മഹാ അബദ്ധം, കോലി അവിടെ കളിക്കാന്‍ പാടില്ല; ബാറ്റിംഗ് ഓര്‍ഡറില്‍ മുന്നറിയിപ്പുമായി മുന്‍ പാക് താരം
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് ലൈനപ്പ് ആകെ താളം തെറ്റി കിടക്കുകയാണെന്ന് മുന്‍ പാകിസ്താന്‍ താരം കമ്രാന്‍ അക്മല്‍. പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യ ഇത് പരിഹരിച്ചില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളുണ്ടാവുമെന്ന് കമ്രാന്‍ മുന്നറിയിപ്പ് നല്‍കുന്നു. അയര്‍ലന്‍ഡിനെതിരെ ഇന്ത്യ വിരാട് കോലിയെ ഓപ്പണിംഗില്‍ പരീക്ഷിച്ചത് വന്‍ അബദ്ധമായി എന്നും താരം പറയുന്നു.
നേരത്തെ ആദ്യ മത്സരത്തില്‍ യശസ്വി ജെയ്‌സ്വാളിനെ പുറത്തിരുത്തിയ ഇന്ത്യ കോലിയെ ഓപ്പണറാക്കിയിരുന്നു. ഈ തീരുമാനം വന്‍ പരാജയമായിരുന്നു. കോലി ഒരു റണ്‍സിനാണ് പുറത്തായത്. മത്സരത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും കോലി നിറം മങ്ങിയത് തിരിച്ചടിയായിരുന്നു.

ഇന്ത്യയുടെ കിരീട നേട്ട പ്രതീക്ഷകള്‍ എല്ലാം കോലിയുടെ ഫോമിനെ ആശ്രയിച്ചാണ് ഉള്ളത്. ടി20 ലോകകപ്പില്‍ അടക്കം ഏറ്റവും മികച്ച ശരാശരിയാണ് കോലിക്കുള്ളത്. അത്തരമൊരു ബാറ്റ്‌സ്മാന്‍ വേഗം പുറത്താവാന്‍ കാരണം മൂന്നില്‍ നിന്ന് ഒന്നിലേക്ക് മാറ്റിയതാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അതേസമയം ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഓപ്പണിംഗ് സ്ഥാനം മാറ്റില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
കോലി തന്നെ പാകിസ്താനെതിരെയും കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കോലിയും രോഹിത് ശര്‍മയും തന്നെ ഓപ്പണിംഗില്‍ കളിക്കും. മൂന്നാമനായി റിഷഭ് പന്തും നാലാമത് സൂര്യകുമാര്‍ യാദവും കളിക്കും. പാകിസ്താനെതിരെ ഇതേ ലൈനപ്പില്‍ തന്നെയായിരിക്കും ടീം കളിക്കുക. അതേസമയം ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ അപകടമാണെന്നും ലൈനപ്പ് തെറ്റാണെന്ന് അക്മല്‍ മുന്നറിയിപ്പ് നല്‍കി.
കോലി ഓപ്പണിംഗില്‍ ഇറങ്ങുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. കോലി മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യേണ്ടത്. കളിയെ അവസാന ഓവര്‍ വരെ കൊണ്ടുപോകാന്‍ ആ പൊസിഷനില്‍ കോലിക്ക് സാധിക്കും. ബാക്കിയുള്ളവര്‍ക്ക് അദ്ദേഹത്തിനൊപ്പം നല്ല രീതിയില്‍ ബാറ്റ് ചെയ്യാനുമാവും. ഇപ്പോഴുള്ള ബാറ്റിംഗ് ഓര്‍ഡര്‍ കറക്ടറാണെന്ന് ഞാന്‍ കരുതുന്നില്ല. മൂന്നാം നമ്പറിന്റെ സമ്മര്‍ദം താങ്ങാന്‍ കോലിക്ക് സാധിക്കും.
അതുപോലെ കളി ഫിനിഷ് ചെയ്യാനും സാധിക്കും. ടീം ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം അതാണ്. യശസ്വി ജെയ്‌സ്വാളാണ് ഓപ്പണിംഗില്‍ കളിക്കേണ്ടത്. കോലി ഓപ്പണിംഗില്‍ തീര്‍ച്ചയായും ഒരു ഘട്ടം കഴിയുമ്പോള്‍പ്രതിസന്ധി വരാന്‍ സാധ്യതയുണ്ട്. ഫിനിഷറില്ലാത്ത അവസരമുണ്ടാവും. കോലിയെ ഓപ്പണ്‍ ചെയ്യിച്ചതിലൂടെ വലിയ അബദ്ധമാണ് ഇന്ത്യന്‍ ടീം കാണിച്ചതെന്നും അക്മല്‍ പറഞ്ഞു.












Click it and Unblock the Notifications