിമുഖീകരിക്കുന്നതിനെ അപേക്ഷിച്ച് ഇവിടെ അധിക ബൗൺസ് ഉണ്ട്. അവർ അവിടെ പന്ത് ഉയർന്നാൽ അടിച്ചുകളിക്കുന്ന പതിവുണ്ട്, എന്നാൽ ഇവിടെ സ്ഥിതി അതല്ല. ദക്ഷിണാഫ്രിക്കയിൽ മികച്ച പ്രകടനം കാഴ്‌ചവെക്കാനുള്ള വഴി പന്ത് ലിവ് ചെയ്യുകയും ദീർഘനേരം ക്രീസിൽ തുടരുകയും ചെയ്യുക എന്നതാണ്, "ഫാഫ് ഡു പ്ലെസിസ് ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
മാത്രമല്ല ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങൾ നന്നായി മനസിലാക്കണമെന്നും, എന്നാൽ മാത്രമേ വിജയം കൈവരിക്കാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഇവിടെ കളിക്കുമ്പോൾ നല്ല ക്ഷമ വേണമെന്നും, കൃത്യമായി ആസൂത്രണം ചെയ്യണമെന്നും ഡു പ്ലെസി പറഞ്ഞു.
അതേസമയം, ഇന്ത്യ പ്രതീക്ഷയിലാണ്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുമ്ര എന്നിവർ ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായി ടീമിൽ തിരിച്ചെത്തുന്നത് ഈ പാരമ്പരയിലാണ്. എന്നാൽ ഫിറ്റ്നസ് പ്രശ്‌നങ്ങൾ മൂലം മുഹമ്മദ് ഷമി ടീമിൽ ഉൾപ്പെട്ടിട്ടില്ല. എങ്കിലും ദക്ഷിണാഫ്രിക്കയിൽ പരമ്പര വിജയം നേടി ചരിത്രം കുറിക്കാമെന്ന പ്രതീക്ഷയിലാണ് രോഹിതും കൂട്ടരും.












Click it and Unblock the Notifications