IPL 2023: മുംബൈ vs ചെന്നൈ അല്ല, ഐപിഎല്ലിലെ യഥാര്‍ത്ഥ എല്‍ ക്ലാസിക്കോ ഇന്ന്... കാരണം ഇതാ
ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടാറുള്ളത് മുംബൈ ഇന്ത്യന്‍സ് - ചെന്നൈ സൂപ്പര്‍കിംഗ്‌സ് പോരാട്ടത്തെയാണ്. അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സും നാല് തവണ കിരീടം നേടിയ ചെന്നെ സൂപ്പര്‍കിംഗ്‌സും പരസ്പരം ഏറ്റുമുട്ടിയപ്പോഴെല്ലാം തീ പാറുന്ന പോരാട്ടമാണ് നടന്നിട്ടുള്ളത്. അതുപോലെ ഏറെ ആരാധകരുള്ള മത്സരമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു - ചെന്നൈ സൂപ്പര്‍കിംഗ്‌സ് പോരാട്ടവും.
സമാനമായി മുംബൈ ഇന്ത്യന്‍സ് - റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടവും ഐപിഎല്ലിലെ ഏറ്റവും കളര്‍ഫുള്‍ പോരാട്ടം എന്നാണ് വിശേഷിപ്പിക്കാറുള്ളത്. രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, മഹേന്ദ്ര സിംഗ് ധോണി എന്നിവരുടെ സാന്നിധ്യം തന്നെയാണ് ഈ ടീമുകളുടെ പരസ്പരമുള്ള ഏറ്റുമുട്ടലുകള്‍ക്ക് അത്തരമൊരു മാനം നല്‍കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെടേണ്ടത് ഈ മത്സരങ്ങളെയല്ല എന്നാണ് ആരാധകരുടെ പക്ഷം.

ഇന്ന് നടക്കാനിരിക്കുന്ന പഞ്ചാബ് കിംഗ്‌സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരമാണ് യഥാര്‍ത്ഥ എല്‍ ക്ലാസിക്കോ എന്നാണ് ആരാധകര്‍ പറയുന്നത്. അതിന് നിരവധി കാരണങ്ങളും ആരാധകര്‍ നിരത്തുന്നുണ്ട്. മറ്റ് ടീമുകള്‍ താരസമ്പന്നതായാലാണ് എല്‍ ക്ലാസിക്കോ എന്ന വിശേഷണം നല്‍കുന്നത് എന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്യൂവര്‍ ക്രിക്കറ്റിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ പഞ്ചാബ് കിംഗ്‌സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരമാണ് എല്‍ ക്ലാസിക്കോ എന്നുമാണ് ആരാധകര്‍ പറയുന്നത്.
ഐപിഎല്‍ ചരിത്രത്തില്‍ ഇരുടീമുകളും 24 തവണയാണ് പരസ്പരം മുഖാമുഖം വന്നത്. ഇതില്‍ രാജസ്ഥാന്‍ റോയല്‍സിനാണ് മേല്‍ക്കൈ. രാജസ്ഥാന്‍ റോയല്‍സ് പരസ്പരമുള്ള ഏറ്റുമുട്ടലില്‍ 14 തവണ വിജയം വരിച്ചപ്പോള്‍ 10 തവണ പഞ്ചാബ് കിംഗ്‌സിനൊപ്പമായിരുന്നു ജയം. ക്രിക്കറ്റിലെ ഐതിഹാസികം എന്ന് വിശേഷിപ്പിക്കാവുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ പഞ്ചാബ് - രാജസ്ഥാന്‍ മത്സരം കാഴ്ച വെച്ചിട്ടുണ്ട്. അവയില്‍ ചിലത് നോക്കാം.
2015 ലെ സൂപ്പര്‍ ഓവര്‍
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അജിങ്ക്യ രഹാനെയുടെ 74 റണ്‍സിന്റേയും ഷെയ്ന്‍ വാട്‌സണിന്റെ 45 റണ്‍സിന്റേയും പിന്‍ബലത്തില്‍ ആറ് വിക്കറ്റിന് 191 റണ്‍സ് നേടുന്നു. മറുപടി ബാറ്റിംഗില്‍ ഷോണ്‍ മാര്‍ഷിന്റെ 65 റണ്‍സിന്റേയും ഡേവിഡ് മില്ലറുടെ 54 റണ്‍സിന്റേയും കരുത്തില്‍ പഞ്ചാബ് കിംഗ്‌സും നിശ്ചിത ഓവറില്‍ 191 റണ്‍സ് എടുക്കുന്നു. അവസാന ഓവറില്‍ 14 റണ്‍സായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്.

