ആര്‍ക്കുമില്ല ഈ നേട്ടം, കോലിയെ കാത്തിരിക്കുന്നത് അത്യപൂര്‍വ റെക്കോര്‍ഡ്; അടിക്കേണ്ടത് ഇത്ര റണ്‍സ്
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ വിരാട് ശരിക്കും റണ്‍മെഷീന്‍ തന്നെയാണ്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതിന്റെ റെക്കോര്‍ഡ് വിരാട് കോലിയുടെ പേരിലാണ്. 973 റണ്‍സാണ് ഒരു സീസണ്‍ മാത്രം കോലി അടിച്ചെടുത്തത്. അതേസമയം കോലിയെ തേടി ഇനി വലിയ ട്ടേങ്ങള്‍ വരാനുണ്ട്. ഇന്ന് കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി ആര്‍സിബിക്ക് നിര്‍ണായകമായ ഒരു മത്സരമുണ്ട്.
നിര്‍ണായകം എന്നത് ആര്‍സിബിക്കാണ്. കാരണം ഇതുവരെ ഒരു മത്സരം മാത്രമാണ് ആര്‍സിബി വിജയിച്ചത്. വിരാട് നന്നായി കളിക്കുന്നുണ്ടെങ്കിലും ആര്‍സിബി തുടരെ തോല്‍ക്കുന്നത് ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. അവസാന കളിയിലും മോശം ബൗളിംഗാണ് ടീമിനെ തോല്‍പ്പിച്ചത്.

ഈ സീസണില്‍ ഇതിനോടകം റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയുണ്ട് കോലി. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ഇന്ന് മത്സരം നടക്കുന്നത്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലെ തോല്‍വി ടീമിന് വലിയ നാണക്കേടായി മാറിയിരുന്നു. കോലി വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചിട്ടും അതിവേഗത്തില്‍ അത് നേടിയെടുക്കാന്‍ കൊല്‍ക്കയ്ക്ക് സാധിച്ചിരുന്നു.
ബെംഗളൂരുവിന്റെ ബൗളര്‍മാരില്‍ ഒരാള്‍ പോലും മികച്ച രീതിയില്‍ പന്തെറിഞ്ഞില്ല. വീണ്ടുമൊരു ഹോം മത്സരം വരുമ്പോള്‍ ആര്‍സിബിക്ക് ആശങ്കയും അക്കാര്യത്തിലാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ആര്‍സിബി. വിരാടിലാണ് ടീമിന്റെ പ്രതീക്ഷയുള്ളത്.
ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി 181 റണ്‍സാണ് കോലി അടിച്ചെടുത്തത്. പഞ്ചാബിനെതിരെ 49 പന്തില്‍ 77 റണ്‍സടിച്ചാണ് കോലി ഫോമിലേക്ക് വന്നത്. കൊല്‍ക്കത്തയ്‌ക്കെതിരെ 59 പന്തില്‍ 83 റണ്‍സടിച്ച് കോലി വീണ്ടും താരമായി. വിരാട് കോലി ബാറ്റുകൊണ്ടുള്ള ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി.
എന്നാല്‍ റെക്കോര്‍ഡുകളുടെ തമ്പുരാനായ കോലിയെ കാത്ത് പുതിയൊരു നാഴികക്കല്ല് കാത്തിരിക്കുന്നുണ്ട്. ടി20 ക്രിക്കറ്റില്‍ ഏതെങ്കിലും ഒരു ടീമിന് വേണ്ടി എട്ടായിരം റണ്‍സ് നേടുന്ന ലോകത്തിലെ തന്നെ ആദ്യ താരമാകാനുള്ള അവസരമാണ് കോലിക്ക് മുന്നിലുള്ളത്. 2008 മുതല്‍ കോലി ആര്‍സിബിക്കൊപ്പമാണ് ഉള്ളത്.
കോലി ഇതുവരെ ആര്‍സിബിക്കായി 7868 റണ്‍സാണ് 255 മത്സരങ്ങളില്‍ നിന്നായി അടിച്ചെടുത്തിട്ടുള്ളത്. വെറും 132 റണ്‍സ് നേടിയാല്‍ എട്ടായിരം റണ്‍സെന്ന നേട്ടത്തിലെത്താം. അതായത് ഐപിഎല്ലില്‍ നിന്ന് 7444 റണ്‍സാണ് 240 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് വിരാട് കോലി നേടിയിട്ടുള്ളത്. 15 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നായി 424 റണ്‍സും കോലി നേടിയിട്ടുണ്ട്.
അതേസമയം ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരവും കോലി തന്നെയാണ്. ഏഴ് സെഞ്ച്വറികള്‍ ടൂര്‍ണമെന്റില്‍ കോലി നേടിയിട്ടുണ്ട്. ആരും ഇതിന് അടുത്തെത്തിയിട്ടില്ല. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതും കോലി തന്നെയാണ്. 3276 റണ്‍സാണ് കോലി ഇവിടെ നേടിയിട്ടുള്ളത്.












Click it and Unblock the Notifications