IPL 2023 | ബൗളര്‍മാരെ തല്ലിച്ചതച്ച ബാറ്റിംഗ്... ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇവരുടെ പേരില്‍

ഐപിഎല്‍ പുതിയ സീസണ്‍ ആരംഭിക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ. മാര്‍ച്ച് 31 ന് ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ആദ്യ മത്സരം. ഐപിഎല്ലിന്റെ 16-ാമത് പതിപ്പാണ് ഇത്തവണ വരാനിരിക്കുന്നത്. 2007 ലെ ടി 20 ലോകകപ്പിന്റെ വിജയത്തിന് പിന്നാലെയാണ് ഫുട്‌ബോളിലെ ലീഗ് മത്സരങ്ങളുടേതിന് സമാനമായി ക്രിക്കറ്റിലും ലീഗ് എന്ന ആശയം ഉടലെടുക്കുന്നത്.
ഇതിലൂടെയാണ് 2008 ല്‍ ഐപിഎല്ലിന്റെ തുടക്കം. പ്രതീക്ഷിച്ചത് പോലെ തന്നെ ഐപിഎല്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുക്കുകയും ചെയ്തു. ലോകത്തിലെ എല്ലാ സൂപ്പര്‍താരങ്ങളും ഒരു ലീഗില്‍ പരസ്പരം ഏറ്റുമുട്ടുന്നത് തന്നെ ത്രസിപ്പിക്കുന്ന കാഴ്ചയായിരുന്നു. അതിവേഗ ക്രിക്കറ്റ് ബാറ്റിംഗ് വെടിക്കെട്ടിന്റെ വേദിയായി മാറിയതോടെയാണ് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ബ്റ്റ്‌സ്മാന്‍മാര്‍ പുറത്തെടുത്തു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ അഞ്ച് കളിക്കാരെ ഇനി പരിചയപ്പെടാം

കെഎല്‍ രാഹുലിന്റെ 132 റണ്‍സ്
2020 ലെ ഐപിഎല്‍ സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനായിരുന്ന കെ എല്‍ രാഹുല്‍ പുറത്താകാതെ നേടിയ 132 റണ്‍സ് ആണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറില്‍ അഞ്ചാമത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 14 ബൗണ്ടറികളും ഏഴ് സിക്സറുകളും അടക്കമാണ് രാഹുല്‍ 132 റണ്‍സ് നേടിയത്. ആ മത്സരത്തില്‍ രാഹുലിന്റെ മികവില്‍ ആര്‍സിബിയെ പഞ്ചാബ് 97 റണ്‍സിനാണ് പരാജയപ്പെടുത്തിയത്.

എബി ഡിവില്ലിയേഴ്‌സിന്റെ 133
2015 ല്‍ മുംബൈ ഇന്ത്യന്‍സിന് എതിരെയായിരുന്നു ആര്‍സിബിയുടെ സൂപ്പര്‍താരം എബി ഡിവില്ലിയേഴ്‌സിന്റെ വിളയാട്ടം. 59 പന്തില്‍ 19 ബൗണ്ടറികളും നാല് സിക്‌സും സഹിതമാണ് പുറത്താകാതെ ഡിവില്ലിയേഴ്‌സ് 133 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി 215 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഡിവില്ലിയേഴ്‌സിന്റെ പിന്‍ബലത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആര്‍സിബി 235/1 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മത്സരത്തില്‍ മുംബൈയ്ക്കെതിരെ ആര്‍സിബി 39 റണ്‍സിന് വിജയിച്ചു.

ക്വിന്റണ്‍ ഡികോക്കിന്റെ 140
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ കണ്ട ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് 70 പന്തില്‍ പുറത്താകാതെ നേടിയ 140 റണ്‍സ്. 10 ഫോറും 10 സിക്‌സും അകമ്പടി സേവിക്കുന്നതായിരുന്നു ക്വിന്റണ്‍ ഡികോക്കിന്റെ തകര്‍പ്പന്‍ പ്രകടനം. മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയെങ്കിലും വെറും രണ്ട് റണ്‍സിനായിരുന്നു ലഖ്‌നൗ ജയിച്ചത്.
Mirror Cleaning Tips: കണ്ണാടി എങ്ങനെ വൃത്തിയാക്കാം...? അറിയേണ്ടതെല്ലാം

ബ്രണ്ടന്‍ മക്കല്ലത്തിന്റെ 158
ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനമായിരുന്നു ഐപിഎല്‍ ഓപ്പണിംഗ് മാച്ചില്‍ തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ബ്രണ്ടന്‍ മക്കല്ലം നേടിയ 158 റണ്‍സ്. 10 ഫോറും 13 സിക്‌സും അടക്കം വെറും 73 പന്തില്‍ ആണ് മക്കല്ലം തകര്‍പ്പന്‍ സെഞ്ച്വറി നേടിയത്. ഇത് ആര്‍സിബിക്കെതിരെ 140 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടാന്‍ കൊല്‍ക്കത്തയെ സഹായിച്ചു. മക്കല്ലത്തിന്റെ റെക്കോഡ് ഏറെ കാലം തകര്‍ക്കപ്പെടാതെ നിന്നു.

ക്രിസ് ഗെയ്‌ലിന്റെ 175
ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടിനായിരുന്നു 2013 ലെ ആര്‍സിബി- പൂനെ മത്സരം സാക്ഷ്യം വഹിച്ചത്. മക്കല്ലത്തിന്റെ പടുകൂറ്റന്‍ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡ് ക്രിസ് ഗെയ്ല്‍ എന്ന യൂണിവേഴ്‌സല്‍ ബോസ് തകര്‍ത്ത് തരിപ്പണമാക്കി. 13 ഫോറും 17 സിക്‌സുമടക്കം വെറും 66 പന്തിലായിരുന്നു ഗെയ്ല്‍ 175 റണ്‍സ് നേടിയത്. മത്സരത്തില്‍ പൂനെയെ ആര്‍സിബി 130 റണ്‍സിന് തകര്‍ത്തു.












Click it and Unblock the Notifications