ജയ്‌പൂരിൽ ഗില്ലാട്ടം, തെവാത്തിയയും റാഷിദ് ഖാനും തകർത്താടി; സഞ്ജുവിന്റെ വഴിമുടക്കി ഗുജറാത്ത്
ഐപിഎല്ലിൽ കരുത്തരുടെ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന് രാജസ്ഥാൻ റോയൽസിന് എതിരെ തകർപ്പൻ ജയം. അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ വിജയം. നായകൻ ശുഭ്മാൻ ഗില്ലിന്റെ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് ഗുജറാത്ത് ചേസിംഗ് പൂർത്തിയാക്കിയത്
മറുപടി ബാറ്റിങ്ങിൽ 197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് സായ് സുദർശനും ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. നായകൻ കൂടിയായ ഗിൽ മികച്ച ഫോമിന്റെ മിന്നലാട്ടം തുടക്കം മുതൽ പ്രകടമാക്കി. സായ് സുദർശൻ പതിയെയാണ് ഇന്നിംഗ്‌സ് ബിൽഡ് ചെയ്‌തത്. സ്‌കോർ ബോർഡ് ചലിച്ചു തുടങ്ങിയതോടെ ഗില്ലും ട്രാക്കിലായി.

ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് അൻപത് കടന്നിരുന്നു. എന്നാൽ 35 റൺസെടുത്ത സായ് പുറത്തായതോടെ ഗിൽ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഗുജറാത്ത് നിരയിൽ പിന്നീട് വന്നവർക്ക് ആർക്കും തന്നെ കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. നിരനിരയായി ഗുജറാത്ത് ബാറ്റർമാർ പിന്നെ കൂടാരം കയറുന്ന കാഴ്‌ചയാണ് കണ്ടത്.
ഇടയ്ക്ക് വിജയ് ശങ്കർ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല. പത്ത് പന്തിൽ 14 റൺസാണ് താരം നേടിയത്. മറ്റ് ബാറ്റർമാരിൽ പറയത്തക്ക റൺസ് ആരും നേടിയിരുന്നില്ല. മാത്യു വേഡും അഭിനവ് മനോഹറും ഒന്നും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ല. ഒടുവിൽ മികച്ച രീതിയിൽ ബാറ്റ് വീശിയ ഗില്ലും പുറത്തായതോടെ ടീമിന്റെ പ്രതീക്ഷകൾ അസ്‌തമിച്ചു.
എന്നാൽ അവിടെ നിന്നാണ് രാഹുൽ തെവാത്തിയയും റഷീദ് ഖാനും കൂടി ടീമിനെ ചുമലിലേറ്റിയത്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടാണ് മത്സരം ഗുജറാത്തിന്റെ വരുതിയിലാക്കിയത്. റോയൽസ് ബൗളർമാരിൽ കുൽദീപ് സെൻ ആണ് മികച്ച പ്രകടനം കാഴ്‌ച വെച്ചത്. മൂന്ന് വിക്കറ്റാണ് തരാം വീഴ്ത്തിയത്. യൂസ്‌വേന്ദ്ര ചഹാൽ രണ്ട് വിക്കറ്റുകളുമായി പിന്തുണ നൽകി. മറ്റ് ബൗളർമാരും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്.
നേരത്തെ തുടർച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഗുജറാത്തിനെതിരെ മികച്ച സ്‌കോറാണ് പടുത്തുയർത്തിയത്. ഗുജറാത്തിന് 197 റൺസ് വിജയലക്ഷ്യമാണ് റോയൽസ് ഒരുക്കിയത്. അർധ സെഞ്ച്വറി നേടിയ റിയാൻ പരാഗും നായകൻ സഞ്ജു സാംസണുമാണ് റോയൽസിനെ മുന്നോട്ട് നയിച്ചത്.
ടോസ് നേടിയ ഗുജറാത്ത് രാജസ്ഥാൻ റോയൽസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർ യശസ്വി ജയ്‌സ്വാൾ മികച്ച തുടക്കമാണ് അവർക്ക് നൽകിയത്. ജോസ് ബട്ട്ലറും ജയ്‌സ്വാളും ചേർന്ന് സ്‌കോർ ബോർഡ് പതിയെ മുന്നോട്ട് നീക്കി കൊണ്ടിരിക്കെ ബട്ട്ലർ പുറത്താവുകയായിരുന്നു. താരത്തിന് കഴിഞ്ഞ കളിയിലെ ഫോം നിലനിർത്താൻ കഴിഞ്ഞില്ല.
പത്ത് പന്തിൽ എട്ട് റൺസുമായി ബട്ട്ലർ മടങ്ങുമ്പോൾ സ്‌കോർ ബോർഡിൽ വെറും 32 റൺസ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ അധികം വൈകാതെ തന്നെ മറ്റൊരു ഓപ്പണറായ് ജയ്‌സ്വാളും ഡഗ് ഔട്ടിലേക്ക് മടങ്ങുന്ന കാഴ്‌ചയാണ് കണ്ടത്. വൺ ഡൗണായി ഇറങ്ങിയ സഞ്ജു സാംസൺ പിന്നീട് മത്സരം ചുമലിലേറ്റുകയായിരുന്നു.
ഒരു മികച്ച ക്യാപ്റ്റൻസ് നോക്ക് എന്ന് വിളിക്കാവുന്ന ഇന്നിംഗ്‌സ് തന്നെയായിരുന്നു സഞ്ജുവിന്റേത്. കൂട്ടിന് റിയാൻ പരാഗ് കൂടിയെത്തിയതോടെ കളി മാറി. ഇരുവരും ചേർന്ന് രാജസ്ഥാൻ റോയൽസിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പരാഗ് ആണ് ആദ്യം അർധ സെഞ്ച്വറി തികച്ചതെങ്കിലും സഞ്ജുവായിരുന്നു സ്ട്രൈക്ക് റേറ്റിൽ കേമൻ. റൺ റേറ്റ് താഴാതിരിക്കാൻ സഞ്ജു ഇടയ്ക്കിടെ ശ്രദ്ധിച്ചതിന്റെ ഫലമായി അടിക്കടി ബൗണ്ടറികൾ പിറന്നു.
മറുവശത്ത് റിയാൻ പരാഗ് സിക്‌സറുകൾ അടിക്കാനാണ് സമയം കണ്ടെത്തിയത്. ഇരുവരും ചേർന്ന് സ്‌കോർ 150 കടത്തിയപ്പോഴേക്കും രാജസ്ഥാന് ആശ്വാസമായി. സഞ്ജു പിന്നാലെ അർധ സെഞ്ച്വറി തികയ്ക്കുകയും ചെയ്‌തു. ഈ സീസണിലെ തന്റെ മൂന്നാമത്തെ അർധ സെഞ്ച്വറിയാണ് സഞ്ജു സാംസൺ ഇന്ന് സ്വന്തമാക്കിയത്.
ഒടുവിൽ റിയാൻ പരാഗ് പുറത്താവുമ്പോഴും രാജസ്ഥാൻ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയിരുന്നു. 48 പന്തിൽ 76 റൺസാണ് താരം നേടിയത്. അതിൽ അഞ്ച് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും ഉൾപ്പടുന്നു. മോഹിത് ശർമ്മയാണ് ഈ വിക്കറ്റെടുത്തത്. സഞ്ജു പുറത്താവാതെ 68 റൺസാണ് നേടിയത്. അവസാന നിമിഷം ഹെറ്റ്‌മെയർ അഞ്ച് പന്തിൽ 13 റൺസ് നേടി ദൗത്യം പൂർത്തിയാക്കി.
ഗുജറാത്ത് ബൗളർമാരിൽ റാഷിദ് ഖാൻ റൺസ് വിട്ടുകൊടുക്കുന്നതിൽ കണിശത കാട്ടി. നാല് ഓവർ പന്തെറിഞ്ഞ താരം കേവലം 15 റൺസ് മാത്രമാണ് വിട്ട് കൊടുത്തത്. ജോസ് ബട്ട്ലറുടെ നിർണായക വിക്കറ്റും റാഷിദ് നേടി. മറ്റ് ബൗളർമാർക്ക് ആർക്കും കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞില്ല. ഉമേഷ് യാദവ് ഒരു വിക്കറ്റ് വീഴ്ത്തി.












Click it and Unblock the Notifications