ഇന്ത്യയുടെ ജാവലിന്‍ ഹീറോ, നീരജ് ചോപ്രയുടെ ആസ്തി ഇത്ര; പ്രതിഫലമായി ലഭിക്കുന്നത് എത്രയെന്നറിയുമോ?
പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായിരിക്കുകയാണ് നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് നീരജ് മെഡല്‍ നേടുന്നത്. ഇത്തവണ വെള്ളിയാണ് താരത്തിന് ലഭിച്ചത്. 89.45 മീറ്ററായിരുന്നു നീരജ് ചോപ്രയുടെ ത്രോ. താരത്തിന്റെ കരിയറിലെ മികച്ച ത്രോകളിലൊന്നും, അതുപോലെ പ്രകടനങ്ങളിലൊന്നുമായിരുന്നു പാരീസില്‍ കണ്ടത്.
ഇത്രയൊക്കെ നേട്ടങ്ങളുണ്ടെങ്കിലും കഠിനമായ പരിശീലനമാണ് താരം നടത്തുന്നത്. പക്ഷേ താരത്തെ ഫിറ്റ്‌നെസ് പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. പരുക്കുമായിട്ടാണ് താരം ഇത്തവണ മത്സരിച്ചത്. കരിയറിലെ വലിയ വെല്ലുവിളികളെല്ലാം താരം ഓരോ ഘട്ടത്തിലും മറികടന്ന് കൊണ്ടിരിക്കുകയാണ്.

നീരജ് ചോപ്ര ഇന്ത്യന്‍ കായിക മേഖലയിലെ പുതിയ സൂപ്പര്‍ താരമാണ്. അതുകൊണ്ട് താരത്തിന്റെ ജീവിതവും ആഡംബരത്തിലാണ്. 4.5 മില്യണിന്റെ ആസ്തിയാണ് താരത്തിനുള്ളത്. ഏകദേശം 37 കോടിയോളം വരുമിത്. അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നടക്കം ലഭിക്കുന്ന വരുമാനം ഇതില്‍ വരും. അതുപോലെ ഇന്ത്യന്‍ സൈന്യത്തിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് നീരജ്. അതില്‍ നിന്നും വരുമാനം താരത്തിന് ലഭിക്കുന്നുണ്ട്.
മാസത്തില്‍ മുപ്പത് ലക്ഷം രൂപയാണ് നീരജിന് വരുമാനമായി ലഭിക്കുന്നത്. വര്‍ഷത്തില്‍ ഇത് നാല് കോടി രൂപയാണ്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമാണ് താരം പുറത്തെടുത്തത്. അതുകൊണ്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്നടക്കം താരത്തിന് പാരിതോഷികങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്.
അതേസമയം വെള്ളി നേടിയെങ്കിലും നീരജ് ചോപ്ര പ്രകടനത്തില്‍ ഒട്ടും തൃപ്തനായിരുന്നില്ല. തന്റെ പ്രകടനം പൂര്‍ണമായ രീതിയിലേക്ക് എത്തിയില്ലെന്നാണ് താരം പറഞ്ഞത്. നിരന്തരമുള്ള പരുക്കുകള്‍ തന്റെ മുന്നൊരുക്കങ്ങളെ ബാധിച്ചുവെന്ന് നീരജ് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷം ഒട്ടും സുഖകരമായിരുന്നില്ല.
പരുക്കുകള്‍ അലട്ടിയിരുന്നു. ഒരുപാട് കഠിനാധ്വാനം ചെയ്തിരുന്നു. പരുക്കേല്‍ക്കാതെ ഇരിക്കുകയാണ് ചെയ്യേണ്ട കാര്യം. അര്‍ഷാദ് നദീം നന്നായി ത്രോ ചെയ്തു. അദ്ദേഹത്തിനെയും രാജ്യത്തെയും അഭിനന്ദിക്കുന്നതായും ചോപ്ര പറഞ്ഞു.
2020ലെ ടോക്യോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ നേട്ടത്തിന് പിന്നാലെ 13 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും നീരജ് ചോപ്രയ്ക്ക് ലഭിക്കും. ആനന്ദ് മഹീന്ദ്ര താരത്തിന് കാര്‍ സമ്മാനമായി നല്‍കിയിരുന്നു. നൈക്കി, ഒമേഗ, ഗാറ്ററേഡ്, അണ്ടര്‍ ആര്‍മര്‍, പോലുള്ള ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ നിന്നും താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്. ഹരിയാനയിലെ പാനിപ്പത്തില്‍ നിന്ന് 16 കിലോമീറ്റര്‍ സഞ്ചരിച്ചാലെത്തുന്ന ഖാന്ത്രയിലാണ് നീരജ് താമസിക്കുന്നത്.
ഇവിടെ മൂന്ന് നില ബംഗ്ലാവ് തന്നെ നീരജിന് സ്വന്തമായിട്ടുണ്ടെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലൊരു മുറിയിലാണ് ഇതുവരെയുള്ള മെഡല്‍ നേട്ടങ്ങളെല്ലാം ശേഖരിച്ച് വെച്ചിരിക്കുന്നത്. ഫോര്‍ഡ് മസ്റ്റാങ്, ടൊയോട്ട ഫോര്‍ച്യൂണര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എന്നിവ താരത്തിന്റെ കാര്‍ ശേഖരത്തിലുണ്ട്. നീരജിന്റെ ബൈക്ക് ശേഖരത്തില്‍ ഹാര്‍ലി ഡേവിഡ്‌സന്‍ 1200, ബജാജ് പള്‍സര്‍ 220 എഫ് എന്നിവയാണ് ഉള്ളത്.












Click it and Unblock the Notifications