എന്നാല്‍ അവസാന മൂന്ന് പന്തില്‍ എട്ട് റണ്‍സ് വഴങ്ങിയ ജയിംസ് ഫോക്ക്‌നര്‍ കളി സമനിലയിലാക്കി. സൂപ്പര്‍ ഒാവറില്‍ മൂന്ന് ബൗണ്ടറി നേടിയ മാര്‍ഷ് റോയല്‍സിന് മുന്നില്‍ 16 റണ്‍സ് വിജയലക്ഷ്യം വെച്ചു. എന്നാല്‍ അത് മറികടക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചില്ല. രണ്ട് വിക്കറ്റ് ആദ്യ നാല് പന്തില്‍ തന്നെ നഷ്ടപ്പെട്ടതോടെ ആറ് റണ്‍സ് നേടാനെ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചുള്ളൂ.
അശ്വിന്റെ മങ്കാദിംഗ് (2019)
ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചതായിരുന്നു 2019 ലെ അശ്വിന്റെ മങ്കാദിംഗ്. പഞ്ചാബ് കിംഗ്‌സ് ഉയര്‍ത്തിയ 185 റണ്‍സിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ റോയല്‍സ് 43 പന്തില്‍ 69 റണ്‍സ് നേടിയ ജോസ് ബട്‌ലറിന്റെ മികവില്‍ കുതിക്കുകയായിരുന്നു. അശ്വിന്‍ ബൗള്‍ ചെയ്യുമ്പോള്‍ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ബട്‌ലര്‍ ക്രീസ് വിട്ടിങ്ങിയതോടെ അശ്വിന്‍ ബെയ്ല്‍സ് തെറിപ്പിച്ച് രാജസ്ഥാന്‍ താരത്തെ പുറത്താക്കുകയായിരുന്നു.

ജോസ് ബട്‌ലറുടെ പുറത്താക്കല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തകര്‍ച്ചക്ക് കാരണമായി. അതോടൊപ്പം മങ്കാദിംഗ് ക്രിക്കറ്റിന്റെ സ്പിരിറ്റ് നശിപ്പിക്കും എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്കും വഴി വെച്ചു. അശ്വിന്‍ വില്ലനായി എന്നാല്‍ ഐസിസി മാങ്കാദിംഗിന് സാധുത നല്‍കിയിട്ടുണ്ട് എന്ന് വാദിച്ച് ചിലര്‍ അശ്വിനെ പിന്തുണച്ചും രംഗത്തെത്തി. എങ്കിലും വിവാദം ഏറെ നാള്‍ നീണ്ട് നിന്നിരുന്നു.
തീയായി മാറിയ രാഹുല്‍ തെവാട്ടിയ (2020)
226 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണ്‍ 85 റണ്‍സെടുത്ത് പുറത്തായതോടെ പതറി. പിഞ്ച് ഹിറ്ററായെത്തിയ രാഹുല്‍ തെവാട്ടിയയ്ക്ക് ആദ്യമൊന്നും പന്ത് ബാറ്റില്‍ കൊള്ളിക്കാന്‍ പോലുമായില്ല. 19 പന്തില്‍ 7 റണ്‍സ് എന്ന നിലയില്‍ പ്രതിരോധത്തിലൂന്നിയായിരുന്നു രാഹുല്‍ തെവാട്ടിയയുടെ പ്രകടനം. ആ സമയം ആവശ്യമായ റണ്‍ റേറ്റ് 15ന് മുകളിലായിരുന്നു.

