എട്ടുനിലയിൽ പൊട്ടി ലഖ്‌നൗ; സുനിൽ നരേൻ എന്തൊരു അടിയാ അടിച്ചത്, രാഹുലിനും കൂട്ടർക്കും നാണക്കേട്
ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് വമ്പൻ തോൽവി ഏറ്റുവാങ്ങി ലഖ്‌നൗ സൂപ്പർ ജയന്റ്സ്. ഏകാന സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 98 റൺസിനാണ് അവർ തോറ്റത്. 236 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്‌നൗവിന് വേണ്ടി ആരും നേതൃത്വം ഏറ്റെടുത്തില്ല. ഇതോടെ ലക്ഷ്യത്തിനും ഒരുപാട് അകലെ വീഴുകയായിരുന്നു അവർ.
ക്യാപ്റ്റൻ കെഎൽ രാഹുൽ ഓപ്പണിംഗിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ച വച്ചെങ്കിലും മറ്റ് താരങ്ങൾ പിന്തുണ നൽകിയില്ല. എന്നാൽ കൂറ്റൻ സ്‌കോർ പിന്തുടരുന്നതിന്റെ അമിതഭാരം ടീമിൽ അപ്പാടെ പ്രകടമായിരുന്നും രാഹുലിനൊപ്പം ഓപ്പണിംഗ് ഇറങ്ങിയ അർഷിൻ കുൽക്കർണി നിരാശപ്പെടുത്തി. ഇമ്പാക്റ്റ് പ്ലെയറായി എത്തിയ താരത്തിന് യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാൻ കഴിഞ്ഞില്ല.

കെഎൽ രാഹുൽ 21 പന്തിൽ 25 റൺസാണ് നേടിയത്. പിന്നീട് കളത്തിൽ ഇറങ്ങിയ താരങ്ങളിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് മാർക്കസ് സ്‌റ്റോനിയനിസ്. അദ്ദേഹം പൊരുതിയെങ്കിലും ലക്ഷ്യം അപ്രാപ്യമായിരുന്നു. സ്‌റ്റോയിനിസിന്റെ പ്രകടനം കൂടി ഇല്ലെങ്കിൽ തോൽവി ഭാരം ലഖ്‌നൗവിന് ഒന്ന് കൂടി ഉയർന്നേനെ.
ശേഷം ഇറങ്ങിയ ബാറ്റർമാരിൽ ആരും പകിട്ടിനൊത്ത പ്രകടനം കാഴ്‌ച വച്ചില്ല. ദീപക് ഹൂഡ, നിക്കോളാസ് പൂരാൻ, ആയുഷ് ബദോനി തുടങ്ങിയവരെല്ലാം പെട്ടെന്ന് തന്നെ മടങ്ങി. അതുകൊണ്ട് തന്നെ ലഖ്‌നൗ ഇന്നിംഗ്‌സിന് 20 ഓവർ ആയുസ് ഉണ്ടായിരുന്നില്ല. ഒടുവിൽ 16.1 ഓവറില്‍ 137 റൺസിന് എല്ലാവരും പുറത്തായി ലഖ്‌നൗ വമ്പൻ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
കൊൽക്കത്തയ്ക്ക് വേണ്ടി ഹർഷിത് റാണയും വരുൺ ചക്രവർത്തിയും മൂന്ന് വിക്കറ്റുകൾ വീതമാണ് വീഴ്ത്തിയത്. ആന്ദ്രേ റസൽ രണ്ട് വിക്കറ്റും മിച്ചൽ സ്‌റ്റാർക്ക് ബാറ്റിങ്ങിൽ തിളങ്ങിയ സുനിൽ നരേൻ എന്നിവർ ഓരോ വിക്കറ്റും വീതമാണ് വീഴ്ത്തിയത്.
അതേസമയം, ലഖ്‌നൗവിനെതിരെ സുനിൽ നരേന്റെ മികവിലാണ് കെകെആർ മികച്ച സ്‌കോർ സ്വന്തമാക്കിയത്. ഇരുപത് ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 235 റൺസാണ് ടീം നേടിയത്. ഇതോടെ ലക്ഷ്യം നേടാൻ രാഹുലും കൂട്ടരും നന്നായി വിയർക്കും. ലഖ്‌നൗവിലെ ഏകാന സ്‌റ്റേഡിയത്തിൽ ടോസ് നേടിയ എൽഎസ്‌ജി കെകെആറിനെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുന്നത് വരെ കാര്യങ്ങളൊക്കെ ശുഭമായിരുന്നു.
