മുംബൈ ക്യാമ്പിൽ തമ്മിൽത്തല്ലോ? രോഹിതും സൂര്യകുമാറും ഹർദിക്കുമായി ഭിന്നതയിൽ? സംശയങ്ങൾ ഇങ്ങനെ
ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ച് വട്ടം ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് ഇക്കുറി വെല്ലുവിളികളുടെ സീസണാണ്. കാലത്തിലെ പ്രകടനം കൊണ്ട് ദയനീയമായ രീതിയിൽ പോയിന്റ് പട്ടികയിൽ പിന്നിലേക്ക് തള്ളപ്പെട്ട അവർക്ക് ടീമിനുള്ളിലെ പടലപ്പിണക്കങ്ങൾ കൂടി മൂർച്ഛിക്കുമ്പോൾ വലിയ ആശങ്കയാണ് ഉയർന്നു കൊണ്ടിരിക്കുന്നത്.
മുംബൈ ക്യാമ്പിലെ ഭിന്നതകളുമായി ബന്ധപ്പെട്ട പല വാർത്തകളും നേരത്തെ പുറത്തുവന്നതാണ്. എന്നാൽ ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ട് അനുസരിച്ച് ടീമിലെ പ്രശ്‌നങ്ങൾ കൂടുതൽ പ്രകടമായി തുടങ്ങിയെന്നതാണ്. മുൻ നായകൻ രോഹിത് ശർമ്മയും ഇപ്പോഴത്തെ നായകൻ ഹർദിക് പാണ്ഡ്യയും തന്നെയാണ് ഈ വിഷയത്തിലെ ശ്രദ്ധാ കേന്ദ്രങ്ങൾ.

ഒരുമിച്ച് പരിശീലനം നടത്താൻ പോലും സാധിക്കാത്ത നിലയിലേക്ക് ഇവർ തമ്മിലുള്ള ബന്ധം വഷളായി എന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്ന് മാത്രമല്ല ഇരുവരും ഒരേ സമയം കണ്ടുമുട്ടാൻ ഇടയുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കാര്യത്തിൽ താരങ്ങൾ ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല.
സീസണിൽ ഇതുവരെ പത്തിലധികം മത്സരങ്ങളിൽ കളിച്ച ടീമാണ് മുംബൈ ഇന്ത്യൻസ്, പക്ഷേ പരിശീലന വേളയിൽ രണ്ട് മുതിർന്ന താരങ്ങളും ഒരുമിച്ചെത്തിയ സാഹചര്യങ്ങൾ വിരളം. കഴിഞ്ഞ ദിവസം നടന്ന ഒരു പരിശീലന സെഷനിടെ ഹർദിക് പാണ്ഡ്യ പരിശീലനത്തിനായി എത്തിയപ്പോൾ രോഹിത്, സൂര്യകുമാർ, തിലക് വർമ്മ എന്നീ താരങ്ങൾ അവിടെ നിന്ന് സ്ഥലം കാലിയാക്കിയതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്.
ഈഡൻ ഗാർഡൻസിൽ കെകെആറും മുംബൈയും തമ്മിലെ മത്സരത്തിന് മുന്നോടിയായി അഭിഷേക് നായരുമായി രോഹിത് നടത്തിയ ചർച്ചയും വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഹാർദിക് ചുമതലയേറ്റ ശേഷം മുംബൈ ഇന്ത്യൻസിൽ സംഭവിച്ച മാറ്റങ്ങൾ രോഹിത് ഇതിൽ എണ്ണി പറയുന്നു എന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.
ഇതിന് പിന്നാലെയാണ് നായകൻ ഹർദിക് പാണ്ഡ്യ ബാറ്റ് ചെയ്യാനായി നെറ്റ്സിൽ എത്തിയപ്പോൾ രോഹിതും സൂര്യയും ഉൾപ്പടെ മുതിർന്ന താരങ്ങൾ അവഗണിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. പാണ്ഡ്യയോടുള്ള താൽപര്യകുറവും ടീമിലെ ഗ്രൂപ്പിസവുമാണ് ഇതിന് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
നേരത്തെ മുംബൈ ഇന്ത്യൻസിനെ ഏറ്റവും കൂടുതൽ തവണ കിരീടത്തിലേക്ക് നയിച്ചതിന്റെ റെക്കോർഡ് പേറുന്ന രോഹിത് ശർമ്മയെ സീസൺ തുടങ്ങുന്നതിന് തൊട്ടു മുൻപാണ് നായക സ്ഥാനത്ത് നിന്ന് നീക്കിയത്. പകരം ഗുജറാത്ത് ടൈറ്റൻസ് ടീമിൽ നിന്ന് പൊന്നുംവിലയ്ക്ക് കൊണ്ട് വന്ന ഹർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി അവരോധിക്കുകയായിരുന്നു.
ഇവിടെ മുതലാണ് മുംബൈ ക്യാമ്പിൽ ഭിന്നതയുടെ തുടക്കം. പാണ്ഡ്യയുടെ വരവിൽ ബുമ്രയും സൂര്യകുമാർ യാദവും ഒന്നും അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന് അന്ന് തന്നെ റിപ്പോർട്ടുകൾ ഉയർന്നിരുന്നു. അതിനിടെയാണ് താരത്തെ ക്യാപ്റ്റൻ കൂടി ആക്കി മാനേജ്‌മെന്റ് എല്ലാവരെയും ഞെട്ടിച്ചത്. എന്തായാലും പടലപ്പിണക്കത്തിന് ഒരു അന്ത്യം ഉണ്ടവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications