എന്ത് വിധിയിത്..? പാണ്ഡ്യയ്ക്ക് വാങ്കഡെയിലും ആരാധകരോഷം, സ്വീകരിച്ചത് 'രോഹിത്, രോഹിത്' വിളികളുമായി
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് അപ്രതീക്ഷിതമായ പ്രഖ്യാപനത്തിലൂടെ ഒരൊറ്റ രാത്രി കൊണ്ട് തിരിച്ചെത്തിയ താരമാണ് ഹർദിക് പാണ്ഡ്യ. ഗുജറാത്ത് ടൈറ്റൻസ് ക്യപ്റ്റനായിരുന്ന പാണ്ഡ്യ മുംബൈ മോഹവിലയ്ക്കാണ് തിരിച്ച് തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചത്. എന്നാൽ അതിപ്പോൾ വേലിയിൽ നിന്നെടുത്ത പാമ്പിനെ തോളത്ത് വച്ച പോലെയായി എന്ന നിലയിലേക്ക് മാറി കഴിഞ്ഞു.
കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റ പാണ്ഡ്യയ്ക്ക് നേരത്തെ ആരാധക രോഷം നേരിടേണ്ടി വന്നിരുന്നു. സ്‌റ്റേഡിയത്തിൽ കാണികൾ കളിയാക്കുന്ന തരത്തിലേക്ക് അത് വളരുകയും ചെയ്‌തു. ഇപ്പോഴിതാ മുംബൈ ഇന്ത്യൻസ് ഹോ ഗ്രൗണ്ടായ വാങ്കഡെയിലും ഹർദിക് പാണ്ഡ്യയ്ക്ക് രക്ഷയില്ലെന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്.

വാങ്കഡെ സ്‌റ്റേഡിയത്തിൽ രോഹിത്, രോഹിത് വിളികളുമായാണ് ആരാധകർ പാണ്ഡ്യയെ വരവേറ്റത്. രണ്ട് സീസണുകളുടെ ഇടവേളക്ക് ശേഷം മുംബൈയിൽ എത്തിയ പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിച്ചതോടെയാണ് ഒരു വിഭാഗം ആരാധകർ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് മോശം തുടക്കമാണ് ഈ സീസണിൽ ലഭിച്ചത്.
പാണ്ഡ്യയ്‌ക്കെതിരെ ആർപ്പ് വിളിക്കുന്ന ആരാധകരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിരുന്നു. "ഒരു ഹോം ക്യാപ്റ്റനെതിരെ ആരാധകർ ഇങ്ങനെ ആക്രോശിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല". എന്നായിരുന്നു ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാവായ മുൻ നായകൻ ഇയോൻ മോർഗൻ ജിയോ സിനിമയിൽ പറഞ്ഞു.
ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കളിക്കുമ്പോൾ മുതൽ പാണ്ഡ്യക്ക് ഇത്തരം എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ മത്സരത്തിൽ സൺ റൈസേഴ്‌സിന് എതിരായ മത്സരത്തിൽ ഹൈദരാബാദിൽ നിന്നും പാണ്ഡ്യക്ക് എതിർപ്പുകൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് സ്വന്തം ഗ്രൗണ്ടിൽ പോലും ഇത് ആവർത്തിക്കപ്പെടുന്നത്.
സഞ്ജയ് മഞ്ജരേക്കർ ഹർദിക്കിനെ എംഐ ക്യാപ്റ്റൻ എന്ന് പരിചയപ്പെടുത്തിയപ്പോൾ, 30-കാരനെതിരെ ആരാധകർ ആക്രോശിക്കുകയായിരുന്നു. കൂടാതെ ടോസിനിടെ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാരെ പരിചയപ്പെടുത്തുന്നതിനിടെ, തുടർച്ചയായ മൂന്നാം മത്സരത്തിലും ഹർദിക്കിനെതിരെ ബഹളം വച്ചപ്പോൾ കാണികളോട് അൽപ്പം കൂടി പക്വത കാട്ടണമെന്ന് മഞ്ജരേക്കൾ താനെ ആവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിലെ കരുത്തന്മാർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുകയാണ്. 126 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ കൂടുതൽ നഷ്‌ടം കൂടാതെ വിജയതീരത്തേക്ക് അടുക്കുകയായിരുന്നു. മൂന്നാം തോൽവിയോടെ ഹർദിക് പാണ്ഡ്യയുടെയും മുംബൈയുടെയും കാര്യങ്ങൾ അവതാളത്തിലാവുന്ന മട്ടാണ്.












Click it and Unblock the Notifications