IPL 2023: മഹിരാടിന്റെ അവസാന മത്സരമാകുമോ? വിജയം ആര്‍ക്കൊപ്പം..; സാധ്യതകള്‍ ഇങ്ങനെ
ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍താര പോരാട്ടം. ചെന്നൈ സൂപ്പര്‍കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടുമ്പോള്‍ എല്ലാ കണ്ണുകളും വിരാട് കോഹ്ലിയിലേക്കും മഹേന്ദ്രസിംഗ് ധോണിയിലേക്കും ആയിരിക്കും. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് ആണ് മത്സരം. ഐപിഎല്‍ 2023 സീസണിലെ 24-ാം മത്സരമാണ് സിഎസ്‌കെയും ആര്‍സിബിയും തമ്മില്‍ ഇന്ന് നടക്കാന്‍ പോകുന്നത്.
അക്ഷരാര്‍ത്ഥത്തില്‍ തുല്യശക്തികളുടെ പോരാട്ടമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും തുല്യശക്തരാണ് ഇരുടീമുകളും. മഹേന്ദ്ര സിംഗ് ധോണി എന്ന നായകന്റെ തന്ത്രങ്ങളാണ് ചെന്നൈയുടെ കരുത്ത്. പക്ഷെ അവസാന കളിയില്‍ തോല്‍വി ഏറ്റുവാങ്ങിയാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ വരവ്. ബാംഗ്ലൂര്‍ ആകട്ടെ അവസാന മത്സരത്തില്‍ ത്രസിപ്പിക്കുന്ന ജയമാണ് സ്വന്തമാക്കിയത്.

പോയന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും നാല് പോയന്റ് വീതമാണ് ഉള്ളത്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ ആറാമതും ബാംഗ്ലൂര്‍ ഏഴാമതും ആണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് സൂപ്പര്‍താരങ്ങളായ മഹേന്ദ്രസിംഗ് ധോണിയും വിരാട് കോഹ്ലിയും ഒന്നിച്ച് മത്സരിക്കാന്‍ പോകുന്ന അവസാനത്തെ മത്സരമായിരിക്കും ഇത് എന്നാണ് ആരാധകര്‍ പറയുന്നത്.
ഇനി ഈ ഐപിഎല്ലില്‍ ഇരുടീമുകളും ഫൈനലില്‍ എത്തിയാല്‍ മാത്രമെ പരസ്പരം മത്സരമുള്ളൂ. ധോണി മിക്കവാറും ഈ ഐപിഎല്ലോടെ വിരമിക്കാന്‍ സാധ്യത ഉണ്ട്. അങ്ങനെ വന്നാല്‍ ആരാധകരുടെ മഹിരാടിനെ അവസാനമായി കാണാനുള്ള അവസരമായിരിക്കും ഇത്. നാല് തവണ കിരീടം നേടിയ ചെന്നൈ സൂപ്പര്‍കിംഗ്‌സാണ് കണക്കിലെ കളിയില്‍ മുന്നില്‍. മൂന്ന് തവണ ഫൈനലില്‍ എത്തിയെങ്കിലും ഒറ്റത്തവണ പോലും കിരീടം നേടാന്‍ ബാംഗ്ലൂരിന് ആയിട്ടില്ല.
വിരാട് കോഹ്ലിയുടേയും മഹേന്ദ്ര സിംഗ് ധോണിയുടെയും ബാറ്റിംഗ് പ്രകടനങ്ങള്‍ കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ 214 റണ്‍സുമായി അഞ്ചാമതാണ് വിരാട് കോഹ്ലി. മറുവശത്ത് ധോണിയാകട്ടെ ഉഗ്രന്‍ ഫോമിലാണ്. ദീര്‍ഘ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കിലും കൂറ്റനടികളുമായി ഈ ഐപിഎല്ലിലും ധോണി മനം കവരുന്നുണ്ട്.
Vastu Tips for Work: കര്‍പ്പൂരം കൊണ്ട് ജോലിയില്‍ തിളങ്ങാനാകുമോ..? വാസ്തു പറയുന്നത് കേള്‍ക്കൂ
പതിവ് പോലെ ഇന്നും ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പിച്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായാണ് ഒരുക്കിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് കൂറ്റന്‍ സ്‌കോര്‍ കുറിക്കാം. എന്നാല്‍ എത്ര വലിയ സ്‌കോറും ചേസ് ചെയ്ത് പിടിക്കാന്‍ കഴിയുന്ന പിച്ചാണിത്. അതിനാല്‍ ടോസ് നേടുന്ന ക്യാപ്റ്റന്‍ ആദ്യം ബൗൡഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഇരുടീമുകളുടേയും സാധ്യതാ ഇലവന്‍ പരിശോധിക്കാം.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സാധ്യതാ ഇലവന്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), മഹിപാല്‍ ലോംറോര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വെയ്ന്‍ പാര്‍നെല്‍, വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, വൈശാഖ് വിജയ്കുമാര്‍, മുഹമ്മദ് സിറാജ്
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സാധ്യതാ ഇലവന്‍: ഡെവണ്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, മൊയിന്‍ അലി, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍ & ക്യാപ്റ്റന്‍), മിച്ചല്‍ സാന്റ്നര്‍, മഹേഷ് തീക്ഷണ, ആകാശ് സിംഗ്, തുഷാര്‍ ദേശ്പാണ്ഡെ












Click it and Unblock the Notifications