എന്നാൽ ഈ ഐപിഎല്ലിലെ സ്ഥിരതയാർന്ന പ്രകടനം കാഴ്‌ച വച്ച ഫിൽ സാൾട്ട് ഒരുവശത്ത് നിന്ന് അടി തുങ്ങിയതോടെ മറ്റൊരു ഓപ്പണറായ സുനിൽ നരേൻ കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല. ഈ സീസൺ അവിസ്‌മരണീയമാക്കിയേ താൻ മടങ്ങൂ എന്ന വാശിയിലാണ് നരേൻ എന്ന് തോനുന്നു. താരത്തിന്റെ അതിവേഗ ബാറിംഗാണ് മത്സരത്തിൽ കെകെആറിന് മേൽകൈ നേടിക്കൊടുത്തത്.
ഫിൽ സാൾട്ട് തുടക്കത്തിലേ ടീമിന്റെ നയം വ്യക്തമാക്കിയിരുന്നു 14 പന്തിൽ താരം 32 റൺസാണ് അടിച്ചു കൂട്ടിയത്. ഇതോടെ തന്നെ പവർ പ്ലേയിൽ പരമാവധി റൺസ് എന്ന ലക്ഷ്യം കെകെആർ കൈവരിച്ചിരുന്നു. അവിടെ നിന്നാണ് നരേൻ മത്സരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തത്. നല്ലതും മോശവും ഒന്നും നോക്കാതെ എല്ലാ പന്തുകളും താരം തിരഞ്ഞുപിടിച്ച് അടിച്ചു.
ആറ് ഫോറുകളും ഏഴ് സിക്‌സറുകളുമാണ് നരേന്റെ ഇന്നിംഗ്‌സിൽ ഉണ്ടായിരുന്നത്. സാൾട്ട് പുറത്തായ ശേഷം ക്രീസിൽ എത്തിയ രാഘവംശി നരേന് മികച്ച പിന്തുണയുമായി ക്രീസിൽ ഉറച്ചു നിന്നതോടെ കാര്യങ്ങൾ എളുപ്പമായി. ഒടുവിൽ 39 പന്തിൽ 81 റൺസുമായി നരേൻ മടങ്ങുമ്പോൾ സ്‌കോർ ബോർഡിൽ 12 ഓവറുകളിൽ 140 റൺസ് എന്ന നിലയിലേക്ക് ഉയർന്നിരുന്നു.
ഇതിന് ശേഷമെത്തിയവരിൽ ആന്ദ്രേ റസൽ മികച്ച തുടക്കം കിട്ടിയെങ്കിലും അത് മുതലാക്കിയില്ല. ഒടുവിൽ എട്ട് പന്തിൽ 12 റൺസുമായാണ് താരം മടങ്ങിയത്. അപ്പോഴേക്കും രഘുവംശിയും പുറത്തായിരുന്നു. താരം 26 പന്തിലാണ് 32 റൺസ് നേടി. പിന്നാലെ ക്രീസിൽ എത്തിയ നായകൻ ശ്രേയസ് അയ്യറും റിങ്കു സിംഗും സ്‌കോർ ബോർഡിനെ മെല്ലെ ചലിപ്പിച്ചു.
ഇരുവരും മികച്ച ഷോട്ടുകൾ കളിച്ചെങ്കിലും കാര്യമായ റൺസ് നേടാൻ കഴിഞ്ഞില്ല, റിങ്കു സിംഗ് 11 പന്തിൽ 16 റൺസുമായി പുറത്തായി. അവസാനമെത്തിയ റമൺദീപ് സിംഗ് സ്ട്രോക്ക് പ്ലേയിലൂടെ സ്‌കോർ ബോർഡിന്റെ വേഗം കൂട്ടാൻ ശ്രമിച്ചു. ഇതോടെ സ്‌കോർ 220 കടക്കുകയായിരുന്നു. ശ്രേയസ് അയ്യർ 15 പന്തിൽ 23 റൺസ് നേടി.
ലഖ്‌നൗ ബൗളിംഗ് നിരയിൽ ആർക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. നാലോവറിൽ 49 റൺസ് വഴങ്ങി ധാരാളിത്തം കാട്ടിയെങ്കിലും മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. മറ്റ് ബൗളർമാരിൽ രവി ബിഷ്‌ണോയ് നാലോവറിൽ 33 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. മറ്റ് ബൗളർമാർ ഒന്നും കാര്യമായ ഇമ്പാക്റ്റ് മത്സരത്തിൽ ഉണ്ടാക്കിയില്ല.












Click it and Unblock the Notifications