ധോണിയെ സിഎസ്‌കെയ്ക്ക് വേണ്ടേ? ആശങ്കയായി ടീം സിഇഒയുടെ വാക്കുകൾ, 'അതിനെകുറിച്ച് ചിന്തിച്ചിട്ടില്ല'
ചെന്നൈ: ഐപിഎൽ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് എംഎസ് ധോണി. തന്റെ 43ആം വയസിലും കർമ്മനിരതനായി കളിക്കളത്തിൽ എത്തുന്ന തല ധോണിയെ യുവതാരങ്ങൾ ഏറെ ആരാധനയോടെയാണ് നോക്കി കാണാറുള്ളത്. എന്നാൽ ഇനി ആ മാന്ത്രികത കാണാൻ സിഎസ്കെ ആരാധകർക്കും ക്രിക്കറ്റ് പ്രേമികൾക്കും കഴിയില്ലേ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
അതിന് കാരണമായതാവട്ടെ ചെന്നൈ സൂപ്പർ കിംഗ്‌സ് സിഇഒ കൂടിയായ കാശി വിശ്വനാഥന്റെ ഒരു പ്രതികരണമാണ്. ധോണിയെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലെ ചോദ്യത്തിൽ അദ്ദേഹം നടത്തിയ പ്രതികരണമാണ് ആരാധകരിൽ ആശങ്ക പടർത്തുന്നത്. ധോണിയെ ഇനി മഞ്ഞ കുപ്പായത്തിൽ കാണാൻ കഴിയില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഇപ്പോഴത്തെ ഘട്ടത്തിൽ ധോണിയുടെ കാര്യത്തിൽ ഉറപ്പ് നൽകാൻ പറ്റില്ലെന്നാണ് കാശി വിശ്വനാഥൻ പറയുന്നത്. അൺക്യാപ്പ്ഡ് പ്ലയർ നിയമം ധോണിക്ക് വേണ്ടി ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നും സിഇഒ വെളിപ്പെടുത്തുന്നു. ധോണിയുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇതോടെയാണ് ആരാധകർ ഇളകിയിരിക്കുന്നത്.
'ഈ ഘട്ടത്തിൽ ഞങ്ങൾക്ക് ഉറപ്പിച്ചു പറയാൻ കഴിയില്ല. ധോണിയുമായി ഞങ്ങൾ ചർച്ചകൾ ഒന്നും നടത്തിയിട്ടില്ല. അദ്ദേഹം യുഎസിലായിരുന്നു, അതുകൊണ്ട് ചർച്ചകൾക്ക് സാധിച്ചിരുന്നില്ല. അടുത്ത ആഴ്‌ചകളിൽ എന്തെങ്കിലും തീരുമാനം ഉണ്ടാവുമെന്ന് കരുതാം. അദ്ദേഹം കളിക്കുമെന്ന് തന്നെയാണ് കരുതുന്നത്. എന്നാൽ അന്തിമ തീരുമാനം ധോണിയുടേത് തന്നെയാണ്' കാശി വിശ്വനാഥൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
പുതിയ നിയമം ഉപയോഗിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നാണ് കാശി വിശ്വനാഥൻ പറയുന്നത്. ഇതിന് പിന്നാലെയാണ് ആരാധകർ കടുത്ത നിരാശ പ്രകടിപ്പിക്കുന്നത്. ഒരിക്കൽ കൂടി ധോണിയെ മഞ്ഞക്കുപ്പായത്തിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ മുൻപ് ഇന്ത്യൻ ടീമിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചത് പോലെ ഐപിഎല്ലിൽ നിന്നും ധോണി പിന്മാറുമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
നേരത്തെ ഐപിഎല്ലിൽ പുതിയ അൺക്യാപ്പ്ഡ് പ്ലയർ നിയമം വന്നതോടെ ധോണിയെ എളുപ്പത്തിൽ സിഎസ്കെയ്ക്ക് നിലനിർത്താം എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അഞ്ച് വർഷത്തിന് മുൻപ് വിരമിച്ച ഇന്ത്യൻ താരങ്ങളെ അൺക്യാപ്പ്ഡ് പ്ലയറായി കണക്കാക്കി ടീമുകൾക്ക് നിലനിർത്താൻ അവസരം ലഭിക്കുന്ന നിയമമാണ് പുതുതായി വന്നത്. നേരത്തെ 2022 വരെ ഈ നിയമം ഉണ്ടായിരുന്നെങ്കിലും അത് റദ്ദാക്കുകയായിരുന്നു.
നാല് കോടി രൂപ വരെയാണ് ഇത്തരത്തിൽ നിലനിർത്തുന്ന താരങ്ങൾക്ക് പ്രതിഫലമായി ലഭിക്കുക. എന്നാൽ ധോണിയുടെ കാര്യത്തിൽ സിഇഒ തന്നെ സംശയം പ്രകടിപ്പിച്ചതോടെ ഇനിയെന്താവും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്രയൊക്കെ ആണെങ്കിലും അർഹിച്ച ബഹുമാനത്തോടെ തന്നെ ധോണി കളം വിടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്, സീസൺ തുടങ്ങാൻ ഇനിയും മാസങ്ങൾ ശേഷിക്കുന്ന സാഹചര്യത്തിൽ ഒരു അത്ഭുതം അവരും പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications