IPL 2023: ഇന്നത്തെ മത്സരത്തില്‍ ആര് ജയിക്കും, പ്രവചനം ഇങ്ങനെ.. നേട്ടം ബൗളര്‍മാര്‍ക്ക്?
ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാഹബാദുമാണ് ഏറ്റുമുട്ടുന്നത്. ആദ്യമത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 50 റണ്‍സിന് തകര്‍ത്ത ലഖ്‌നൗ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനോട് പൊരുതി തോറ്റിരുന്നു. മറുവശത്ത് ആദ്യ മത്സരത്തില്‍ തന്നെ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. രാജസ്ഥാന്‍ റോയല്‍സിനോട് 72 റണ്‍സിനാണ് ഹൈദരാബാദ് ആദ്യ മത്സരത്തില്‍ തോറ്റത്.
ഇരുടീമിലേക്കും, ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ദേശീയ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തുന്നു എന്നതാണ് പ്രത്യേകത. നെതര്‍ലന്‍ഡ്സിനെതിരായ ദക്ഷിണാഫ്രിക്കയുടെ ഏകദിന പരമ്പര പൂര്‍ത്തിയാകുന്നതോടെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്ക് ലക്നൗവിലേക്ക് എത്തും. സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന്‍, ഫാസ്റ്റ് ബൗളര്‍ മാര്‍ക്കോ ജാന്‍സന്‍ എന്നിവരും തിരിച്ചെത്തും.

വെസ്റ്റ് ഇന്‍ഡീസ് കൈല്‍ മായേഴ്‌സിന്റെ മിന്നുന്ന ഫോമാണ് ലഖ്‌നൗവിന്റെ കരുത്ത്. ഡി കോക്കിന്റെ അഭാവത്തില്‍ രാഹുലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയ മായേഴ്‌സ് ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. നിക്കോളാസ് പൂരനും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ബൗളര്‍മാരില്‍ മാര്‍ക്ക് വുഡും മികച്ച ഫോമിലാണ് എന്നത് കെ എല്‍ രാഹുലിന് ആശ്വാസം നല്‍കുന്നു.
മറുവശത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എയ്ഡന്‍ മാര്‍ക്രത്തിന്റെ തിരിച്ച് വരവ് ഗുണം ചെയ്യും. ആദ്യ മത്സരത്തില്‍ രാജസ്ഥാനോട് ദയനീയമായി പരാജയപ്പെട്ട ഹൈദരാബാദിന് തിരിച്ചുവരവിന് മൊത്തത്തിലുള്ള മേക്ക് ഓവര്‍ ആവശ്യമാണ്. ഇതിന് മുന്‍പ് ഐപിഎല്ലില്‍ ഒരു തവണ മാത്രമാണ് ലഖ്നൗവും ഹൈദരാബാദും നേര്‍ക്കുനേര്‍ വന്നത്. അന്ന് ലഖ്‌നൗവിനായിരുന്നു ജയം.
Screen Time: കംപ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്നാണോ നിങ്ങളുടെ ജോലി? ഇതാ ചില പൊടിക്കൈകള്‍
ഇന്നത്തെ മത്സരത്തിലും ലഖ്‌നൗവിന് തന്നെയാണ് മുന്‍തൂക്കം. ഈ സീസണിലെ പോയിന്റ് പട്ടികയില്‍ ഹൈദരാബാദ് അവസാന സ്ഥാനത്താണ്. രണ്ട് കളികളില്‍ ഒരു ജയത്തോടെ അഞ്ചാം സ്ഥാനത്താണ് ലഖ്‌നൗ. ഭാരതരത്ന ശ്രീ അടല്‍ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുന്നത്. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടാണ് ഇത്. പേസര്‍മാര്‍ക്ക് അനുയോജ്യമാണ് ഇവിടത്തെ പിച്ച്.
എന്നാല്‍ ബാറ്റ്‌സ്മാന്‍മാര്‍ വിക്കറ്റ് പോകാതെ കാത്താല്‍ കളി തിരിയും. ഈ വേദിയില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകള്‍ പൊതുവെ മികച്ച പ്രകടനമാണ് നടത്തുന്നത്. എങ്കിലും ഇന്ന് ആദ്യ ബൗളിംഗ് തിരഞ്ഞെടുക്കുന്ന ടീമിനൊപ്പമായിരിക്കും വിജയം എന്നാണ് പ്രവചനം. ഐപിഎല്‍ ഈ സീസണില്‍ പത്താമത്തെ മത്സരമാണ് ഇന്ന് നടക്കാന്‍ പോകുന്നത്.












Click it and Unblock the Notifications