ഹർദിക് ഒരു ബാധ്യതയാവുമോ? തുറന്ന വിമർശനവുമായി ഇർഫാൻ പത്താൻ, ലോകകപ്പിലും കളിക്കാൻ ആവില്ലേ?
ഐപിഎൽ ഈ സീസണിൽ ഒരുപക്ഷേ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തുന്ന സംഭവ വികാസങ്ങൾ ഒരുപാടുണ്ട്. അതിൽ പ്രധാനമാണ് വിരാട് കോഹ്ലി കളിക്കുമോ എന്നതും ഹർദിക് പാണ്ഡ്യയുടെ മോശം ഫോമും. ഇന്ത്യയുടെ ഭാവി നായകനായി എല്ലാവരും വിലയിരുത്തിയ ഹർദിക്കിന്റെ പതനം പൊടുന്നനെയായിരുന്നു.
ഇപ്പോഴിതാ മുംബൈ ഇന്ത്യൻസ് തുടർ തോൽവികളിൽ പെട്ട് വലയുമ്പോൾ ഹാർദികിന്റെ മോശം ഫോമിൽ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ രംഗത്ത് വന്നിരിക്കുകയാണ്. പലപ്പോഴും മുംബൈയുടെ പരാജയങ്ങളിൽ പാണ്ഡ്യയുടെ മോശം ഫോമും വലിയ രീതിയിൽ കാരണം ആവുന്നുണ്ടെന്ന വിമർശനം പല ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. ഇതിനിടയിലാണ് പത്താൻ പരസ്യ വിമർശനം നടത്തുന്നത്.

ട്വിറ്ററിലൂടെ ആയിരുന്നു ഇർഫാൻ പത്താൻ പാണ്ഡ്യയുടെ മോശം ഫോമിനെ കുറിച്ച് പറഞ്ഞത്. 'ഹാർദിക് പാണ്ഡ്യയുടെ പന്തടിക്കാനുള്ള കഴിവ് കുറഞ്ഞു വരികയാണ്. അത് വലിയ ആശങ്കയാണ്. വാങ്കഡെയിൽ അദ്ദേഹം വ്യത്യസ്‌തനാണ്, എന്നാൽ ബാറ്റർമാർക്ക് ചെറിയ സഹായം പോലും ലഭിക്കാത്ത പിച്ചുകളിലാണ് അദ്ദേഹം വിഷമിക്കുന്നത്" ഇർഫാൻ പത്താൻ ചൂണ്ടിക്കാട്ടി.
നേരത്തെ നാല് വട്ടം മുംബൈ ഇന്ത്യൻസിനെ കിരീടത്തിലേക്ക് നയിച്ച നായകനായ രോഹിത് ശർമ്മയെ മാറ്റിയാണ് ഹർദിക് പാണ്ഡ്യയെ നേതൃ സ്ഥാനത്തേക്ക് മാനേജ്‌മെന്റ് അവരോധിച്ചത്. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ആരാധകരിൽ നിന്നുൾപ്പെടെ ഉണ്ടായത്. രോഹിതിനെ മാറ്റിയതിൽ മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ നീരസം പ്രകടിപ്പിച്ചിരുന്നു.
തുടർന്ന് സീസൺ ആരംഭിച്ച ,മുംബൈക്ക് മോശം തുടക്കമാണ് ലഭിച്ചത്. പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കഴിഞ്ഞ എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും അഞ്ച് തോൽവിയുമായി ഏഴാം സ്ഥാനത്താണ് അവരുള്ളത്. ഇതോടെ സുരേഷ് റെയ്‌ന അടക്കമുള്ള താരങ്ങൾ രോഹിത് ശർമ്മയെ മുംബൈ നായകനായി തിരിച്ചു കൊണ്ട് വരണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു.
അതേസമയം, ഐപിഎല്ലിലെ മോശം ഫോം തുടരവേ പാണ്ഡ്യയെ കാത്ത് വെല്ലുവിളികൾ വേറെയുമുണ്ട്. ടി20 ലോകകപ്പിനുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തരുതെന്ന നിലയിലുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ഏറ്റവും മികച്ച താരങ്ങളെയാണ്, ഫോമിലുള്ളവരെയാണ് ടീമിൽ കൊണ്ട് വരേണ്ടതെന്നാണ് മുൻ താരങ്ങളുടെ ഉൾപ്പെടെ അഭിപ്രായം.
രോഹിത് ശർമ്മ ദേശീയ ടീമിന്റെ നായക പദവി ഒഴിഞ്ഞാൽ അവിടേക്ക് അടുത്തതായി എത്താൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന താരമായിരുന്നു ഹർദിക് പാണ്ഡ്യ. എന്നാൽ ഇപ്പോഴത്തെ താരത്തിന് സാഹചര്യത്തിൽ ടീമിൽ ഇടം കിട്ടുമോ എന്ന കാര്യം പോലും സംശയമാണ്. പ്രത്യേകിച്ച് ഫോമിലുള്ള ഒട്ടേറെ യുവതാരങ്ങൾ അവസരം കാത്തിരിക്കുന്ന സാഹചര്യത്തിൽ മാനേജ്‌മെന്റ് മാറി ചിന്തിക്കാനാണ് സാധ്യത.












Click it and Unblock the Notifications