പഞ്ചാബിന്റെ പിള്ളേര് കൊള്ളാം; ഗുജറാത്തിനെ അടിച്ചോടിച്ച് ശശാങ്കും അശുതോഷും, ഗില്ലിന്റെ പോരാട്ടം വിഫലം
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസും, പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരത്തിന് നാടകാന്ത്യം. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശ പോരാട്ടത്തിൽ ശശാങ്ക് സിംഗിന്റെ അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് പഞ്ചാബ് ഗുജറാത്തിനെ മൂന്ന് വിക്കറ്റുകൾക്ക് തകർത്തത്. ഒരു ഘട്ടത്തിൽ ജയപ്രതീക്ഷ വിട്ടുകളഞ്ഞ പഞ്ചാബിനെ മുന്നോട്ട് നയിച്ചത് ശശാങ്കിന്റെ വീരോചിത പ്രകടനമാണ്.
പഞ്ചാബ് ബാറ്റിങ് നിരയിൽ ശശാങ്ക് സിംഗാണ് ടോപ് സ്‌കോറർ ആയത്. ഓപ്പണിങ്ങിൽ ഇറങ്ങിയ ശിഖർ ധവാന് ഫോം കണ്ടെത്താനായില്ല. ഒരു റൺസിനാണ് താരം പുറത്തായത്. ജിതേഷ് ശർമ്മയും പൊരുതി നോക്കിയെങ്കിലും താരം പാതിവഴിയിൽ വീണു. ജോണി ബെയർസ്‌റ്റോ സ്കോറിംഗ് വേഗത ഉയർത്താനുള്ള നീക്കത്തിനിടയിലാണ് വീണത്. 13 പന്തിൽ 22 റൺസാണ് താരം നേടിയത്.

പിന്നാലെ എത്തിയ പ്രഭ്സിമ്രാൻ സിംഗ് മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചത്. 24 പന്തിൽ 35 റൺസാണ് താരം നേടിയത്. സാം കറൻ ഇന്നും നിരാശപ്പെടുത്തി. എട്ട് പന്തിൽ അഞ്ച് റൺസെടുത്താണ് താരം പുറത്തായത്. ഇമ്പാക്റ്റ് പ്ലേയർ ആയി കളത്തിൽ ഇറങ്ങിയ അശുതോഷ് ശർമ്മ ഗുജറാത്ത് ബൗളിങ് നിരയെ നിഷ്പ്രഭമാക്കി.
അഹമ്മദാബാദിലെ നരേന്ദ്ര സ്‌റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സും, ഗുജറാത്ത് ടൈറ്റൻസും തമ്മിലെ പോരാട്ടത്തിൽ നിറഞ്ഞാടി ശുഭ്മാൻ ഗിൽ. ടോസ് നേടിയ പഞ്ചാബ് ഗുജറാത്തിനെ ബാറ്റിങിന് അയക്കുകയായിരുന്നു. തുടക്കത്തിൽ പതിയെ താളം കണ്ടെത്തിയ ഗിൽ ഇന്നിംഗ്‌സ് പുരോഗമിക്കവേ വേഗം കണ്ടെത്തുകയായിരുന്നു.
അർധ സെഞ്ച്വറിയുമായി താരം കളം നിറഞ്ഞാടിയപ്പോൾ പഞ്ചാബ് ബൗളർമാർ കാഴ്‌ചക്കാരായി. 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 199 റൺസാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്. ഇടയ്ക്ക് ഇന്നിംഗ്‌സിന് വേഗം കുറഞ്ഞില്ലായിരുന്നെങ്കിൽ ഗുജറാത്ത് സ്‌കോർ 200 കടക്കുമായിരുന്നു. എങ്കിലും നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ പിച്ചിൽ ഇത് മികച്ച സ്‌കോർ തന്നെയാണെന്ന് ഗില്ലും കൂട്ടരും കണക്കുകൂട്ടുന്നു.
വിക്കറ്റ് കീപ്പർ ബാറ്ററും ഓപ്പണറുമായ സാഹ നിരാശപ്പെടുത്തിയപ്പോഴും ഗിൽ പ്രതീക്ഷ കൈവിടാതെ ബാറ്റേന്തുകയായിരുന്നു. കിവീസ് നായകൻ കെയ്ൻ വില്യംസൺ ഗില്ലിന് മികച്ച പിന്തുണയേകി. 22 പന്തിൽ 26 റൺസെടുത്ത കെയ്ൻ പുറത്തായ ശേഷമെത്തിയ സായ് സുദർശനാണ് ശരിക്കും ഇന്നിംഗ്‌സിന്റെ ഗതി മാറ്റിയത്. സുദർശൻ ഒരറ്റത്ത് നിന്ന് സ്കോറിംഗ് വേഗമുയർത്തിയതോടെ ഗില്ലിന് കാര്യങ്ങൾ എളുപ്പമായി.
സായ് സുദർശൻ 19 പന്തിൽ 33 റൺസെടുത്തു. അടുത്തതായി ഇറങ്ങിയ വിജയ് ശങ്കർക്ക് താളം കണ്ടെത്താൻ കഴിഞ്ഞില്ല. രാഹുൽ തേവാത്തിയ ഇറങ്ങിയപാടെ പന്ത് സിക്‌സർ പറത്തി തന്റെ നയം വ്യക്തമാക്കി. ഒടുവിൽ ഗില്ലിന്റെ അർധ സെഞ്ച്വറിയുടെ ബലത്തിൽ ഗുജറാത്ത് ടൈറ്റൻസിന് മികച്ച സ്കോറും മത്സരത്തിൽ മുൻതൂക്കവും സ്വന്തമായി. 48 പന്തിൽ 89 റൺസ് നേടിയ ഗിൽ ഒന്നുകൂടി ആഞ്ഞ് ശ്രമിച്ചെങ്കിലും സെഞ്ച്വറി ഉറപ്പായിരുന്നു.
പഞ്ചാബ് ബൗളിങ് നിരയിൽ കാര്യമായി ആർക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കാഗിസോ റബാഡ രണ്ട് വിക്കറ്റ് വീഴ്ത്തി. എങ്കിലും താരം 44 റൺസ് വഴങ്ങി. മറ്റ് ബൗളർമാരിൽ ഹർപ്രീത് ബ്രാർ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതമാണ് വീഴ്ത്തിയത്. വിലയേറിയ താരമായ സാം കറൻ വിക്കറ്റൊന്നും നേടിയില്ല.












Click it and Unblock the Notifications