ഈ നാണക്കേടിന്റെ പട്ടികയിൽ രോഹിതും; രണ്ടാമത് മറ്റൊരു മുതിർന്ന താരം, തലയിൽ കൈവച്ച് ആരാധകർ
ഐപിഎൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിൽ ഒന്നാണ്. ലോകമെമ്പാടുമുള്ള ഐസിസി അംഗീകൃത രാജ്യങ്ങളിലെ താരങ്ങളൊക്കെ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്റ് അതിന്റെ വ്യാപ്‌തി കൊണ്ട് ലോകത്തിലെ ഏത് കായിക മാമാങ്കത്തോടും മാറ്റുരയ്ക്കാൻ ശേഷിയുള്ളതാണ്. അതുകൊണ്ട് തന്നെ സവിശേഷമായ ഒട്ടേറെ റെക്കോർഡുകളും ഐപിഎല്ലിന് സ്വന്തമായുണ്ട്.
ഇപ്പോഴിതാ ഐപിഎല്ലിലെ മറ്റൊരു റെക്കോർഡിനെ കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ സംപൂജ്യരായി മടങ്ങിയ താരങ്ങളുടെ പട്ടികയിൽ ചില വമ്പൻ പേരുകളും ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. മറ്റാരുമല്ല ഇന്ത്യൻ ദേശീയ ടീം നായകൻ രോഹിത് ശർമ്മയാണ് പട്ടികയിൽ ഇടംപിടിച്ച പ്രമുഖ താരങ്ങളിൽ ഒരാൾ.

ഒന്നര പതിറ്റാണ്ടുകാലം ഇന്ത്യൻ ദേശീയ ടീമിലെ സാന്നിധ്യമായിരുന്ന ദിനേശ് കാർത്തിക്കാണ് പട്ടികയിൽ ഇടം നേടിയ മറ്റൊരു പ്രമുഖൻ. ഇവരെ കൂടാതെ മറ്റ് ചില വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളുമൊക്കെ ഇതിലുണ്ടെന്നതാണ് ശ്രദ്ധേയം. ഏതെങ്കിലും ഒരു സീസൺ ആധാരമാക്കിയല്ല ഈ പട്ടിക ഒരുക്കിയത്. താരങ്ങൾ കളിച്ച മുഴുവൻ ഐപിഎൽ മത്സരങ്ങളും ഇതിനായി പരിഗണിക്കും.
ഈ മോശം റെക്കോർഡിൽ ഒന്നാമതുള്ളത് ഇന്ത്യൻ ദേശീയ ടീമിലെ സാന്നിധ്യവും വിക്കറ്റ് കീപ്പർ ബാറ്ററുമായ ദിനേശ് കാർത്തിക് ആണ്. 17 തവണയാണ് കാർത്തികിന് അക്കൗണ്ട് തുറക്കും മുൻപ് പവലിയനിലേക്ക് മടങ്ങേണ്ടി വന്നത്. ഐപിഎല്ലിൽ ഇതുവരെ 22 മത്സരങ്ങളാണ് താരം കളിച്ചത്. നിലവിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടിയാണ് താരം കളിക്കുന്നത്.
രോഹിത് ശർമ്മയാണ് കാർത്തിക്കിന് തൊട്ടുപിന്നിൽ. 16 തവണ ബൗളർമാർക്ക് മുൻപിൽ റൺസ് എടുക്കും മുൻപ് രോഹിത് കീഴടങ്ങി. ആകെ 239 ഇന്നിംഗ്‌സുകൾ രോഹിത് ശർമ്മ ടൂർണമെന്റിൽ കളിച്ചിട്ടുണ്ട്/ നിലവിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമാണ് രോഹിത് ശർമ്മ.
മറ്റ് താരങ്ങൾ
ബൗളർമാരാണ് ഇനി പട്ടികയിൽ കൂടുതലും ഉള്ളത്. വാലറ്റത്ത് പലപ്പോഴും പരീക്ഷണങ്ങൾ നടത്താൻ ശ്രമിക്കുന്ന താരങ്ങൾ ഏറെയുണ്ട്. മൂന്നാം സ്ഥാനത്ത് ഉള്ളത് പിയൂഷ് ചൗളയാണ്. 87 ഇന്നിംഗ്‌സുകളിൽ നിന്ന് 15 തവണയാണ് താരം പൂജ്യം നേടിയത്. സുനിൽ നരെയ്‌നും ഇതേ എണ്ണം തന്നെയാണ് പൂജ്യത്തിന് പുറത്തായതിൽ ഉള്ളത്.
ഇന്ത്യയുടെ യുവ ബാറ്റർ മൻദീപ് സിംഗ് പട്ടികയിൽ ഇടം നേടിയത് 15 ഡക്കുകളുമായാണ്. പിന്നാലെ ഓസീസ് വെടിക്കെട്ട് വീരൻ ഗ്ലെൻ മാക്‌സ്‌വെൽ 15 തവണയും, അഫ്‌ഗാൻ സെൻസേഷൻ റാഷിദ് ഖാൻ 14 തവണയും പൂജ്യത്തിന് പുറത്തായിട്ടുണ്ട്. മനീഷ് പാണ്ഡെ, അമ്പാട്ടി റായുഡു എന്നിവരും സമാന എണ്ണം ഡക്കുകളുമായി പട്ടികയിലുണ്ട്












Click it and Unblock the Notifications