IPL 2023: ഇന്ന് തോറ്റവരുടെ പോര്... ജയസാധ്യത കൂടുതല്‍ ആര്‍ക്ക്? ടീം ഇലവന്‍ ഇങ്ങനെ
ഐപിഎല്ലില്‍ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം. ഈ സീസണില്‍ ഇതുവരെ ഒറ്റ മത്സരം പോലും ജയിക്കാത്ത രണ്ട് ടീമുകളായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് ഇന്നത്തെ പോരാട്ടം. മത്സരിച്ച മൂന്ന് കളിയിലും ഡല്‍ഹി ക്യാപിറ്റല്‍സ് തോറ്റപ്പോള്‍ രണ്ട് കളിയിലും തോറ്റാണ് അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന്റെ വരവ്. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആണ് ഇന്നത്തെ മത്സരം.
ഇന്ന് ജയിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കാനായിരിക്കും മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഇറങ്ങുക. പേര് കേട്ട താരങ്ങള്‍ ഉണ്ടെങ്കിലും പ്രതീക്ഷിക്കൊത്ത പ്രകടനം കാഴ്ച വെക്കുന്നില്ല എന്നതാണ് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേരിടുന്ന പ്രധാന വെല്ലുവിളി. നാലാം മത്സരത്തിന് ഇറങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് ഇന്ന് ജയിക്കാനായില്ല എങ്കില്‍ അവരുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മേല്‍ ഇരുട്ട് വീണ് തുടങ്ങും.

ഈ സീസണില്‍ കളിച്ച രണ്ട് കളിയിലും ചാമ്പ്യന്‍ ടീമിന്റെ ശരീരഭാഷയെ അല്ലായിരുന്നു മുംബൈ ഇന്ത്യന്‍സിന്. ബാറ്റിംഗിലും ബൗളിംഗിലും അമ്പേ പരാജയം. ജസ്പ്രീത് ബുംറയുടെ അഭാവം ടീമിനെ നന്നായി ബാധിച്ചിട്ടുണ്ട്. രോഹിത് ശര്‍മ, ഇഷന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നീ ബാറ്റ്സ്മാന്‍മാര്‍ കളി മറന്ന മട്ടാണ്. തിലക് വര്‍മയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത്. ഏറെ പ്രതീക്ഷയോടെ എത്തിയ കാമറൂണ്‍ ഗ്രീനിനും പ്രതീക്ഷ കാക്കേണ്ടതുണ്ട്.
ജോഫ്ര ആര്‍ച്ചര്‍ ഇന്ന് കളിച്ചേക്കാന്‍ സാധ്യതയുണ്ട്. എങ്കിലും ബുംറയുടെ അഭാവം ടീമിന്റെ ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ മുഴച്ച് നില്‍ക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സ് സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ടിം ഡേവിഡ്, ജോഫ്ര ആര്‍ച്ചര്‍, അര്‍ഷാദ് ഖാന്‍, ഹൃത്വിക് ഷോക്കീന്‍, പിയൂഷ് ചൗള, ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്.
Tips for High Heels Walking: ഹീല്‍സിട്ട് നടക്കാനാകുന്നില്ലേ...? ഇതാ ചില പൊടിക്കൈകള്‍
മറുവശത്ത് ഡല്‍ഹി ക്യാപിറ്റല്‍സും സമാന അവസ്ഥയിലാണ് റിഷഭ് പന്തിന്റെ അഭാവം ടീമിന്റെ മൊത്തെ കെട്ടുറപ്പിനെ വരെ ബാധിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ റണ്‍സ് കണ്ടെത്തുന്നുണ്ട് എങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ ആകുന്നില്ല. പൃഥ്വി ഷായുടെ ഫോമാണ് ടീം നേരിടുന്ന പ്രധാന വെല്ലുവിളി. എങ്കിലും അക്സര്‍ പട്ടേലിന്റെ ഫോമാണ് ആശ്വാസം നല്‍കുന്നത്. മനീഷ് പാണ്ഡെയില്‍ നിന്ന് കുറച്ച് കൂടി ഉത്തരവാദിത്തം ടീം പ്രതീക്ഷിക്കുന്നുണ്ട്.
ബൗളിംഗില്‍ ആന്റിച്ച് നോര്‍ത്യെ തന്നെയായിരിക്കും കുന്തമുന. സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ കുല്‍ദീപ് യാദവ് ആണ് ഡല്‍ഹി ക്യാപിറ്റല്‍ നിരയില്‍ ഉള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സ് സാധ്യതാ ഇലവന്‍: ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, ഫില്‍ സാള്‍ട്ട്, മനീഷ് പാണ്ഡെ, റോവ്മാന്‍ പവല്‍, ലളിത് യാദവ്, അക്സര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ത്യെ, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.
കൂറ്റന്‍ സ്‌കോര്‍ പിറക്കുന്ന മത്സരമായിരിക്കും ഇന്ന് ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത് എന്നാണ് പിച്ചില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്ക് കുറച്ച് സഹായം ലഭിക്കും. അതിനാല്‍ തന്നെ പിയൂഷ് ചൗള, കുല്‍ദീപ് യാദവ് എന്നീ സ്പിന്നര്‍മാരെ ഇരുടീമുകളും പരീക്ഷിക്കും. ഈ വിക്കറ്റില്‍ 175 ന് മുകളിലുള്ളതെല്ലാം മികച്ച ടോട്ടലായിരിക്കും. ടോസ് നേടുന്ന ക്യാപ്റ്റന്‍ ആദ്യം ഫീല്‍ഡ് ചെയ്യാനാണ് സാധ്യത. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കാണ് വിജയ സാധ്യത കൂടുതല്‍.












Click it and Unblock the Notifications