'തല താഴത്തില്ലെടാ'; പ്രതാപകാലത്തെ അനുസ്‌മരിപ്പിക്കുന്ന റൺ ഔട്ടുമായി ധോണി, ക്ലാസ് ഈസ് പെർമനന്റ്
ചെന്നൈ: ഐപിഎൽ ഉദ്‌ഘാടന മത്സരത്തിൽ ആർസിബിയെ ആറ് വിക്കറ്റിന് തകർത്തുകൊണ്ടാണ് നിലവിലെ ചാമ്പ്യന്മാരായ സിഎസ്കെ വരവ് ഗംഭീരമാക്കിയത്. ഇക്കുറി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറി നിൽക്കുന്ന ധോണിക്ക് പകരം ഋതുരാജ് ഗെയ്‌ക്ക്‌വാദ് ആണ് ടീമിനെ നയിക്കുന്നത്. എന്നാൽ സിഎസ്കെയുടെ മെന്ററെ പോലെ, ഒരു വല്യേട്ടനെ പോലെ നിന്ന് കാര്യങ്ങൾ നോക്കുന്നത് സാക്ഷാൽ തല തന്നെയാണ്.
ഇപ്പോഴിതാ ആർസിബിയുമായി നടന്ന മത്സരത്തിലെ രസകരമായ ഒരു സംഭവം ആരാധകർ ഏറ്റെടുക്കുകയാണ്. മത്സരത്തിനിടെ ആർസിബി താരത്തെ റൺ ഔട്ടാക്കിയ ധോണിയുടെ ത്രോ വന്ന് കയറിയത് സ്‌റ്റമ്പിലേക്കല്ല, മറിച്ച് ധോണിയുടെ ലക്ഷകണക്കിന് ആരാധകരുടെ ഹൃദയത്തിലേക്കാണെന്ന് സൂചിപ്പിക്കുന്ന സംഭവമാണ് ഇന്നലെ നടന്നത്.

ആർസിബി താരം അനുജ് റാവത്തിനെ പുറത്താക്കിയ ധോണിയുടെ പ്രതാപകാലത്തെ അനുസ്‌മരിപ്പിക്കുന്ന ത്രോയുടെ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യങ്ങളിൽ തരംഗമാവുന്നത്. പ്രത്യേകിച്ച് ട്വിറ്റർ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ വീഡിയോ നേടുന്നത്. നോൺ സ്‌ട്രൈക്കർ എൻഡിൽ നിന്ന് സിംഗിൾ റൺസിനായി ഓടുന്ന അനുജിനെ വിക്കറ്റ് കീപ്പറായ ധോണി നിന്നിടത്ത് നിന്ന് തന്നെ ത്രോയിലൂടെ പുറത്താക്കുന്ന കാഴ്‌ച ശരിക്കും പഴയ ധോണിയെ കാണുന്ന നിലയായിരുന്നു.
ഇന്ത്യൻ ദേശീയ ടീമിന് വേണ്ടിയും, ഐപിഎല്ലിൽ സിഎസ്കെയ്ക്ക് വേണ്ടിയും തന്നെ ഒട്ടേറെ മത്സരങ്ങളിൽ ധോണി ഇത്തരത്തിൽ റൺ ഔട്ടുകൾ നടത്തിയിരുന്നു. അതിൽ പലതും മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറയ്ക്കുന്നതായിരുന്നു. 2007 ലോകകപ്പിലെ ശൈലിയിൽ മുടി നീട്ടി വളർത്തി എത്തുന്ന ധോണിയുടെ കാഴ്‌ച തന്നെ ഏതാണ്ട് 15-17 വർഷം പുറകിലേക്കുള്ള ഓർമ്മകളിലേക്ക് നയിക്കുന്നതാണ്.
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
അതേസമയം, ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആറ് വിക്കറ്റുകൾക്കാണ് ജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ചെന്നൈ നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി മറികടന്നു. അരങ്ങേറ്റ മത്സരം കളിച്ച രചിൻ രവീന്ദ്രയാണ് സിഎസ്കെയുടെ ടോപ് സ്‌കോറർ.
ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി മികച്ച തുടക്കത്തിനുശേഷം ബംഗ്ലാ പേസർ മുസ്‌തഫിസുര്‍ റഹ്മാന് മുന്നില്‍ തകർന്നടിയുകയായിരുന്നു. എന്നാൽ അനുജ് റാവത്തിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും ബാറ്റിംഗ് കരുത്തിൽ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ട 173 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോർ അവർ എടുത്തെങ്കിലും അത് മതിയായിരുന്നില്ല. മറുപടി ബാറ്റിങിന് ഇറങ്ങിയ 18.4 ഓവറിൽ വെറും നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യം മറികടന്നിരുന്നു.












Click it and Unblock the Notifications