ആ തീരുമാനം വന്നത് ഇങ്ങനെ, രോഹിത്തിനെ മാറ്റിയ കാരണം വെളിപ്പെടുത്തി ബൗച്ചര്‍; റിതികയുടെ മറുപടി വൈറല്‍
രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കിയത് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം മുംബൈ ഇന്ത്യന്‍സ് നല്‍കാതിരുന്നത് വലിയ വിവാദവുമായിരുന്നു. ഹര്‍ദിക് പാണ്ഡ്യയെയായിരുന്നു മുംബൈ പകരം ക്യാപ്റ്റനായി നിയമിച്ചത്.
എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹര്‍ദിക്കിനെ കൊണ്ടുവന്നത് മുംബൈ ടീമിലെ തന്നെ പല താരങ്ങളുടെയും അതൃപ്തിക്ക് കാരണമായിരുന്നു. ഇപ്പോഴിതാ രോഹിത്തിനെ മാറ്റാനുള്ള കാരണം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് കോച്ച് മാര്‍ക്ക് ബൗച്ചര്‍. ഇതിന് രോഹിത്തിന്റെ ഭാര്യ നല്‍കിയ മറുപടിയും വൈറലായിരിക്കുകയാണ്.

ക്രിക്കറ്റുമായി ബന്ധപ്പെട്ട് എടുക്കേണ്ടി വന്ന തീരുമാനമാണ് അതെന്ന് ബൗച്ചര്‍ വെളിപ്പെടുത്തുന്നു. മറ്റൊരു കാരണവും അതിന് പിന്നില്‍ ഇല്ല. ഹര്‍ദിക്കിനെ ടീമിലേക്ക് എത്തിക്കാനുള്ള അവസരം ആ സമയത്തുണ്ടായിരുന്നു. ഞങ്ങള്‍ അത് കൃത്യമായി ചെയ്തു. ഇതൊരു മാറ്റത്തിന്റെ സമയമാണ്. ഇക്കാര്യം ഇന്ത്യയിലെ ഒരുപാട് ആളുകള്‍ക്ക് മനസ്സിലാവില്ല.
ആളുകള്‍ എപ്പോഴും വൈകാരികമായി ചിന്തിക്കും. പക്ഷേ വികാരങ്ങള്‍ അതില്‍ നിന്ന് മാറ്റിയാല്‍, ഇതൊരു ക്രിക്കറ്റ്പരമായ തീരുമാനമായിരുന്നുവെന്ന് മനസ്സിലാക്കാം. അത് ടീമിനും രോഹിത്തിനും ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. രോഹിത്തിന് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കൂടുതല്‍ മികവുറ്റ പ്രകടനം കാഴ്ച്ചവെക്കാന്‍ രോഹിത്തിനാവുമെന്നും ബൗച്ചര്‍ പറഞ്ഞു.
രോഹിത്തിനെ ഇപ്പോഴത്തെ സാഹചര്യം ഏറ്റവും എഞ്ചോയ് ചെയ്യാന്‍ അനുവദിക്കുകയാണ് വേണ്ടത്. കൂടുതല്‍ റണ്‍സടിക്കാന്‍ അതിലൂടെ രോഹിത്തിന് സാധിക്കുമെന്ന് ബൗച്ചര്‍ പറയുന്നു. ടീമിനെ നയിക്കുക എന്ന അധികഭാരവും, ക്യാപ്റ്റന്‍സിയുടെ ഹൈപ്പും രോഹിത്തില്‍ നിന്ന് മാറ്റുകയാണ് വേണ്ടതെന്ന് ബൗച്ചര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് സീസണുകളിലായി രോഹിത് വളരെ മോശം ഫോമിലാണ് മുംബൈയില്‍ കളിക്കുന്നത്. ഇതു കൂടിയാണ് ബൗച്ചര്‍ ചൂണ്ടിക്കാണിച്ചത്.
ഗംഭീരമായ കളിക്കാരനാണ് രോഹിത്. മുംബൈക്കായി അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി അടക്കം ഗംഭീരമായിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനുണ്ട്. അത്രയ്ക്കും തിരക്കിലാണ് രോഹിത്. കഴിഞ്ഞ കുറച്ച് സീസണുകളിലായി ബാറ്റിംഗില്‍ രോഹിത് അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ഗംഭീര പ്രകടനമാണ് കാഴ്ച്ച വെച്ചിരുന്നതെന്നും ബൗച്ചര്‍ പറഞ്ഞു.
മുംബൈ ഇന്ത്യന്‍സ് ടീമുമായി ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു. ഇതാണ് രോഹിത്തിന് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഒരു പടി മുന്നോട്ട് പോകേണ്ട സമയം എന്ന് തോന്നുന്നു. ടീമിന് ഒരുപാട് മൂല്യം സമ്മാനിക്കാന്‍ രോഹിത്തിന് സാധിക്കുമെന്ന് ടീം വിശ്വസിക്കുന്നുണ്ട്. ക്യാപ്റ്റനെന്ന അമിത ഭാരം ഇല്ലാതെ കളത്തിലിറങ്ങി കളിക്കാന്‍ രോഹിത്തിനെ ഇത് സഹായിക്കുമെന്നും ബൗച്ചര്‍ പറഞ്ഞു.
അതേസമയം രോഹിത്തിന്റെ ഭാര്യക്ക് ബൗച്ചറുടെ വിശദീകരണം തൃപ്തികരമായി തോന്നിയിട്ടില്ല. ഈ വീഡിയോയ്ക്ക് റിതിക കമന്റ് ചെയ്തിട്ടുണ്ട്. ബൗച്ചറുടെ പരാമര്‍ശങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ തെറ്റായിട്ടുണ്ടെന്നായിരുന്നു റിതികയുടെ കമന്റ്. ഇത് വൈറലായിരിക്കുകയാണ്.












Click it and Unblock the Notifications