'ധോണിയുടെ തല, ധോണിയുടെ ഫുൾ ഫിഗർ'; ഒടുവിൽ സഹികെട്ട് സെവാഗ് ക്യാമറമാനോട് പറഞ്ഞത് ഇങ്ങനെ
ഐപിഎൽ ഉദ്‌ഘാടന മത്സരം പതിവിലും ഗംഭീരമായി തന്നെയാണ് ