പാണ്ഡ്യ അല്ല, രോഹിത് തന്നെയായിരുന്നു മുംബൈയുടെ ക്യാപ്റ്റൻ ആവേണ്ടത്; കാരണം വെളിപ്പെടുത്തി സുരേഷ് റെയ്‌ന
ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം കൂടുതൽ കഠിനമായി മുന്നേറി കൊണ്ടിരിക്കുകയാണ്. പല ടീമുകളും ആദ്യ പകുതി പിന്നിട്ടപ്പോഴേക്കും ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു. എന്നാൽ അഞ്ച് വട്ടം ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് ഇത് പക്ഷേ നല്ല കാലമല്ല. സീസണിൽ ഏഴ് മത്സരങ്ങളിൽ വെറും മൂന്ന് ജയം മാത്രമാണ് ടീമിന് സ്വന്തമാക്കാൻ കഴിഞ്ഞത്.
എന്നാൽ ഇപ്പോഴിതാ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസി പ്രശ്‌നങ്ങളും രോഹിത് ശർമ്മയുടെ ചുവടുമാറ്റവും ഒക്കെ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരവും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളുമായ സുരേഷ് റെയ്‌ന രംഗത്ത് വന്നിരിക്കുകയാണ്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാവാൻ രോഹിത് തന്നെയായിരുന്നു യോഗ്യൻ എന്നാണ് താരം പറയുന്നത്.

എന്നാൽ മാനേജ്‌മെന്റ് ദീർഘകാല അടിസ്ഥാനത്തിൽ ചിന്തിച്ചത് കൊണ്ടാവാം ഹർദിക് പാണ്ഡ്യയെ നായകനായി അവതരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാൽ തുടക്കത്തിൽ പതറിയെങ്കിലും ഇപ്പോൾ മുംബൈ തിരിച്ചുവരവിന്റെ പാതയിൽ ആണെന്നും അവർ നന്നായി കളിക്കുന്നുണ്ടെന്നുമാണ് സുരേഷ് റെയ്‌ന പറയുന്നത്.
'സത്യം പറഞ്ഞാൽ, രോഹിത് തന്നെ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി തുടരണമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ടീം മാനേജ്‌മെന്റ് കുറച്ചുകൂടി പ്രായം കുറഞ്ഞ ഒരു നായകനനെയാണ് തേടുന്നതെന്നാണ് തോന്നുന്നത്. രോഹിത്തിനാവട്ടെ ഇപ്പോൾ 36 അല്ലെങ്കിൽ 37 വയസ് പിന്നിട്ടുവെന്നാണ് തോന്നുന്നത്' റെയ്‌ന ചൂണ്ടിക്കാട്ടി.
ഹർദിക്കിനെ നായകനായി നിയമിച്ച തീരുമാനം പിൻവലിച്ച് രോഹിത് ശർമ്മയെ തന്നെ തിരികെ കൊണ്ട് വരുന്നതാവും ഉചിതമെന്നും താരം കരുതുന്നു. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി കളിക്കുന്ന ഒരാൾക്ക് എന്തുകൊണ്ട് കേവലമൊരു ഫ്രാഞ്ചൈസിയെ നയിച്ചുകൂട എന്നായിരുന്നു സുരേഷ് റെയ്‌നയുടെ പ്രസക്തമായ ചോദ്യം.
'മാനേജ്‌മെന്റ് എന്താണ് ചിന്തിച്ചതെന്ന് എനിക്ക് പറയാൻ കഴിയില്ല. ഇത് ഇപ്പോഴും ഐപിഎല്ലിന്റെ തുടക്കം മാത്രമാണ്. ഈ തീരുമാനം ശരിയാണോ അല്ലയോ എന്ന് കാലമാണ് തീരുമാനിക്കുന്നത്. 3-4 മത്സരങ്ങളിൽ കൂടി മുംബൈ പരാജയപ്പെട്ടാൽ രോഹിതിനെ വീണ്ടും ക്യാപ്റ്റനായി നിയമിച്ചേക്കും.' റെയ്‌ന തന്റെ അഭിപ്രായം പങ്കുവെച്ചു.
അതേസമയം, ഗുജറാത്ത് ടൈറ്റൻസ് നായകനായ ഹർദിക് പാണ്ഡ്യയെ വൻ തുക മുടക്കിയാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ഇതിന് പിന്നാലെ താരത്തെ രോഹിതിന് പകരം ക്യാപ്റ്റനായി നിയമിക്കാനും തീരുമാനിച്ചിരുന്നു. ഇത് ആരാധകരുടെ വലിയ പ്രതിഷേധങ്ങൾക്കാണ് കാരണമായത്. എന്നാൽ ടീമിൽ എത്തിയ ശേഷം ബാറ്റിംഗിലോ ബൗളിങിലോ ഒന്നും കാര്യമായ ഇമ്പാക്റ്റ് കൊണ്ട് വരാൻ ഹർദിക്കിന് കഴിഞ്ഞിട്ടുമില്ല.












Click it and Unblock the Notifications