ധോണിക്ക് സിക്‌സറടിക്കാനാണോ പന്തെറിയുന്നത്? ഹര്‍ദിക് തല്ലിപ്പൊളി ക്യാപ്റ്റനെന്ന് ഗവാസ്‌കര്‍
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്കെതിരെ കടുത്ത വിമര്‍ശനം. മത്സരത്തില്‍ ഹര്‍ദിക്കിന്റെ ബൗളിംഗും ക്യാപ്റ്റന്‍സിയും വളരെ മോശമായിരുന്നു. ഹര്‍ദിക് പാണ്ഡ്യ ഏറിഞ്ഞ അവസാന ഓവറില്‍ തുടരെ മൂന്ന് സിക്‌സറുകളാണ് മഹേന്ദ്ര സിംഗ് ധോണി അടിച്ചത്.
ഈ ഓവറാണ് മത്സരത്തില്‍ ചെന്നൈക്ക് ജയം സമ്മാനിച്ചത്. കാരണം മുംബൈ തോറ്റത് ഇരുപത് റണ്‍സിനായിരുന്നു. ധോണി എടുത്തത് നാല് പന്തില്‍ ഇരുപത് റണ്‍സുമായിരുന്നു. അതേസമയം ഹര്‍ദിക്കിന്റെ മോശം പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍.

ധോണി സിക്‌സറടിക്കട്ടെ എന്ന മനോഭാവത്തിലാണ് ഹര്‍ദിക് പന്തെറിഞ്ഞതെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ഒരു സിക്‌സ് ഒക്കെ കൊടുക്കുന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ അടുത്ത പന്ത് വീണ്ടും ലെങ്ത് ബൗളായിരുന്നു. ആ സമയം ബാറ്റ്‌സ്മാന്‍ ലെങ്ത് ബൗളിനായി കാത്തിരിക്കുകയാണെന്ന് നമുക്കറിയാം. എന്നിട്ടും ഹര്‍ദിക്ക് അത്തരമൊരു പന്താണ് എറിഞ്ഞത്.
മൂന്നാമത്തെ പന്താണെങ്കില്‍ ലെഗ് സൈഡില്‍ ഫുള്‍ടോസായിരുന്നു. ധോണി കാത്തിരുന്ന പന്താണ് ലഭിച്ചത്. അതിലും സിക്‌സറാണ് പറത്തിയത്. തീര്‍ത്തും സാധാരണ ബൗളിംഗാണിത്. അതുപോലെ ക്യാപ്റ്റന്‍സിയും യാതൊരു മികവുമില്ലാത്തതായിരുന്നു. തീര്‍ത്തും സാധാരണം എന്നും ഗവാസ്‌കര്‍ പറഞ്ഞു.
ചെന്നൈ ടീമിനെ 185-190 റണ്‍സില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുമായിരുന്നുവെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു. ഹര്‍ദിക്കിന് ഒരു പ്ലാന്‍ പരാജയപ്പെട്ടപ്പോള്‍ മറ്റൊന്ന് പുറത്തെടുക്കാന്‍ ഇല്ലായിരുന്നുവെന്ന് കെവിന്‍ പീറ്റേഴ്‌സന്‍ കുറ്റപ്പെടുത്തി. ഹര്‍ദിക്കിന് പ്ലാന്‍ എ കൈയ്യിലുണ്ട്. എന്നാല്‍ പ്ലാന്‍ ബി ആവശ്യമായി വന്നപ്പോള്‍ അതെടുക്കാന്‍ ഹര്‍ദിക്കിന് സാധിച്ചില്ല. ഒരോവറില്‍ ഇരുപത് റണ്‍സ് വെച്ചാണ് പേസര്‍മാര്‍ നല്‍കുന്നത്.
എന്തുകൊണ്ട് ആ സമയം സ്പിന്നര്‍മാരെ ഉപയോഗിച്ചില്ല. അവര്‍ക്ക് നല്ല രീതിയില്‍ പന്തെറിയുന്ന സ്പിന്നര്‍മാരുണ്ട്. മത്സരത്തിന്റെ ഗതി മാറ്റേണ്ടതുണ്ട്. ക്യാപ്റ്റന്‍സിയും മത്സരത്തിലെ സമ്മര്‍ദവും ഹര്‍ദിക്കിനെ ബാധിക്കുന്നുണ്ട്. കളത്തില്‍ അതൊന്നും ബാധിക്കില്ലെന്ന് കാണിക്കാന്‍ ശ്രമിക്കുകയാണ് ഹര്‍ദിക് എന്നും കെവിന്‍ പീറ്റേഴ്‌സന്‍ പറഞ്ഞു.
ധോണി ഹര്‍ദിക്കിനെ സിക്‌സറടിക്കുമ്പോള്‍ സ്‌റ്റേഡിയത്തിലുള്ളവര്‍ കൈയ്യടിക്കുകയാണ്. മുംബൈ ആരാധകര്‍ അദ്ദേഹത്തെ കൂവി വിളിക്കുകയാണ്. തീര്‍ച്ചയായും അത് ഒരു കളിക്കാരനെ ബാധിക്കും. കാരണം ഹര്‍ദിക്കിനും വികാരങ്ങളുണ്ട്. അദ്ദേഹമൊരു ഇന്ത്യന്‍ താരമാണ്. ഒരിക്കലും ഇത്തരത്തിലുള്ള ഒരു സമീപനം അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവില്ല.
ഹര്‍ദിക്കിന്റെ കളിയെയും അതുപോലെ വ്യക്തിപരമായും ഇക്കാര്യങ്ങള്‍ ബാധിക്കുന്നുണ്ട്. തീര്‍ച്ചയായും എന്തെങ്കിലും സംഭവിക്കേണ്ട സ മയമായെന്നും കെവിന്‍ പീറ്റേഴ്‌സന്‍ പറഞ്ഞു. ഹര്‍ദിക് അവസാന ഓവര്‍ എറിഞ്ഞത് ആകാശ് മദ്വാളില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ്. അതുപോലെ സ്വന്തം ബൗളിംഗിലും ഹര്‍ദിക്കിന് വിശ്വാസമില്ലെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.












Click it and Unblock the Notifications