കെകെആറിനെ അലക്കിവിട്ട് തലയുടെ പിള്ളേർ; ജഡേജ തിരികൊളുത്തി, ഗെയ്‌ക്ക്‌വാദ് പൂർത്തിയാക്കി, മിന്നും ജയം
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വമ്പൻ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ്. കെകെആർ ഉയർത്തിയ താരതമ്യേന ചെറിയ സ്‌കോർ 7 വിക്കറ്റ് നഷ്‌ടത്തിലാണ് ചെന്നൈ മറികടന്നത്. സിഎസ്കെയ്ക്ക് വേണ്ടി നായകൻ ഋതുരാജ് ഗെയ്‌ക്ക്‌വാദ് അർധ സെഞ്ച്വറി നേടി.
ചെന്നൈക്ക് വേണ്ടി ഓപ്പൺ ചെയ്‌ത യുവതാരം രചിൻ രവീന്ദ്ര മത്സരം പെട്ടെന്ന് തീർക്കാൻ ധൃതി കാട്ടി. എന്നാൽ അതിന് അധികം ആയുസുണ്ടായില്ല. താരം എട്ട് പന്തിൽ 15 റൺസുമായി മടങ്ങി. അപകടം മണത്ത ഋതുരാജ് ഒരറ്റത്ത് ഉറച്ചു നിൽക്കുകയായിരുന്നു. കുറഞ്ഞ വിജയലക്ഷ്യം പിന്തുടരുമ്പോൾ കാണിക്കേണ്ട പക്വത താരത്തിന്റെ ബാറ്റിങ്ങിൽ പ്രകടമായിരുന്നു.

മൂന്നാമനായി ക്രീസിൽ എത്തിയ ഡാരിൽ മിച്ചൽ ഋതുരാജിന് മികച്ച പിന്തുണയാണ് നൽകിയത്. താരം 19 പന്തിൽ 25 റൺസാണ് നേടിയത്. പിന്നാലെ എത്തിയ ശിവം ദുബെ തന്റെ ഈ സീസണിലെ ഫോം വെറുതെയല്ല എന്ന് തെളിയിക്കുന്ന പ്രകടനം തന്നെയാണ് പുറത്തെടുത്തത്. പതിയെ ക്യാപ്റ്റന് കൂട്ടായി ക്രീസിൽ നിൽക്കാനായിരുന്നു താരം ശ്രമിച്ചത്.
കെകെആർ ബൗളർമാർ ശരിക്കും മത്സരത്തിൽ കാഴ്‌ചക്കാരായിരുന്നു. ചെപ്പോക്കിലെ വേഗം കുറഞ്ഞ പിച്ചിൽ രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ കിട്ടുന്ന ആനുകൂല്യം സിഎസ്കെ മുതലാക്കുക കൂടി ചെയ്‌തതോടെ കെകെആറിന്റെ തോൽവി പൂർണമായി.
ഒടുവിൽ രണ്ടോവറുകൾ ശേഷിക്കെയാണ് സിഎസ്കെ സീസണിലെ ടീമിന്റെ മൂന്നാം ജയം സ്വന്തമാക്കിയത്. ഋതുരാജ് ഗെയ്‌ക്ക്‌വാദ് പുറത്താകാതെ 58 പന്തിൽ 67 റൺസാണ് നേടിയത്. മത്സരത്തിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് മാൻ ഓഫ് ദി മാച്ച്.
നേരത്തെ 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 137 റൺസ് മാത്രമാണ് കെകെആർ ബാറ്റർമാർക്ക് സ്‌കോർ ബോഡിൽ ചേർക്കാൻ കഴിഞ്ഞത്. ടോസ് നേടിയ സിഎസ്കെ കൊൽക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ നേരിട്ട ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്കായി ഫിൽ സാൾട്ട് മടങ്ങിയപ്പോൾ തന്നെ വരാനിരിക്കുന്നതിന്റെ ഒരു സൂചന കൊൽക്കത്ത ക്യാമ്പിന് ലഭിച്ചിരുന്നു. മിന്നും ഫോമിലുള്ള സുനിൽ നരെയ്ൻ തനിക്കാവും വിധം ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ട് പോവാൻ ശ്രമിച്ചു.
