ഓസീസിനെ കണ്ടംവഴി ഓടിച്ച് ഇന്ത്യ; അഞ്ചാം ടി20യിൽ ജയമൊരുക്കിയത് ബൗളർമാർ...
ബെംഗളൂരു: ഓസ്‌ട്രേലിയക്ക് എതിരായ അഞ്ചാം ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ചെറിയ സ്‌കോർ ത്രില്ലറിൽ ആറ് റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് അവസാന ഓവർ വരെ പൊരുതിയെങ്കിലും അതിന് ഫലമുണ്ടായില്ല. ഇന്ത്യയ്ക്ക് വേണ്ടി മുകേഷ് കുമാർ മൂന്ന് വിക്കറ്റും, സ്‌പിന്നർ രവി ബിഷ്ണോയ് രണ്ട് വിക്കറ്റും വീഴ്‌ത്തി.
അവസാന ഓവറിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ അർഷദീപിന്റെ ബൗളിംഗും ജയത്തിൽ നിർണായകമായി. അവസാന ഓവറിൽ ഓസീസ് താരം മാത്യു വേഡിന്റെ വിക്കറ്റെടുത്താണ് താരം ഇന്ത്യയ്ക്ക് ജയം നേടി തന്നത്. അതുവരെ ജയപ്രതീക്ഷ ഉണ്ടായിരുന്ന ഓസീസ് ഇതോടെ ലക്ഷ്യത്തിൽ നിന്ന് ആറ് റൺസ് അകലെ 154 റൺസിൽ ഒതുങ്ങുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ ഓസീസിന്റെ തുടക്കം മോശമായിരുന്നു. കുറഞ്ഞ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്നതിന്റെ ആലസ്യം അവരിൽ പ്രകടമായിരുന്നു. എന്നാൽ ഏഴാം ഓവർ ആവുമ്പോഴേക്ക് മൂന്ന് വിക്കറ്റുകൾ നഷ്‌ടമായതോടെ അവർ അപകടം മണത്തു. ബെന്‍ മക്‌ഡെമോര്‍ട്ട് ഓസീസിന് വേണ്ടി അർധ സെഞ്ചുറി നേടിയെങ്കിലും മത്സരം വരുതിയിലാക്കാനായില്ല. ട്രാവിസ് ഹെഡ് പൊരുതിയെങ്കിലും അതിനും ഫലമുണ്ടായില്ല.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക് കാര്യങ്ങൾ അത്ര പന്തിയായിരുന്നില്ല തുടക്കത്തിൽ. സ്‌കോര്‍ 30 കടന്നപ്പോഴേക്കും തന്നെ ഇന്ത്യക്ക് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (21), റുതുരാജ് ഗെയ്കവാദ് (10) എന്നിവരെ നഷ്‌ടമായിരുന്നു. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് വീണ്ടും നിരാശപ്പെടുത്തി, താരത്തിനും രണ്ടക്കം കടക്കാനായില്ല. പിന്നീട് ശ്രേയസ് അയ്യറാണ് ടീമിനെ മുന്നോട്ട് നയിച്ചത്. അക്‌സർ പട്ടേലും ഒത്തചേർന്നതോടെ ഭേദപ്പെട്ട സ്‌കോറിൽ എത്തുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യർ അർധ സെഞ്ചുറി നേടി. അക്‌സർ പട്ടേൽ ശ്രേയസിന് പിന്തുണ നൽകി. 31 റൺസെടുത്ത താരത്തിന്റെ പ്രകടനവും ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി. 53 റൺസെടുത്ത ശ്രേയസ് അയ്യറിന്റെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോർ നേടിത്തന്നത്.
ബെംഗളുരുവിലെ പിച്ചിൽ 160 റൺസ് പ്രതിരോധിക്കാവുന്ന സ്‌കോർ ആയിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ബെന്‍ ഡാര്‍ഷ്വിസ് എന്നിവര്‍ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ഇന്ത്യൻ നിരയിൽ മറ്റാർക്കും വലിയ സ്‌കോർ നേടാനായില്ല. നേരത്തെ തന്നെ പരമ്പര നേടിയതിനാൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് കളത്തിൽ ഇറങ്ങിയത്. ദീപക് ചഹാറിന് പകരം അർഷദീപ് സിംഗ് മടങ്ങിയെത്തിയതായിരുന്നു ഈ മാറ്റം.












Click it and Unblock the Notifications