Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്‍: പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് 48 റണ്‍സ് ജയം.... നിറഞ്ഞാടി ഹിറ്റ്മാന്‍!!

ദുബായ്: ഐപിഎല്ലിലെ നിര്‍ണായകമായ മത്സരത്തില്‍ പഞ്ചാബിനെ 48 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സ്‌കോര്‍ പിന്തുടരുന്ന ഒരു ഘട്ടത്തില്‍ പോലും മുംബൈക്ക് വെല്ലുവിളിയുയര്‍ത്താന്‍ പഞ്ചാബിന് സാധിച്ചില്ല. ലോകേഷ് രാഹുല്‍-മായങ്ക് അഗര്‍വാള്‍ സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 38 റണ്‍സ് ചേര്‍ത്തു. മായങ്കിനെ മനോഹരമായ പന്തില്‍ ബുംറ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. കരുണ്‍ നായര്‍ ഒരിക്കല്‍ കൂടി പരാജയമായി. രാഹുല്‍ 19 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായി.

1

മെല്ലെ തുടങ്ങി അവസാനം കത്തിക്കയറാറുള്ള രാഹുലിന്റെ സ്ഥിരം ശൈലി ഈ മത്സരത്തില്‍ വന്‍ തിരിച്ചടി. തുടക്കത്തില്‍ തന്നെ താരം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കാതിരുന്നതും വലിയ പ്രതിസന്ധിയിലേക്കാണ് ടീമിനെ നയിച്ചത്. ക്യാപ്റ്റന്‍സിയിലും രാഹുല്‍ വളരെ മോശം പ്രകടനമാണ് കാഴ്ച്ച വെച്ചത്. അവസാന ഓവറില്‍ സ്പിന്നറെ കൊണ്ട് എറിയിച്ചത് അടക്കം വീഴ്ച്ചയായിരുന്നു. പഞ്ചാബ് നിരയില്‍ നിക്കോളാസ് പൂരാന്‍ മാത്രമാണ് തിളങ്ങിയത്. 27 പന്തില്‍ 44 റണ്‍സെടുത്തു പൂരാന്‍. രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയും അടിച്ചു. മുംബൈ നിരയില്‍ നാലോവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയും 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത രാഹുല്‍ ചഹാറും മികച്ച പ്രകടനം നടത്തി. പാറ്റിന്‍സണും രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ മോശം തുടക്കമാണ് മുംബൈ ലഭിച്ചത്. ഷെല്‍ഡണ്‍ കോട്രെല്‍ ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡികോക്കിനെ ക്ലീന്‍ ബൗള്‍ഡാക്കി. അധികം വൈകാതെ തന്നെ സൂര്യകുമാര്‍ യാദവ് റണ്ണൗട്ടായി. നല്ലൊരു ത്രോയില്‍ മുഹമ്മദ് ഷമിയാണ് താരത്തെ പുറത്താക്കിയത്. എന്നാല്‍ ഒരറ്റത്ത് ഉറച്ച് നിന്ന രോഹിത് ശര്‍മയാണ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്. 45 പന്തില്‍ 70 റണ്‍സാണ് രോഹിത് അടിച്ചത്. മുംബൈയുടെ ഇന്നിംഗ്‌സിന് താങ്ങായത് രോഹിത്തിന്റെ പ്രകടനമാണ്. എട്ട് ഫോറും മൂന്ന് സിക്‌സറും താരം അടിച്ചു.

രോഹിത്ത് പുറത്തായ ശേഷം കത്തിക്കയറിയ കിരോണ്‍ പൊള്ളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് കൂറ്റന്‍ സ്‌കോര്‍ മുംബൈക്ക് സമ്മാനിച്ചത്. പൊള്ളാര്‍ഡ് 20 പന്തില്‍ 47 റണ്‍സടിച്ചു. നാല് സിക്‌സറും മൂന്ന് ബൗണ്ടറിയും താരം പറത്തി. ഹര്‍ദിക് പാണ്ഡ്യ 11 പന്തില്‍ 30 റണ്‍സടിച്ച് കരുത്ത് കാണിച്ചു. മൂന്ന് ഫോറും രണ്ട് സിക്‌സറും താരം അടിച്ചു. മത്സരത്തില്‍ ഉണ്ടായിരുന്ന മുന്‍തൂക്കം ഒരിക്കല്‍ കൂടി അവസാന അഞ്ചോവറില്‍ രാഹുല്‍ നഷ്ടപ്പെടുത്തുന്നതാണ് കണ്ടത്. 67 റണ്‍സാണ് അവസാന 23 പന്തില്‍ പൊള്ളാര്‍ഡും ഹര്‍ദിക്കും ചേര്‍ന്ന് അടിച്ചത്. നാലോവറില്‍ 20 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത കോട്രെല്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+