എന്നാൽ ചെപ്പോക്കിലെ സ്ലോ പിച്ചിൽ കൂറ്റനടികൾ ഒരൽപം ബുദ്ധിമുട്ടേറിയതായിരുന്നു, പ്രത്യേകിച്ച് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്. ചെന്നൈ നിരയിൽ രവീന്ദ്ര ജഡേജ ആയിരുന്നു ഏറ്റവും അപകടകാരി. മുൻ ക്യാപ്റ്റൻ വിക്കറ്റു വീഴ്ത്തുന്നതിനൊപ്പം റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കൂടി കാട്ടിയതോടെ മത്സരം ഒരു പരിധിവരെ ചെന്നൈയുടെ കൈകളിലായി.
ഓപ്പണർ സുനിൽ നരെയ്‌നും രഘുവംശിയും രണ്ടാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും അതിന് അധികം ആയുസുണ്ടായില്ല. സ്‌കോർ ബോർഡിൽ അൻപത് റൺസ് കടന്നപ്പോഴേക്കും രഘുവംശി വീണു. രവീന്ദ്ര ജഡേജയ്ക്ക് ആയിരുന്നു വിക്കറ്റ്. പിന്നാലെ അധികം വൈകും മുൻപേ സുനിൽ നരെയ്‌നും കൂടാരം കയറി. ഈ വിക്കറ്റും ജഡേജ തന്നെയാണ് വീഴ്ത്തിയത്.
സുനിൽ നരെയ്ൻ 20 പന്തിൽ 27 റൺസ് നേടിയപ്പോൾ രഘുവംശി 18 പന്തിൽ 24 റൺസാണ് നേടിയത്. പിന്നാലെ ഇറങ്ങിയ നായകൻ ശ്രേയസ് അയ്യർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. എന്നാൽ സ്‌കോർ ബോർഡ് ഇഴഞ്ഞു നീങ്ങിയത് കെകെആറിന് തടസമായി തന്നെ നിന്നു. വെങ്കടേഷ് അയ്യർ, രമൻദീപ് സിംഗ്, റിങ്കു സിംഗ് എന്നിവർ വന്നതിലും വേഗത്തിൽ മടങ്ങി.
ഇതോടെ അവസാന പ്രതീക്ഷ ശ്രേയസ് അയ്യറിലും വെടിക്കെട്ട് വീരൻ ആന്ദ്രേ റസലിലുമായിരുന്നു. ശ്രേയസ് പതിയെ തന്നെയാണ് ബാറ്റ് വീശിയത്. പിച്ചിന്റെ ഘടന മനസിലാക്കിയ ഇരുവരും പരമാവധി റൺസ് നഷ്‌ടം കൂടാതെ സ്‌കോർ ബോർഡിൽ ചെറുക്കാനാണ് ശ്രമിച്ചത്. ശ്രേയസ് അയ്യർ 32 പന്തിൽ 34 റൺസും, റസൽ 10 പന്തിൽ 10 റൺസുമാണ് നേടിയത്.
അവസാന ഓവർ ആവുമ്പോഴേക്കും രണ്ട് പേരെയും ചെന്നൈ പവലിയനിലേക്ക് മടക്കിയിരുന്നു. ചെന്നൈക്ക് വേണ്ടി രവീന്ദ്ര ജഡേജയ്ക്ക് പുറമെ തുഷാർ ദേശ്‌പാണ്ഡെയും മൂന്ന് വിക്കറ്റ് വീഴ്ത്തി. മഹീഷ തീക്ഷണയും മുസ്‌തഫിസുർ റഹ്മാനും മികച്ച രീതിയിൽ പന്തെറിഞ്ഞതും അവർക്ക് തുണയായി. ശാർദൂൽ താക്കൂറും ഭേദപ്പെട്ട ബൗളിങ് നടത്തി.
ഇന്നത്തെ ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് ആറ് പോയിന്റായി. പട്ടികയിൽ നാലാം സ്ഥാനത്താണ് അവരുള്ളത്. തോൽവിയോടെ കെകെആറിന്റെ അപരാജിത കുതിപ്പ് അവസാനിക്കുകയും ചെയ്‌തു. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച അവർ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിന് തൊട്ട് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോഴുള്ളത്.












Click it and Unblock the Notifications