മൂന്നിലും പിഴച്ച് മുംബൈ; റോയൽസിന്റെ ജയം രാജകീയമായി, സഞ്ജുവും പിള്ളേരും പട്ടികയിൽ ഒന്നാമത്
ഇന്ത്യൻ പ്രീമിയർ ലീഗിലെ കരുത്തന്മാർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. 126 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ കൂടുതൽ നഷ്‌ടം കൂടാതെ വിജയതീരത്തേക്ക് അടുക്കുകയായിരുന്നു. ജയത്തോടെ ആറ് പോയിന്റുമായി രാജസ്ഥാൻ പട്ടികയിൽ ഒന്നാമതെത്തി. മൂന്നാം തോൽവി വഴങ്ങിയ മുംബൈ ആവട്ടെ അവസാന സ്ഥാനത്താണുള്ളത്.
ചെറിയ സ്‌കോർ പിന്തുടരാൻ വെടിക്കെട്ടോടെ തുടങ്ങിയ യശസ്വി ജയ്‌സ്വാളിന്റെ തീ പെട്ടെന്ന് തന്നെ അണഞ്ഞെങ്കിലും സഞ്ജുവും ജോസ് ബട്ട്ലറും ചേർന്ന് പതിയെ ഇന്നിംഗ്‌സ് മുന്നോട്ട് നീക്കി. പത്ത് റൺസെടുത്ത സഞ്ജുവും, 13 റൺസെടുത്ത ബട്ട്ലർ അധികം വൈകാതെ പുറത്തായി. രവിചന്ദ്രൻ അശ്വിൻ ടീമിനായി 16 റൺസെടുത്തു. റിയാൻ പരാഗാണ് റോയൽസിന്റെ ടോപ് സ്‌കോറർ. പരാഗ് രാജസ്ഥാൻ റോയൽസിന് വേണ്ടി അർധ സെഞ്ച്വറി നേടി.

അതേസമയം, തുടക്കത്തിലെ വൻ വീഴ്‌ചയിൽ നിന്ന് തിലക് വർമ്മയുടെയും നായകൻ ഹാർദിക് പാണ്ഡ്യയുടെയും രക്ഷാപ്രവർത്തനത്തിൽ കരകയറിയാൻ മുംബൈ ഭേദപ്പെട്ട സ്‌കോർ സ്വന്തമാക്കിയത്. മുംബൈ ബാറ്റിങ് തുടങ്ങിയത് തകർച്ചയോടെ ആയിരുന്നു. മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഉൾപ്പെടെ മൂന്ന് താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്. ഇവർ മൂന്ന് പേരും നേരിട്ട് ആദ്യ പന്തിൽ തന്നെ പവലിയനിലേക്ക് മടങ്ങി എന്നതാണ് ശ്രദ്ധേയം.
ഇഷാൻ കിഷൻ 14 പന്തിൽ പതിനാറ് റൺസാണ് നേടിയത്. രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും പറത്തിയ കിഷൻ നല്ല ഇന്നിംഗ്‌സ് കളിക്കുമെന്ന തോന്നൽ ഉണ്ടാക്കിയെങ്കിലും പാതി വഴിയിൽ നന്ദ്രേ ബർഗർക്ക് മുൻപിൽ വീഴുകയായിരുന്നു. റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണാണ് ക്യാച് എടുത്തത്. ഹർദിക് പാണ്ഡ്യയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറർ.
റോയൽസിന് വേണ്ടി കൂടുതൽ ആക്രമണകാരി ആയത് കിവീസ് സൂപ്പർ ബൗളർ ട്രെൻഡ് ബൗൾട്ട് ആണ്. രോഹിത് ശർമ്മ, നമൻ ധിർ, ഡിവെൽഡ് ബ്രൂയിസ് എന്നിവരുടെ വിക്കറ്റുകളാണ് ബോൾട്ട് വീഴ്ത്തിയത്. എന്നാൽ അഞ്ചാം വിക്കറ്റിൽ ഹർദിക് പാണ്ഡ്യയും തിലക് വർമ്മയും ചേർന്ന് മുംബൈ ബാറ്റിങ് നിരയെ മുന്നോട്ട് നയിച്ചിരുന്നു. ഒടുവിൽ പാണ്ഡ്യ 21 പന്തിൽ 34 റൺസുമായി മടങ്ങുമ്പോഴും മുംബൈ സ്‌കോർ നൂറ് കടന്നിട്ടുണ്ടായിരുന്നില്ല.
കരുതലോടെ ബാറ്റ് വീശിയ തിലക് വർമ്മയ്ക്ക് പക്ഷേ സ്കോറിംഗ് നിരക്ക് ഉയർത്താൻ സാധിച്ചില്ല. ഒരിക്കൽ കൂടി സഞ്ജു സാംസന്റെ ക്യാപ്റ്റൻസി മികവ് മത്സരത്തിൽ വ്യക്തമായി. ന്യൂബോളുമായി എത്തിയ ട്രെൻഡ് ബോൾട്ടിനെ വേണ്ടവിധം ഉപയോഗിക്കാൻ സഞ്ജുവിന് കഴിഞ്ഞു. രോഹിത് ശർമ്മയെ നിലയുറപ്പിക്കാൻ പോലും അനുവദിക്കാതെ മടക്കിയത് വലിയ നേട്ടമാണ് മുംബൈക്ക് ഉണ്ടാക്കിയിരിക്കുന്നത്.
ഹർദിക് പാണ്ഡ്യ മടങ്ങിയതിന് പിന്നാലെ ഏഴാം നമ്പറിൽ ഇറങ്ങിയ പിയുഷ് ചൗള മൂന്ന് റൺസെടുത്ത് പുറത്തായതോടെ മുംബൈ വീണ്ടും കുഴപ്പത്തിലായി. അപ്പോഴും ഒരറ്റത്ത് തിലക് വർമ്മ ടീമിനെ മുന്നോട്ട് നയിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ അതൊന്നും സ്‌കോർ ബോർഡിൽ പര്യാപ്‌തമായിരുന്നില്ല. ഒടുവിൽ 31 റൺസെടുത്ത തിലക് വർമ്മയും വീണു. രാജസ്ഥാൻ റോയൽസിന് വേണ്ടി ട്രെൻഡ് ബോൾട്ട്, യൂസ്‌വേന്ദ്ര ചാഹലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.












Click it and Unblock the Notifications