കെകെആര്‍ വിജയിച്ചു, ഗംഭീറിന് ബ്ലാങ്ക് ചെക്ക് നല്‍കി ഷാരൂഖ് ഖാന്‍; ഒരേയൊരു ആവശ്യം മാത്രം
ന്യൂഡല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാമതും ഐപിഎല്ലില്‍ കിരീടം ചൂടിയതിന് പിന്നാലെ ഗൗതം ഗംഭീറിന് വമ്പന്‍ ഓഫറുകള്‍. താരത്തെ തേടി ഇന്ത്യന്‍ ടീമില്‍ നിന്ന് വരെ ഓഫര്‍ വന്നിരിക്കുകയാണ്. കെകെആര്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് കിരീടം ചൂടുന്നത്. ഇതിന്റെ ക്രെഡിറ്റ് ഗംഭീറിന് ഉള്ളതാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടീം പ്ലേഓഫില്‍ കയറാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു. അവിടെ നിന്നാണ് മൂന്നാം തവണ കെകെആര്‍ ചാമ്പ്യന്‍മാരാകുന്നത്. ഗംഭീറിനെ ടീമിന്റെ ദീര്‍ഘകാല ചുമതലകള്‍ ഏല്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്‍. ഗംഭീര്‍ വന്നതിന് ശേഷമുള്ള മാറ്റങ്ങള്‍ ഷാരൂഖിന് കൃത്യമായി അറിയാം. കിരീട നേട്ട ആഘോഷങ്ങള്‍ക്കിടെ ഗംഭീറിനെ ആശ്ലേഷിക്കുന്ന ഷാരൂഖിനെയും കാണാമായിരുന്നു.

അതേസമയം ഗംഭീറിന് മുമ്പ് വലിയ ഓഫര്‍ ഇപ്പോഴേ എത്തി കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി ഗംഭീര്‍ ചുമതലയേല്‍ക്കണമെന്നാണ് ബിസിസിഐയുടെ ആഗ്രഹമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പല ഓപ്ഷനുകളും പരിഗണിച്ചെങ്കിലും അതൊന്നും ലഭ്യമായിട്ടില്ല. റിക്കി പോണ്ടിംഗ്, ജസ്റ്റിന്‍ ലാംഗര്‍ പോലുള്ളവരെ ബിസിസിഐ പരിഗണിച്ചെങ്കിലും ഇവരൊന്നും താല്‍പര്യം കാണിച്ചിട്ടില്ല.
ഓവര്‍സീസ് പരിശീലകര്‍ക്കൊന്നും ഇന്ത്യന്‍ പരിശീലകനാവാന്‍ താല്‍പര്യമില്ല. ഇതോടെ അധികം ഓപ്ഷനുകളില്ലാത്ത അവസ്ഥയിലാണ് ബിസിസിഐ. രാഹുല്‍ ദ്രാവിഡ് ഒരിക്കല്‍ കൂടി പരിശീലക സ്ഥാനത്തേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഗംഭീറാണ് ബിസിസിഐക്ക് മുന്നിലുള്ള ഏറ്റവും വലിയ ഓപ്ഷന്‍.
നിലവില്‍ കെകെആറിന്റെ മെന്‍ഡറാണ് ഗംഭീര്‍. ഷാരൂഖ് ഖാന്‍ ഗംഭീറിന് ബ്ലാങ്ക് ചെക്ക് നല്‍കിയിരിക്കുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കെകെആര്‍ ടീമിനൊപ്പം അടുത്ത പത്ത് വര്‍ഷത്തേക്ക് നില്‍ക്കാനാണ് ഷാരൂഖ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അതേസമയം ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ ഗംഭീറിന് ഒരുപാട് ആഗ്രഹമുണ്ടെന്ന് ദൈനിക് ജാഗരന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ തന്നെ പരിശീലകനാക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെങ്കില്‍ മാത്രമേ അപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിസിസിഐ മറ്റ് ആരെയെങ്കിലും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കില്‍ ഗംഭീര്‍ അപേക്ഷിക്കില്ല.
അതേസമയം ഗംഭീര്‍ കെകെആര്‍ ഫ്രാഞ്ചൈസി വിടാതിരിക്കാന്‍ ഷാരൂഖ് പരമാവധി ശ്രമിക്കുന്നുണ്ട്. അതാണ് ബ്ലാങ്ക് ചെക്ക് നല്‍കാന്‍ കാരണം. ദീര്‍ഘകാലം ഗംഭീറിന്റെ സേവനം കെകെആറിന് ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗിനെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാക്കാനും ബിസിസിഐ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം തള്ളുകയായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍മാര്‍ക്കൊന്നും പരിശീലക സ്ഥാനം ഓഫര്‍ ചെയ്തിട്ടില്ലെന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ വിശദീകരിച്ചത്. മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications