ഇനി ബുമ്രയുടെ ഊഴം; സുനിൽ നരേനെ പോലെ അടിച്ചു പറത്തുമോ? മുംബൈ കാര്യമായി എന്തോ ചെയ്യുന്നുണ്ട്
ഐപിഎല്ലിൽ ഗതികിട്ടാതെ അലയുന്ന കൊറേ ടീമുകളുണ്ട് ഇത്തവണ പോയിന്റ് ടേബിളിന്റെ അടിത്തട്ടിൽ. അതിൽ വമ്പന്മാരായ മുംബൈ ഇന്ത്യൻസും ഉണ്ടെന്നതാണ് ഖേദകരമായ വസ്‌തുത. അഞ്ച് വട്ടം ചാമ്പ്യന്മാരായ മുംബൈക്ക് പക്ഷേ ഇക്കുറി കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഹർദിക് പാണ്ഡ്യയുടെ വരവ് ടീമിനെ ശരിക്കും പിന്നോട്ട് വലിച്ചുവെന്ന് വേണമെങ്കിൽ പറയാം.
കഴിഞ്ഞ സീസൺ വരെ ടീമിന് ഉണ്ടായിരുന്ന ഒരു സന്തുലിതാവസ്ഥ താളം തെറ്റുന്നതിന് ഇക്കുറി ആരാധകർ സാക്ഷ്യം വഹിക്കേണ്ടി വന്നു. രോഹിതിന്റെ പൊടുന്നനെയുള്ള പടിയിറക്കം ടീമെന്ന നിലയിൽ മുംബൈയെ ശരിക്കും ബാധിച്ചുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ തന്നെ സാക്ഷ്യം. എന്നാൽ ആ പ്രതീക്ഷിയിലും വെളിച്ചത്തിന്റെ തുരുത്തായി ബുമ്രയെ പോലെയുള്ള താരങ്ങൾ ശോഭിക്കുന്നുണ്ട്.

എന്നാൽ ഇപ്പോഴിതാ ടീം മറ്റൊരു നീക്കത്തിന്റെ അണിയറയിൽ ആണെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ ലീഗിലെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളർക്കുള്ള പർപ്പിൾ ക്യാപ്പിനുള്ള പോരാട്ടത്തിൽ മുൻ പന്തിയിൽ തന്നെയുണ്ട് ബുമ്ര. ജസ്പ്രീത് ബുമ്ര എട്ട് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ ഇതുവരെ നേടിയിട്ടുണ്ട്.
എന്നാൽ ഇന്ന് ആരാധകരെ ശരിക്കും ഞെട്ടിക്കുന്ന ഒരു സംഗതിയാണ് നടന്നത്. അത് വേറൊന്നുമല്ല, സാക്ഷാൽ ബുമ്ര നെറ്റ്സിൽ ബാറ്റിങ് പ്രാക്‌ടീസ് നടത്തുന്നു. സംഭവം എന്താണ് ഇത്ര അത്ഭുതപ്പെടാൻ എന്ന് ചോദിച്ചാൽ ബുമ്ര കളിക്കുന്നതൊക്കെ അൽപ്പം ശക്തമായ ഷോട്ടുകൾ തന്നെയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
അതിന് പിന്നാലെ നിരവധി ആരാധകരാണ് ഈ വിഡിയോ ഏറ്റെടുത്തിരിക്കുന്നത്. ബൗളിംഗിൽ മാത്രമല്ല ബാറ്റിംഗിലും ഒരുകൈ നോക്കാൻ തനിക്ക് കഴിവുണ്ടെന്നാണ് ബുമ്ര ഇതിലൂടെ പറഞ്ഞു വയ്ക്കുന്നതെന്നാണ് ചിലർ അവകാശപ്പെടുന്നത്. എന്നാൽ മറ്റൊരു രീതിയിൽ ഉള്ള പ്രചാരണവും ഇപ്പോൾ സജീവമാണ്. അത് സുനിൽ നരേനുമായി ബന്ധപ്പെട്ടുള്ളതാണ്.
എന്താണെന്ന് വെച്ചാൽ സ്‌പെഷ്യലിസ്റ്റ് ബൗളറായ നരേൻ കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണിംഗിൽ ബാറ്റ് ചെയ്യുകയും സെഞ്ച്വറി ഉൾപ്പെടെ അടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്. താരം ടീമിന് ഉണ്ടാക്കുന്ന ഇമ്പാക്റ്റ് ചെറുതല്ല. അതിന്റെ ചുവട് പിടിച്ച് തന്നെയാണ് മുംബൈ ബുമ്രയെ ബാറ്റിങ് പരിശീലിപ്പിക്കുന്നതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. മുംബൈ ഇന്ത്യൻസ് ടീം എന്താണ് ഇക്കാര്യത്തിൽ പ്ലാൻ ചെയ്‌തതെന്ന് അടുത്ത ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ.












Click it and Unblock the Notifications