വിരാട് കോലിയോ? ആ നേട്ടം ബുംറയ്ക്ക് മാത്രമേ ലഭിക്കൂ; ഹര്‍ഭജന്റെ മെഗാ ഐപിഎല്‍ പ്രവചനം
മുംബൈ: ഐപിഎല്‍ താരലേലം തുടങ്ങാന്‍ ഇനി ഏതാനും മാസങ്ങളാണ് ഉള്ളത്. ഇതിനോടകം വലിയ ചര്‍ച്ചകള്‍ താരലേലത്തെ കുറിച്ച് ആരംഭിച്ച് കഴിഞ്ഞു. രോഹിത് ശര്‍മ അടക്കമുള്ളവര്‍ ഇത്തവണ ടീം മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഐപിഎല്‍ താരലേലത്തില്‍ ഏത് താരത്തിനാണ് കൂടുതല്‍ തുക ലഭിക്കുക എന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വാഗ്വാദങ്ങളാണ് നടക്കുന്നത്. ഇപ്പോള്‍ അക്കാര്യത്തില്‍ ഞെട്ടിക്കുന്ന കാര്യം പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.
ജസ്പ്രീത് ബുംറ ലേലത്തില്‍ വന്നാല്‍ സകല റെക്കോര്‍ഡും വീഴുമൈന്ന് പറയുകയാണ് ഭാജി. ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റാര്‍ പ്ലെയറായ വിരാട് കോലിയെ വരെ താരലേലത്തില്‍ ബുംറ മറികടക്കുമെന്നും ഹര്‍ഭജന്‍ പറയുന്നു.

ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം കിട്ടുന്ന താരമായി ബുംറ മാറും. അദ്ദേഹം ലേലത്തിന് ഉണ്ടാവുമോ എന്ന് മാത്രമേ നോക്കേണ്ടതുള്ളൂവെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ബുംറ ലേലത്തിനുണ്ടായാല്‍ അത് ചരിത്രം തിരുത്തി കുറിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു പക്ഷേ ബുംറ താരലേലത്തില്‍ പങ്കെടുക്കാനുള്ള സാധ്യത വളരെ കുറവാണ്.
നിലവില്‍ മുംബൈ ഇന്ത്യന്‍സില്‍ ഏറ്റവും മൂല്യമേറിയ താരമാണ് ബുംറ. താരത്തെ കൈവിടാന്‍ മുംബൈ ഒരിക്കലും തയ്യാറാവില്ല. അതേസമയം ടീമിലെ ചില പ്രശ്‌നങ്ങള്‍ കാരണം ബുംറ മുംബൈ വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. രോഹിത് ശര്‍മയ്‌ക്കൊപ്പം ലഖ്‌നൗവിലേക്കോ പഞ്ചാബിലേക്കോ ബുംറ പോകാനുള്ള സാധ്യതയും ആരാധകര്‍ തള്ളിക്കളയുന്നില്ല.
ഐപിഎല്ലില്‍ അരങ്ങേറിയത് മുതല്‍ മുംബൈയുടെ ഭാഗമാണ് ബുംറ. തുടക്കത്തില്‍ ടി20യിലെ മികച്ച ബൗളര്‍ എന്ന പേരായിരുന്നു ബുംറയ്ക്കുണ്ടായിരുന്നത്. പിന്നീട് എല്ലാ ഫോര്‍മാറ്റിലെയും മികച്ച ബൗളര്‍ എന്ന ലേബലും ബുംറയ്ക്ക് ലഭിച്ചിരുന്നു. അതേസമയം ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ മുംബൈ നിരാശപ്പെടുത്തുന്ന പ്രകടനമാണ് 2024 ഐപിഎല്ലില്‍ മുംബൈ കാഴ്ച്ചവെച്ചത്.
പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിരുന്നു മുംബൈ. ടീമംഗങ്ങളും ഹര്‍ദിക്കും തമ്മിലുള്ള ഒത്തൊരുമയില്ലായ്മയും ഏറെ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. രോഹിത്തിനെ ടൂര്‍ണമെന്റ് തുടങ്ങും മുമ്പ് മാറ്റിയത് പലര്‍ക്കും അംഗീകരിക്കാനാവാത്തതായിരുന്നു. ആരാധകര്‍ മൊത്തം ടീമിനെതിരെ തിരിഞ്ഞിരുന്നു.
അതേസമയം ടീമിന്റെ പ്രകടനം മോശമായെങ്കിലും ബുംറ ഗംഭീര പ്രകടനമാണ് ഇക്കഴിഞ്ഞ സീസണില്‍ കാഴ്ച്ചവെച്ചത്. 13 മത്സരങ്ങളില്‍ നിന്ന് ഇരുപത് വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തായിരുന്നു ബുംറ. ടി20 ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു.
ഐപിഎല്ലില്‍ ഇതുവരെ 133 മത്സരങ്ങളില്‍ നിന്ന് 165 വിക്കറ്റുകള്‍ ബുംറ വീഴ്ത്തിയിട്ടുണ്ട്. മുംബൈ വരുന്ന സീസണില്‍ ആദ്യം നിലനിര്‍ത്താന്‍ പോകുന്ന താരവും ബുംറയായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. മുംബൈ ടീമില്‍ രണ്ട് താരങ്ങള്‍ ടീം വിടുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ താരലേലത്തില്‍ ഉണ്ടാവുമെന്നും സൂചനയുണ്ട്.












Click it and Unblock the Notifications