IPL 2023: ജോഫ്ര ആര്‍ച്ചര്‍ ഇനി കളിക്കാനില്ല.. മുംബൈയ്ക്ക് തിരിച്ചടി; പകരക്കാരന്‍ ഈ താരം
ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതിസന്ധിയിലായ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. പരിക്കേറ്റ ജോഫ്ര ആര്‍ച്ചര്‍ ഐപിഎല്ലില്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. ജസപ്രീത് ബുംറയുടെ അഭാവത്തില്‍ മുംബൈ ബൗളിംഗിന്റെ കുന്തമുനയാകുമെന്ന് കരുതിയ ജോഫ്ര ആര്‍ച്ചറിന് പ്രതീക്ഷിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. പരിക്കാണ് ജോഫ്ര ആര്‍ച്ചറിനും വിനയായത്.
ഈ സീസണില്‍ അഞ്ച് കളികളില്‍ മാത്രമാണ് ജോഫ്ര ആര്‍ച്ചര്‍ കളിച്ചത്. ഐപിഎല്ലിനിടെ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ താരം ബെല്‍ജിയത്തിലേക്ക് പോയിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി കൈമുട്ടിലെ പരിക്കാണ് ജോഫ്ര ആര്‍ച്ചറെ വലയ്ക്കുന്നത്. ഇത് കാരണം 2021 ലെ ടി 20 ലോകകപ്പ്, ആഷസ് എന്നിവയില്‍ ആര്‍ച്ചര്‍ക്ക് കളിക്കാനായിരുന്നില്ല.

ഐപിഎല്‍ ഈ സീസണിലെ മുംബൈയുടെ ആദ്യ മത്സരം അദ്ദേഹം കളിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള നാല് മത്സരങ്ങളില്‍ കളത്തിലിറങ്ങിയില്ല. കഴിഞ്ഞ 25 മാസത്തിനിടെ അഞ്ച് തവണ ജോഫ്ര ആര്‍ച്ചര്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ക്രിസ് ജോര്‍ദാന്‍ പരിക്കേറ്റ ജോഫ്ര ആര്‍ച്ചറിന് പകരം മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഇടം നേടി. ഈ സീസണില്‍ രണ്ട് വിക്കറ്റ് മാത്രമാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്.
കഴിഞ്ഞയാഴ്ച ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് ആര്‍ച്ചര്‍ അവസാനമായി കളിച്ചത്. അതേസമയം 2016 ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച ക്രിസ് ജോര്‍ദാന്‍ ഇതുവരെ 28 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 27 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 87 ടി 20 മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുള്ള താരം 96 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 2 കോടി രൂപയ്ക്കാണ് ജോര്‍ദാനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.
Vastu Tips: സമ്പത്തെല്ലാം ചോര്‍ന്ന് പോകുന്നോ..? ചെമ്പരത്തിയിലുണ്ട് പരിഹാരം
അതേസമയം മുംബൈ ഇന്ത്യന്‍സിന് ഇനി നാല് മത്സരങ്ങള്‍ മാത്രമാണ് ഗ്രൂപ്പ് സ്റ്റേജില്‍ അവശേഷിക്കുന്നത്. നിലവില്‍ 10 കളിയില്‍ നിന്ന് അഞ്ച് വീതം ജയവും തോല്‍വിയുമായി മുംബൈ ഇന്ത്യന്‍സ് 10 പോയന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളില്‍ മൂന്നെണ്ണം ജയിച്ചാലെ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫില്‍ കടക്കാന്‍ സാധിക്കൂ. രണ്ടെണ്ണത്തിലാണ് ജയിക്കുന്നതെങ്കില്‍ മറ്റ് ടീമുകളുടെ പ്രകടനത്തേയും ആശ്രയിച്ചിരിക്കും.
ഇനി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാഗ് എന്നിവരോടാണ് മുംബൈ ഇന്ത്യന്‍സിന് മത്സരിക്കാനുള്ളത്. പ്ലേ ഓഫ് മത്സരങ്ങള്‍ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്. ക്വാളിഫയര്‍ 1, എലിമിനേറ്റര്‍ എന്നിവ മെയ് 23, 24 തീയതികളില്‍ ചെപ്പോക്കില്‍ നടക്കും. ക്വാളിഫയര്‍ 2 ഉം ഫൈനലും മെയ് 26, 28 തീയതികളില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ചും നടക്കും.












Click it and Unblock the Notifications