എന്നാല്‍ പേസര്‍മാര്‍ പന്തെറിയാന്‍ തുടങ്ങിയതോടെ കളി മാറി. 18-ാം ഓവറില്‍ ഷെല്‍ഡണ്‍ കോട്രെലിന്റെ പന്തില്‍ അഞ്ച് സിക്സറുകള്‍ പറത്തി രാഹുല്‍ തെവാട്ടിയ കത്തിക്കയറി. അവസാന 18 പന്തില്‍ റോയല്‍സിന് 53 റണ്‍സ് വേണ്ടിയിരിക്കെയായിരുന്നു ഈ പ്രകടനം. ഇതോടെ തെവാട്ടിയ ഒരു പ്രതിഭാസമായി മാറി. കളിയില്‍ രാജസ്ഥാന്‍ നാല് വിക്കറ്റിന് ജയിക്കുകയും ചെയ്തു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരമായി ഇത് കണക്കാക്കപ്പെടുന്നു.
ഒറ്റക്ക് പൊരുതിയ സഞ്ജു (2021)
രാജസ്ഥാന്‍ റോയല്‍സിന് താന്‍ എന്തുകൊണ്ട് അവിഭാജ്യഘടകമാണ് എന്ന് തെളിയിക്കുന്ന ഒരു ഇന്നിംഗ്‌സായിരുന്നു സഞ്ജു ഈ മത്സരത്തില്‍ കളിച്ചത്. 222 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിനെ 63 പന്തില്‍ 119 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ഒറ്റക്ക് തോളിലേറ്റുകയായിരുന്നു. എന്നാല്‍ അവസാന ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് തോല്‍വി ഏറ്റുവാങ്ങി.
Tips for Sleep: ഉറക്കമുണരുമ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലേ..!! കാരണം ഇതാകാം
അവസാന ഓവറില്‍ 4 റണ്‍സ് പ്രതിരോധിച്ച് കാര്‍ത്തിക് ത്യാഗി (2021)
ഐപിഎല്ലിലെ തന്നെ മറ്റൊരു അവിസ്മരണീയ മത്സരം എന്ന് വിശേഷിക്കാവുന്ന മത്സരമായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 186 റണ്‍സ് എന്ന വിജയലക്ഷ്യമാണ് പഞ്ചാബിന് മുന്നില്‍ വെച്ചത്. മറുപടി ബാറ്റിംഗില്‍ മയാങ്ക് അഗര്‍വാളിലൂടേയും (67) കെഎല്‍ രാഹുലിലൂടേയും (49) പഞ്ചാബ് തിരിച്ചടിച്ചു. അവസാന രണ്ട് ഓവറില്‍ എട്ട് വിക്കറ്റ് ബാക്കി നില്‍ക്കെ എട്ട് റണ്‍സായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്.

19-ാം ഓവറില്‍ നാല് റണ്‍സെടുത്ത പഞ്ചാബ് അവസാന ഓവറില്‍ ജയിക്കാന്‍ നാല് റണ്‍സ് എന്ന നിലയില്‍ എത്തി. കാര്‍ത്തിക് ത്യാഗി ആയിരുന്നു അവസാന ഒാവര്‍ എറിയാന്‍ എത്തിയിരുന്നത്. എന്നാല്‍ ഒരു റണ്‍സ് മാത്രം വിട്ട് കൊടുത്ത് രണ്ട് വിക്കറ്റെടുത്ത കാര്‍ത്തിക് ത്യാഗി രാജസ്ഥാന്‍ റോയല്‍സിന് രണ്ട് റണ്‍സിന്റെ ആവേശകരമായ വിജയം സമ്മാനിക്കുകയായിരുന്നു.












Click it and Unblock the Notifications