ഡൽഹിയെ ചുരുട്ടിമടക്കി മുംബൈ; ഒടുവിൽ ദൈവത്തിന്റെ പോരാളികൾക്ക് ജയം, ഷെഫെഡ് തന്നെ താരം
ഐപിഎല്ലിൽ ഈ സീസണിലെ ആദ്യ ജയവുമായി മുംബൈ ഇന്ത്യൻസ്. കൂറ്റൻ സ്‌കോർ പടുത്തുയർത്തിയ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് എതിരെ 29 റൺസിനാണ് അവരുടെ ജയം. മുംബൈക്കെതിരെ വമ്പൻ സ്‌കോർ ചേസ് ചെയ്യാനിറങ്ങിയ ഡൽഹിക്ക് ലക്ഷ്യം അപ്രാപ്യമായിരുന്നു. മധ്യനിര ബാറ്റർ സ്‌റ്റബ്‌സ് പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല.
235 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി തുടക്കം മികച്ചതാക്കി. വാർണറിനെ നേരത്തെ നഷ്‌ടമായെങ്കിലും മറുവശത്ത് പൃഥ്വി ഷാ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിലൂടെ ചേസിംഗിന് മസാല പകർന്നു. കേവലം 40 പന്തിൽ നിന്നായി 66 റൺസാണ് ഷാ നേടിയത്. അതിൽ എട്ട് ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമാണ് ഉൾപ്പെടുന്നത്.

മൂന്നാം നമ്പറിൽ ഇറങ്ങിയ അഭിഷേക് പോറൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഡൽഹി പ്രതീക്ഷയിലായി. കൂട്ടിന് ട്രിസ്‌റ്റൻ സ്‌റ്റബ്‌സും വന്നതോടെ സ്‌കോർ വേഗത്തിൽ ചലിക്കാൻ തുടങ്ങി. അപ്പോഴും നെറ്റ് റൺ റേറ്റ് മറ്റൊരു ഭാഗത്ത് കുതിച്ചുയരുന്നുണ്ടായിരുന്നു. ഇതോടെ ഇരു താരങ്ങളും അടിച്ചു കളിയ്ക്കാൻ ശ്രമം തുടങ്ങി.
എന്നാൽ അധിക വൈകും മുൻപേ അഭിഷേക് കൂടാരം കയറി. 31 പന്തിൽ 41 റൺസ് ആയിരുന്നു താരം നേടിയത്. അപ്പോഴും സ്‌റ്റബ്‌സ് പന പോലെ ഉറച്ചു നിന്നു. ഒടുവിൽ അർഹിച്ച അർധ സെഞ്ച്വറിയും താരം നേടിയെടുത്തു. എന്നാൽ ക്യാപ്റ്റൻ ഋഷഭ് പന്ത് ഇന്നും പരാജയപ്പെട്ടു. ഒടുവിൽ നെറ്റ് റൺ റേറ്റ് കുതിച്ചുയർന്നതോടെ ജയം ഒരുപാട് അകലെയായി.
ഏഴാമനായി ക്രീസിൽ എത്തിയ റൊമാരിയോ ഷെഫെഡിന്റെ തകർപ്പൻ ബാറ്റിങ്ങാണ് മുംബൈയെ വമ്പൻ സ്കോറിലേക്ക് നയിച്ചത്. മുൻ നായകൻ രോഹിത് ശർമ്മ തിളങ്ങിയ മത്സരത്തിൽ ഇഷാൻ കിഷനും ടിം ഡേവിഡും ടീമിന് മുതൽകൂട്ടാവുന്ന പ്രകടനങ്ങൾ പുറത്തെടുത്തു.
ഹർദിക് പാണ്ഡ്യയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ച വെച്ചത്. 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 234 റൺസാണ് മുംബൈ ഡൽഹിക്കെതിരെ നേടിയത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ രോഹിത് ശർമ്മയും ഇഷാനും മികച്ച തുടക്കമാണ് നൽകിയത്. മികച്ച രീതിയിൽ ബാറ്റ് വീശിയ രോഹിത് ഫോമിന്റെ മിന്നലാട്ടങ്ങൾ പ്രദർശിപ്പിച്ചുവെങ്കിലും വമ്പൻ സ്കോറിലേക്ക് എത്തും മുൻപ് വീണുപോയി. അർധ സെഞ്ച്വറിക്ക് ഒരു റൺസ് അകലെയാണ് രോഹിത് വീണത്. 27 പന്തിലാണ് രോഹിത് 49 റൺസ് എടുത്തത്.
മൂന്ന് സിക്‌സറും ആറ് ബൗണ്ടറികളും സഹിതം രാജകീയമായിരുന്നു രോഹിത് ശർമ്മയുടെ ഇന്നിംഗ്‌സ്. മറുവശത്ത് ഇഷാൻ കിഷനും വെറുതെ ഇരുന്നില്ല. ആദ്യം ചെറിയ മന്ദത കാട്ടിയെങ്കിലും പിന്നെ താരവും രോഹിതിനൊപ്പം ചേർന്നു. 23 പന്തൽ 42 റൺസാണ് ഇടംകൈയൻ വിക്കറ്റ് കീപ്പർ ബാറ്റർ നേടിയത്. രണ്ട് സിക്‌സറുകളും നാല് ബൗണ്ടറികളും ഇതിൽ ഉൾപ്പെടുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം മുംബൈ ഇന്ത്യൻസ് ടീമിലേക്ക് മടങ്ങി എത്തി, ടീമിന്റെ രക്ഷകനാവും എന്ന് കരുതിയ സൂര്യകുമാർ യാദവ് ഇന്ന് സംപൂജ്യനായി മടങ്ങി എന്നതാണ് കൗതുകകരമായ കാര്യം. രണ്ട് പന്തുകൾ മാത്രം നേരിട്ട സൂര്യകുമാർ നോർജെയുടെ പന്തിൽ പുറത്താകുമ്പോൾ മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷകളിൽ കരിനിഴൽ വീണിരുന്നു.
എന്നാൽ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ തളരാൻ കൂട്ടാക്കിയില്ല. പതിയെ ബാറ്റ് വീശിയ താരം വിക്കറ്റ് നഷ്‌ടപെടുത്താതെ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇടയ്ക്ക് ഇറങ്ങിയ തിലക് വര്മയ്ക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് ടിം ഡേവിഡ് ക്രീസിൽ എത്തിയത്. താരം ഹാർദിക്കിന് മികച്ച പിന്തുണ നൽകി.
ഒടുവിൽ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ 33 പന്തിൽ 39 റൺസുമായി പുറത്താവുമ്പോഴും ടിം ഡേവിഡ് വെടിക്കെട്ട് തുടരുകയായിരുന്നു. അവസാന ഓവറുകളിൽ താരത്തിന്റെ ബാറ്റിങ്ങാണ് മുംബൈയ്ക്ക് പ്രതീക്ഷയുള്ള സ്‌കോർ സമ്മാനിച്ചത്. കൂടാതെ ക്യാമിയോ റോളിൽ ഷെഫെഡും തിളങ്ങിയതോടെ മുംബൈ സ്‌കോർ ബോർഡ് ചലിച്ചു. ഷെഫെഡ് കേവലം 10 പന്തുകളിൽ നിന്നായി 39 റൺസും, ടിം ഡേവിഡ് 21 പന്തിൽ 45 റൺസും നേടി.
ഡൽഹി ക്യാപിറ്റൽസ് ബൗളിങ് നിരയിൽ അക്‌സർ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി. അംറിച്ച് നൊർജെയും രണ്ട് വിക്കറ്റ് നേടിയപ്പോൾ ഖലീൽ അഹമ്മദ് ഓരോ വിക്കറ്റ് നേടിയപ്പോൾ വെറ്ററൻ താരം ഇഷാന്ത് ശർമ്മയ്ക്ക് വിക്കറ്റൊന്നും നേടാനായില്ല. മറ്റ് ബൗളർമാർക്ക് എല്ലാവർക്കും അവസാന ഓവറുകളിൽ ടിം ഡേവിഡിന്റെ ബാറ്റിൽ നിന്ന് കനത്ത പ്രഹരം തന്നെയാണ് കിട്ടിയത്.












Click it and Unblock the Notifications