IPL 2023: ധോണിയും സഞ്ജുവും നേര്‍ക്കുനേര്‍; റണ്ണൊഴുകില്ല, സ്പിന്നര്‍മാര്‍ വാഴും... സാധ്യതകള്‍ ഇങ്ങനെ
ഐപിഎല്ലില്‍ ഇന്നത്തെ മത്സരം എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്സും സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും തമ്മില്‍. മൂന്ന് കളിയില്‍ നിന്ന് രണ്ട് വീതം ജയങ്ങളുള്ള ഇരുടീമും തങ്ങളുടെ നാലാമത്തെ മത്സരത്തിനാണ് ഇറങ്ങുന്നത്. നിലവില്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് ജയിച്ചാല്‍ ഒന്നാം സ്ഥാനത്തേക്ക് എത്താം.
ചെന്നൈ സൂപ്പര്‍കിംഗ്സ് ആകട്ടെ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. നല്ല റണ്‍റേറ്റില്‍ ജയിച്ചാല്‍ ഒന്നാമതോ രണ്ടാമതോ ആയി പോയന്റ് പട്ടികയില്‍ എത്താന്‍ ചെന്നൈയ്ക്കും അവസരം ഉണ്ട്. ആദ്യ കളിയില്‍ തോറ്റ് തുടങ്ങിയ ചെന്നൈ അവസാനത്തെ രണ്ട് കളിയിലും ജയം സ്വന്തമാക്കുകയായിരുന്നു. ഇരുടീമിലും വിക്കറ്റ് കീപ്പര്‍മാര്‍ കൂടിയായ ക്യാപ്റ്റന്‍മാര്‍ തന്നെയാണ് ശ്രദ്ധാകേന്ദ്രം.

ഇതോടൊപ്പം ഇരുടീമിനും മലയാളി ആരാധകരും ഏറെയാണ് എന്നതാണ് കൗതുകം. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വെച്ചാണ് ചെന്നൈ സൂപ്പര്‍കിംഗ്സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടുന്നത്. നാല് തവണ കിരിടീം നേടിയ ചെന്നൈ സൂപ്പര്‍കിംഗ്സും പ്രഥമ ഐപിഎല്‍ ചാമ്പ്യന്‍മാരും കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പുമായ രാജസ്ഥാന്‍ റോയല്‍സും പരസ്പരം ഏറ്റുമുട്ടിയപ്പോഴെല്ലാം തീപാറുന്ന പോരാട്ടമാണ് നടന്നിട്ടുള്ളത്.
ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ നേടിയ വിജയത്തിന്റെ പകിട്ടുമായാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഇറങ്ങുന്നത്. ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ വരവ്. ഇതുവരെ 26 തവണ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ 15 തവണയും ചെന്നൈയ്ക്കൊപ്പമായിരുന്നു വിജയം. രാജസ്ഥാന്‍ 11 തവണയും വിജയിച്ചു.
അതേസമയം അവസാനം ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ നാലിലും രാജസ്ഥാന്‍ ആണ് ജയിച്ചത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലെ വിക്കറ്റ് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണ് എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ ഇരുടീമിലേയും സ്പിന്നര്‍മാരുടെ ബലപരീക്ഷണമാകും ഇന്നത്തെ മത്സരം. ചെന്നൈ നിരയില്‍ രവീന്ദ്ര ജഡേജയും മൊയിന്‍ അലിയുമാണ് സ്പിന്നര്‍മാരായുള്ളത്.
Tips for Typing Speed: ചറാപറാന്ന് വേഗത്തില്‍ ടൈപ്പ് ചെയ്യണോ.. ഇതാ ചില ട്രിക്കുകള്‍
മറുവശത്ത് യുസ്വേന്ദ്ര ചാഹലും അശ്വിനുമാണ് സഞ്ജുവിന്റെ കരുത്ത്. 160 നും 180 നും ഇടയിലുള്ള ഏത് സ്‌കോറും ഭേദപ്പെട്ട ടോട്ടല്‍ ആകും എന്നാണ് കണക്കുകൂട്ടല്‍. ടോസ് നേടുന്ന ടീം ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തേക്കാനാണ് സാധ്യത. ബാറ്റിംഗില്‍ റിതുരാജ്, രഹാനെ, റായിഡു, ധോണി എന്നിവരാണ് ടീമിന്റെ കരുത്ത്. റിതുരാജ് ഓറഞ്ച് ക്യാപ് മത്സരത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുണ്ട്.
മറുവശത്ത് ബാറ്റിംഗില്‍ രാജസ്ഥാന്‍ ചെന്നൈയേക്കാള്‍ കരുത്തരാണ്. ഓപ്പണര്‍മാരായ ജോസ് ബട്ട്‌ലറും യശസ്വി ജയ്‌സ്വാളും തകര്‍പ്പന്‍ ഫോമിലാണ്. സഞ്ജു സാംസണും റണ്‍ കണ്ടെത്തുന്നുണ്ട്. കൂറ്റനടിക്ക് റിയാന്‍ പരാഗ്, ഷിമ്‌റോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരും ഉണ്ട്. ഫീല്‍ഡിംഗിലും കഴിഞ്ഞ മൂന്ന് മത്സരത്തിലും അസാധ്യ പ്രകടനമാണ് രാജസ്ഥാന്‍ കാഴ്ചവെച്ചത്.
ചെന്നൈ സൂപ്പര്‍ കിംഗ്സ് സാധ്യതാ ഇലവന്‍: ഡെവണ്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, മൊയിന്‍ അലി, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, മഹേന്ദ്ര സിംഗ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാന്റ്‌നര്‍, മഹേഷ് തീക്ഷണ, രാജ്വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍, തുഷാര്‍ ദേശ്പാണ്ഡെ
രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: ജോസ് ബട്ട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ ( ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍ ), റിയാന്‍ പരാഗ്, ഷിമ്‌റോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂറല്‍, രവിചന്ദ്രന്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചാഹല്‍












Click it and Unblock the Notifications