ഇന്ത്യക്ക് കഴിവുണ്ട്, ഉപയോഗിക്കാനറിയില്ല, ഒന്നിലും വിജയിക്കില്ല: ലോകകപ്പില്‍ പോലും തോറ്റെന്ന് വോണ്‍
സിഡ്‌നി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിനെ കനത്ത ഭാഷയില്‍ വിമര്‍ശിച്ച് മൈക്കിള്‍ വോണ്‍. ഇന്ത്യയാണ് ലോക ക്രിക്കറ്റില്‍ അണ്ടര്‍ അച്ചീവേഴ്‌സെന്നായിരുന്നു വോനിന്റെ പരിഹാസം. എത്രയൊക്കെ കഴിവുണ്ടായിട്ടും അവര്‍ യാതൊരു നേട്ടവും ഇല്ലാത്തവരാണെന്ന് വോണ്‍ പറയുന്നു.
ഇന്ത്യയുടെ കഴിവും പ്രകടനവും കാണുമ്പോള്‍ അവരാണെന്ന് അണ്ടര്‍ അച്ചീവേഴ്‌സ് എന്ന് ചോദിച്ച് പോവുകയാണെന്ന് വോണ്‍ പറയുന്നു. ലോകക്രിക്കറ്റില്‍ തന്നെ കഴിവിന്റെ നാലിലൊന്ന് പോലും നേട്ടങ്ങള്‍ ഇല്ലാത്ത ടീമാണ് ഇന്ത്യ. അവര്‍ യാതൊന്നിലും വിജയിക്കില്ലെന്നും വോണ്‍ വിമര്‍ശിച്ചു. ലോകകപ്പിലെ തോല്‍വി അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു വോണ്‍ വിമര്‍ശനം ഉന്നയിച്ചത്.

ഇന്ത്യ അവസാനം എന്തെങ്കിലുമൊരു കിരീടം നേടിയത് എപ്പോഴാണെന്ന് വോണ്‍ ചോദിക്കുന്നു. ഇത്രയും കഴിവും, കളി മികവും ഉള്ളവരാണ് ഇന്ത്യ. അവര്‍ ഓസ്‌ട്രേലിയയില്‍ രണ്ട് തവണ വിജയിച്ചു. എന്നാല്‍ അവസാന കുറച്ച് ലോകകപ്പുകള്‍ നോക്കൂ. അവര്‍ എവിടെയുമില്ല. ടി20 ലോകകപ്പുകളുടെ കാര്യമെടുക്കൂ. അവര്‍ അവിടെയും ഒന്നുമല്ലെന്നും മൈക്കിള്‍ വോണ്‍ പറഞ്ഞു.
2023ല്‍ ഇന്ത്യയെ സംബന്ധിച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍ വലിയ നിരാശയായിരുന്നു ഫലം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം തവണയും ഇന്ത്യ പരാജയപ്പെട്ടു. അതുപോലെ ഏകദിന ലോകകപ്പിന്റെ ഫൈനലിലും തോല്‍ക്കുകയായിരുന്നു ടീം ഇന്ത്യ. ഇതോടെ ഐസിസി ട്രോഫികളില്‍ കാലിടറുന്ന ടീമെന്ന വിളിപ്പേരും ശക്തമായിരിക്കുകയാണ്.
2011ലാണ് 50 ഓവര്‍ ലോകകപ്പ് ഇന്ത്യ അവസാനമായി നേടിയത്. അതിന് ശേഷം ഫൈനലിലെത്തുന്നത് തന്നെ 2023ലാണ്. അതുപോലെ 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ശേഷം ഇന്ത്യ ഐസിസി കിരീടങ്ങളൊന്നും നേടിയിട്ടില്ല. 2023ല്‍ ഏഷ്യ കപ്പില്‍ കിരീടം നേടാന്‍ സാധിച്ചത് മാത്രമാണ് ഇന്ത്യക്ക് നേട്ടമായിട്ടുള്ളത്. ദക്ഷിണാഫ്രിക്ക ടെസ്റ്റില്‍ മികച്ച ടീമാണ്.
അവരോട് ഇത്തരത്തിലുള്ള പ്രകടനമാണ് ഇന്ത്യ നടത്തിയത്. ഇന്ത്യക്ക് ഇത്രയും ടാലന്റും, അതുപോലെ ധാരാളം എല്ലാ വിധ സൗകര്യങ്ങളും ഉണ്ട്. എന്നിട്ടും അവര്‍ ഒന്നും വിജയിക്കില്ലെന്നും വോണ്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വി അതാണ് സൂചിപ്പിക്കുന്നതെന്നും വോണ്‍ വ്യക്തമാക്കി.
അതേസമയം ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍ക്കുന്നത് വരെ ഇന്ത്യയായിരുന്നു ബെസ്റ്റ് ടീം എന്ന് ഷോയിലെ അവതാരകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ രൂക്ഷമായിട്ടായിരുന്നു വോണ്‍ പരിഹസിച്ചത്. അവിടെ പോലും ഇന്ത്യക്ക് വിജയിക്കാനായില്ലെന്നായിരുന്നു വോണിന്റെ പരിഹാസം.
അതേസമയം വോണിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ഏകദിന പരമ്പര നേരത്തെ വിജയിച്ചിരുന്നു. ഇന്ത്യ ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ജനുവരി 25ന് ആരംഭിക്കും.












Click it and Unblock the Notifications