IPL 2023: ഇതെന്ത് മറിമായം..!! ഡല്‍ഹിക്ക് ഇനിയും പ്ലേ ഓഫിലെത്താം, സാധ്യതകള്‍ ഇങ്ങനെ
ഐപിഎല്‍ 2023 സീസണ്‍ ഓരോ ദിവസം കഴിയുന്തോറും ആവേശത്തിന്റെ കൊടുമുടിയിലേക്ക് കടക്കുകയാണ്. ഇനി എല്ലാ ടീമുകള്‍ക്കും വിരലിലെണ്ണാവുന്ന മത്സരങ്ങളെ അവശേഷിക്കുന്നുള്ളൂ. എന്നാല്‍ പ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ്. ബാക്കിയുള്ള ഒമ്പത് ടീമുകള്‍ക്ക് പ്ലേ ഓഫ് സാധ്യത ഇനിയും അവശേഷിക്കുന്നു എന്നതാണ് വലിയ കൗതുകം. അതായത് ഏറ്റവും അവസാന സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന് വരെ പ്ലേ ഓഫിലേക്ക് കടക്കാന്‍ ഇനിയും സാധ്യതയുണ്ട്.
ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍കിംഗ്‌സിനോട് പരാജയപ്പെട്ടിരുന്നു. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഏഴാമത്തെ തോല്‍വിയാണ് ഇത്. 11 കളിയില്‍ നിന്ന് നാല് ജയമുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് അവസാന സ്ഥാനത്താണ്. ഇനി മൂന്ന് കളികള്‍ മാത്രമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് അവശേഷിക്കുന്നത്. എന്നാല്‍ പോലും ഡല്‍ഹി ക്യാപിറ്റല്‍സിന് പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല. എങ്ങനെ എന്നല്ലേ, നമുക്ക് നോക്കാം...

ഇനി ഡല്‍ഹി ക്യാപിറ്റല്‍സിന് മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരെ ഒരു മത്സരവും പഞ്ചാബ് കിംഗ്‌സിന് എതിരെ രണ്ട് മത്സരങ്ങളുമാണ് ഇനി ഡല്‍ഹി ക്യാപിറ്റല്‍സിന് ബാക്കിയുള്ളത്. ഇതില്‍ മൂന്ന് മത്സരത്തിലും ജയിച്ചാല്‍ ഡല്‍ഹിക്ക് 14 പോയന്റാകും. നല്ല മാര്‍ജിനില്‍ തന്നെ വിജയിക്കാനായാല്‍ നെറ്റ് റണ്‍റേറ്റില്‍ മറ്റ് ടീമുകളെ മറികടക്കാനും സാധിക്കും.
അതുകൊണ്ട് മാത്രമായില്ല. ബാക്കിയുള്ള ടീമുകളുടെ ഫലത്തെ കൂടി ആശ്രയിച്ചാണ് ഡല്‍ഹിയുടെ സാധ്യത അവശേഷിക്കുന്നത്. രാജസ്ഥാന്‍- കൊല്‍ക്കത്ത മത്സരത്തില്‍ രാജസ്ഥാന്‍ ജയിക്കണം. മുംബൈ - ഗുജറാത്ത് മത്സരത്തില്‍ ഗുജറാത്ത് ജയിക്കണം. ഹൈദരാബാദ് - ലഖ്‌നൗ മത്സരത്തില്‍ ലഖ്‌നൗ ജയിക്കണം. ചെന്നൈ - കൊല്‍ക്കത്ത മത്സരത്തില്‍ ചെന്നൈ ജയിക്കണം. ഗുജറാത്ത് - ഹൈദരാബാദ് മത്സരത്തില്‍ ഗുജറാത്ത് ജയിക്കണം.
ലഖ്‌നൗ - മുംബൈ മത്സരത്തില്‍ ലഖ്‌നൗ ജയിക്കണം. പഞ്ചാബ് - രാജസ്ഥാന്‍ മത്സരത്തില്‍ പഞ്ചാബ് ജയിക്കണം. കൊല്‍ക്കത്ത - ലഖ്‌നൗ മത്സരത്തില്‍ കൊല്‍ക്കത്ത ജയിക്കണം. മുംബൈ - ഹൈദരാബാദ് മത്സരത്തില്‍ ഹൈദരാബാദ് ജയിക്കണം. ബാംഗ്ലൂര്‍- ഗുജറാത്ത് മത്സരത്തില്‍ ഗുജറാത്ത് ജയിക്കണം. ഇങ്ങനെ ആയാല്‍ മാത്രമെ ഡല്‍ഹി ക്യാപിറ്റല്‍സിന് പ്ലേ ഓഫ് കടക്കാന്‍ സാധിക്കൂ.
മുകളില്‍ പറഞ്ഞ എല്ലാ ഫലങ്ങളും ഇത് പോലെയാണെങ്കില്‍, ഡല്‍ഹി ക്യാപിറ്റല്‍സിനും ഹൈദരാബാദിനും 14 പോയിന്റുകള്‍ വീതം നോം. ലഖ്‌നൗ 13 പോയിന്റില്‍ അവസാനിക്കും. മുംബൈ, രാജസ്ഥാന്‍, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, പഞ്ചാബ് എന്നിവയെല്ലാം 12 പോയിന്റ് ആയിരിക്കും നേടുക. ഈ സാഹചര്യത്തില്‍, ഡല്‍ഹി ക്യാപിറ്റല്‍സിനും ഹൈദരാബാദിനും പ്ലേ ഓഫിലേക്ക് യോഗ്യത നേടാനാകും.












Click it and Unblock the Notifications