ഒന്ന് ശ്വാസം വിടാന്‍ സമ്മതിക്കുമോ? ഹര്‍പ്രീതിനോട് വിരാട് കോലി; അടുത്ത പന്തില്‍ സംഭവിച്ചത് ഇങ്ങനെ
വിരാട് കോലി വീണ്ടും ഗംഭീര ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ടീമിന് ആവശ്യമായ സമയത്തായിരുന്നു വിരാട് കോലി മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് കളിച്ചത്. ഇതോടെ ആദ്യ മത്സരത്തില്‍ തോല്‍വി മറക്കാനും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് സാധിച്ചു. അതേസമയം മത്സരത്തില്‍ രസകരമായ ഒരു സംഭവവും ഇതിനിടെ നടന്നു.
പഞ്ചാബ് ബൗളര്‍ ഹര്‍പ്രീത് ബ്രാറുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഈ സംഭവം. ഹര്‍പ്രീത് ബ്രാര്‍ സ്പിന്നറാണെങ്കില്‍ ഓവറുകള്‍ വേഗത്തില്‍ തീര്‍ക്കുന്ന ബൗളറാണ്. ഒരു ബാറ്റ്‌സ്മാന്‍ അധികം സമയം എടുക്കാന്‍ താരത്തിന്റെ ബൗളിംഗില്‍ സാധിക്കില്ല. വേഗത്തില്‍ പന്ത് നേരിടാന്‍ ഒരുങ്ങേണ്ടി വരും.

ബെംഗളൂരുവിനെതിരായ മത്സരത്തിലും ഹര്‍പ്രീത് അതിവേഗത്തിലായിരുന്നു പന്തുകള്‍ എറിഞ്ഞത് തീര്‍ത്തത്. ഇത് ക്രീസില്‍ നിന്ന വിരാട് കോലിക്കാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത്. വിക്കറ്റിനിടയിലെ ഓട്ടത്തിനിടെ ബാറ്റ്‌സ്മാന് ചെറിയൊരു ഇടവേള ലഭിക്കാറുണ്ട്. അത് പന്തെറിയാന്‍ ബൗളര്‍ എടുക്കുന്ന സമയമായിരിക്കും. എന്നാല്‍ ഹര്‍പ്രീതിന്റെ കാര്യത്തില്‍ കോലിക്ക് അത് ലഭിച്ചിരുന്നില്ല.
ഓട്ടത്തിനിടയില്‍ അദ്ദേഹം നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. വിരാട് കോലി നോണ്‍ സ്‌ട്രൈക്കില്‍ നില്‍ക്കുമ്പോഴും ഇത് തന്നെയായിരുന്നു കാണാന്‍ സാധിച്ചത്. കോലിയുടെ കാര്യത്തില്‍ ഇതൊരു അത്ഭുതം കൂടിയായിരുന്നു. വിക്കറ്റിനിടയിലെ ഓട്ടത്തിലെ പേരുകേട്ട ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം.
ആര്‍സിബിയുടെ ബാറ്റിംഗിന്റെ പതിമൂന്നാം ഓവറിലായിരുന്നു സംഭവം നടന്നത്. ആദ്യ ബോള്‍ എറിഞ്ഞതിന് പിന്നാലെയായിരുന്നു രസകരമായ സംഭവം. ഗ്ലെന്‍ മാക്‌സ്‌വെല്ലായിരുന്നു ബ്രാറിനെ നേരിട്ടത്. ആദ്യ പന്തിന് പിന്നാലെ തന്നെ ഹര്‍പ്രീത് അടുത്ത പന്തും എറിയാനെത്തി. ഉടനെ തന്നെ വിക്കറ്റില്‍ നിന്ന് മാക്‌സ്വെല്‍ മാറി കളയുകയായിരുന്നു.
താന്‍ തയ്യാറല്ലെന്ന് പറയുകയായിരുന്നു. ഈ സമയം കോലിയായിരുന്നു നോണ്‍ സ്‌ട്രൈക്കില്‍. ഉടനെ തന്നെ കോലിയുടെ മറുപടിയും വന്നു. കുറച്ച് ശ്വാസമെടുക്കാനെങ്കില്‍ നിങ്ങള്‍ എന്നെ അനുവദിക്കുമോ എന്നായിരുന്നു കോലിയുടെ ചോദ്യം. സ്‌ട്രൈക്കിലുണ്ടായിരുന്നു മാക്‌സ്വെല്‍ ഇത് കേട്ട് ചിരിക്കുന്നതും കാണാം.
അതേസമയം കോലിയുടെ കമന്റിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ മാക്‌സ്വെല്ലിന്റെ മുഖത്തെ ചിരി അധിക നേരം നീണ്ടില്ല. ഈ സംഭവം നടന്ന് അടുത്ത പന്തില്‍ മാക്‌സ്വെല്ലിന്റെ കുറ്റി ബ്രാര്‍ തെറിപ്പിക്കുകയായിരുന്നു. ഓഫ് സൈഡിലേക്ക് കട്ട് ചെയ്യാന്‍ ശ്രമിച്ച് മാക്‌സ്വെല്‍ ബൗള്‍ഡാവുകയായിരുന്നു.
ഹര്‍പ്രീതിന്റെ രണ്ടാമത്തെ വിക്കറ്റായിരുന്നു ഇത്. നാലോവറില്‍ വെറും പതിമൂന്ന് റണ്‍സ് മാത്രമാണ് ബ്രാര്‍ വഴങ്ങിയത്. മത്സരത്തില്‍ കിടിലനൊരു ക്യാച്ചും എടുത്ത് കോലിയെ പുറത്താക്കിയതും ബ്രാര്‍ തന്നെയാണ്. പക്ഷേ ഹര്‍പ്രീതിന്റെ പ്രകടനത്തിന് ടീമിനെ വിജയിപ്പിക്കാനായില്ല. ദിനേഷ് കാര്‍ത്തിക്കിന്റെ മിന്നലടി ആര്‍സിബിയെ വിജയിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications