മൊട്ടേരയിൽ പിള്ളേര് കളി; ചെന്നൈയുടെ തലയറുത്ത് ഗുജറാത്ത്, ഇത് ഗില്ലും സുദർശനും ഒരുക്കിയ ജയം
രണ്ട് ഇന്ത്യൻ യുവ താരങ്ങളുടെ സെഞ്ച്വറി മികവിൽ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയ ഗുജറാത്ത് ടൈറ്റൻസിന് ചെന്നൈ സൂപ്പർ കിംഗ്‌സിന് എതിരെ 35 റൺസ് ജയം. ആദ്യ ബാറ്റ് ചെയ്‌ത ഗുജറാത്ത് ഗില്ലിന്റെയും സായി സുദർശന്റെയും മൂന്നക്ക ഇന്നിംഗ്‌സുകളുടെ ബലത്തിലാണ് കൂറ്റൻ സ്‌കോർ സ്വന്തമാക്കിയത്. മറുപടി ബാറ്റിങിന് ഇറങ്ങിയ ചെന്നൈക്ക് പക്ഷേ തുടക്കം പന്തിയായില്ല.
ഓപ്പണർമാർ ഉൾപ്പെടെ ടോപ്ഓർഡർ ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞതാണ് ടീമിനെ പിന്നിലേക്ക് വലിച്ചത്. ഓപ്പണർമാരായ അജിങ്ക്യ രഹാനെയും രചിൻ രവീന്ദ്രയും പെട്ടെന്ന് തന്നെ പുറത്തായതാണ് ടീമിന് തിരിച്ചടിയായത്. രഹാനെ ഇത്തവണയും നിരാശപ്പെടുത്തിയപ്പോൾ രചിൻ നിർഭാഗ്യം കൊണ്ട് റൺ ഔട്ടാവുകയായിരുന്നു.

എന്നാൽ നാലും അഞ്ചും പൊസിഷനിൽ കളിക്കുന്ന താരങ്ങളായ ഡാരിൽ മിച്ചലും മോയിൻ അലിയും തകർത്തടിച്ചതോടെ ചെന്നൈക്ക് നേരിയ പ്രതീക്ഷ കൈവന്നിരുന്നു. രണ്ട് പേരും അർധ സെഞ്ച്വറി കൂടി നേടിയാണ് പുറത്തായത്, എന്നാൽ പിന്നീട് വന്നവരിൽ ശിവം ദുബെയും ജഡേജയും ഒഴികെ മറ്റാർക്കും ശോഭിക്കാൻ കഴിഞ്ഞില്ല.
അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴ് സീസണുകളിലും നടക്കാത്ത അത്ഭുതം നടന്ന മറ്റൊരു മത്സരത്തിന് കൂടി സാക്ഷ്യം വഹിച്ചിരുന്നു അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയം. നായകൻ ശുഭ്മാൻ ഗില്ലും ഓപ്പണർ സായ് സുദർശനും അടിച്ചു കസറിയപ്പോൾ ആദ്യമായ് രണ്ട് ഓപ്പണർമാരും സെഞ്ച്വറി നേടുകയെന്ന ചരിത്ര നേട്ടമാണ് ഗുജറാത്ത് കൈവരിച്ചത്. ഒടുവിൽ ടീം സ്‌കോർ രണ്ടിന് 231 റൺസ് എന്ന നിലയിലാണ് അവസാനിച്ചത്.
ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഇരുവരുടെയും സെഞ്ച്വറിയുടെ ബലത്തിൽ കൂറ്റൻ സ്‌കോർ ആണ് ഗുജറാത്ത് പടുത്തുയർത്തിയത്. പതിനേഴ് ഓവർ ആവുമ്പഴേക്ക് തന്നെ സ്‌കോർ 200 കടത്താൻ ഇവർക്കായി.
ഗില്ലും സായ് സുദർശനും യാതൊരു പഴുതും ചെന്നൈ സൂപ്പർ കിംഗ്‌സ് ബൗളർമാർക്ക് നൽകിയില്ല എന്നതാണ് വാസ്‌തവം. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇരുവരും ചെന്നൈ ബൗളർമാരെ പഞ്ഞിക്കിട്ടു.
പതിയെ തുടങ്ങി കത്തിക്കയറിയ ഇന്നിംഗ്‌സ് ആയിരുന്നില്ല ഇരുവരും കളിച്ചത്. തുടക്കത്തിൽ തന്നെ മൊമന്റം നിലനിർത്തി കൊണ്ട് തന്നെയാണ് ഇരുവരും ബാറ്റ് വീശിയത്. അർധ സെഞ്ച്വറി ആയാലും സെഞ്ച്വറി ആയാലും ഇരു താരങ്ങളും ഒരേ സമയം തന്നെ കണ്ടെത്തി എന്നതും സ്ട്രൈക്ക് റേറ്റ് ഏതാണ്ട് സമാനമായിരുന്നു എന്നതും കൗതുകമായി.
തുടക്കത്തിൽ സായ് സുദർശൻ ആണ് വെടിക്കെട്ടിന് തിരി കൊളുത്തിയതെങ്കിൽ പിന്നാലെ ഗില്ലും ഇത് ഏറ്റെടുക്കുകയായിരുന്നു. ഇരുവരുടെയും പ്രഹരശേഷി 200ന് മുകളിൽ ആയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. സെഞ്ച്വറി തികച്ചതിന് പിന്നാലെ തന്നെ ഇരുവരും പുറത്താവുകയും ചെയ്‌തു. ഇതോടെയാണ് സ്‌കോർ അവസാന നിമിഷം ഒന്ന് ഇടിഞ്ഞത്.
എങ്കിലും മത്സരത്തിൽ ആശിച്ച സ്‌കോർ തന്നെ നേടാൻ ടീമിന് കഴിഞ്ഞിട്ടുണ്ട്. അവസാന നിമിഷം സ്‌കോർ ഒന്ന് താഴേക്ക് പോയെങ്കിലും ഇപ്പോഴും അത് മികച്ച സ്‌കോർ തന്നെയാണ്. സായ് സുദർശൻ മത്സരത്തിൽ 51 പന്തിൽ 103 റൺസും, ഗിൽ 55 പന്തിൽ 104 റൺസും നേടി. പിന്നാലെ എത്തിയ ഡേവിഡ് മില്ലറും ഷാരൂഖ് ഖാനും ചേർന്ന് ടീമിനെ കൂടുതൽ അപകടങ്ങൾ ഇല്ലാതെ ഇന്നിംഗ്സ് അവസാനത്തിലേക്ക് നയിച്ചു.
സഞ്ജുവിനെ ഇനി പിടിച്ചാല്‍ കിട്ടില്ല, ലോകകപ്പില്‍ കാണാം കളി; പന്തിന് മുകളിലെത്തുമെന്ന് സംഗക്കാര
ചെന്നൈ സൂപ്പർ കിംഗ്‌സ് നിരയിൽ കാര്യമായ പ്രകടനം കാഴ്‌ച്ച വയ്ക്കാൻ ഒരു ബൗളർക്കും കഴിഞ്ഞിട്ടില്ല. തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. മറ്റാർക്കും ഒരു വിക്കറ്റ് വീഴ്ത്താൻ പറ്റിയിട്ടില്ല. സിമാർജിത് സിംഗ് നാലോവറിൽ 60 റൺസാണ് വഴങ്ങിയത്. വിക്കറ്റൊന്നും നേടാനും താരത്തിന് കഴിഞ്ഞില്ല.












Click it and Unblock the Notifications