നോബോള്‍ വിളിച്ചില്ല, പുറത്തായി, അമ്പയര്‍മാരോട് ചൂടായതിന് വിരാട് കോലിക്ക് കനത്ത പിഴ
കൊല്‍ക്കത്ത: നോബോള്‍ വിളിക്കാത്തതിനെ തുടര്‍ന്ന് വിവാദ പുറത്താവല്‍ നേരിട്ട വിരാട് കോലിക്ക് അടുത്ത തിരിച്ചടി. അമ്പയര്‍മാരോട് മോശമായി പെരുമാറിയതിന് ബിസിസിഐ കോലിക്ക് പിഴയിട്ടിരിക്കുകയാണ്. മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ. കോലിയുടെ പുറത്താവല്‍ നേരത്തെ വലിയ വിവാദമായിരുന്നു.
അരയ്ക്ക് മുകളിലുള്ള ഫുള്‍ടോസിലായിരുന്നു കോലി പുറത്തായത്. എന്തുകൊണ്ട് ഇത് നോബോള്‍ നല്‍കിയില്ലെന്നായിരുന്നു കോലിയുടെ ചോദ്യം. പവലിയനിലേക്ക് മടങ്ങും വഴി രോഷപ്രകടനം തന്നെ കോലി നടത്തിയിരുന്നു. ഹര്‍ഷിത് റാണയുടെ സ്ലോബോളിലായിരുന്നു കോലി പുറത്തായത്. കോലി റിവ്യു നല്‍കിയെങ്കിലും തേര്‍ഡ് അമ്പയര്‍ നോബോള്‍ അനുവദിച്ചില്ല.

ഏഴ് പന്തില്‍ 18 റണ്‍സെടുത്തായിരുന്നു കോലി മടങ്ങിയത്. മത്സരത്തില്‍ ഒരു റണ്‍സിനാണ് ആര്‍സിബി തോറ്റത്. കോലിയുടെ പുറത്താവല്‍ മത്സരത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. കോലിയുടെ പെരുമാറ്റം അതിരുകടന്നതാണെന്ന് അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് 50 ശതമാനം മാച്ച് ഫീ പിഴ ചുമത്തിയത്.
ഐപിഎല്‍ പെരുമാറ്റച്ചട്ട പ്രകാരം ലെവല്‍ 1 കുറ്റമാണ് കോലി ചെയ്തതെന്ന് ഐപിഎല്‍ അധികൃതര്‍ പറഞ്ഞു. കോലി കുറ്റം സമ്മതിച്ചത് കൊണ്ട് കൂടുതല്‍ നടപടിയുണ്ടായില്ല. ലെവല്‍ 1 കുറ്റത്തിന് നല്‍കുന്ന ശിക്ഷയില്‍ മാച്ച് റഫറിയുടെ വിധി അന്തിമമായിരിക്കും. അതേസമയം ആര്‍സിബി മത്സരത്തില്‍ തുടര്‍ച്ചയായ ആറാമത്തെ തോല്‍വിയായിരുന്നു വഴങ്ങിയത്.
അതേസമയം അരയ്ക്ക് മുകളില്‍ പന്ത് പോയിട്ടും എന്തുകൊണ്ട് കോലിക്ക് ഔട്ട് നല്‍കിയെന്ന വിമര്‍ശനം ആരാധകര്‍ അടക്കം ഉയര്‍ത്തിയിരുന്നു. തേര്‍ഡ് അമ്പയര്‍ ഇതിനായി ഹോക്ക് ഐ ടെക്‌നോളജിയാണ് ഉപയോഗിച്ചത്. പന്ത് എവിടേക്ക് പോകുന്നതെന്നാണ് പരിശോധിച്ചത്. കോലി എവിടെയാണ് ആ സമയം നിന്നിരുന്നതെന്നും പരിശോധിച്ചിരുന്നു.
കോലി ഹര്‍ഷിതിന്റെ പന്ത് ക്രീസിന് പുറത്തിറങ്ങിയാണ് കളിച്ചിരുന്നത്. ക്രീസില്‍ നിന്ന് കളിച്ചിരുന്നില്ലെങ്കില്‍ ഈ പന്ത് സാധാരണ നിലയില്‍ തന്നെ വരുമായിരുന്നു. അതുകൊണ്ടാണ് ഔട്ട് നല്‍കിയത്. അരയ്ക്ക് താഴേക്ക് പോകുന്ന പന്ത് കോലി ആക്രമിച്ച് കളിക്കാന്‍ നോക്കിയപ്പോഴാണ് നോബോളായതെന്നും തേര്‍ഡ് അമ്പയര്‍ വ്യക്തമാക്കി.
അതേസമയം വിരാടും താനും പന്ത് അരയ്ക്ക് മുകളിലാണെന്ന് കരുതിയിരുന്നുവെന്നും, കോലിയെ ന്യായീകരിച്ച് കൊണ്ട് ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് പറഞ്ഞിരുന്നു. മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഡുപ്ലെസിക്ക് പിഴ ചുമത്തിയിരുന്നു. അതേസമയം പുറത്തായതിന് ശേഷം അക്കാര്യം ചൂണ്ടിക്കാണിച്ച് ഡഗൗട്ടില്‍ ഇരുന്ന് സംസാരിക്കുന്നത് ടിവി ദൃശ്യങ്ങളില്‍ പലതവണ കാണിച്ചിരുന്നു.












Click it and Unblock the Notifications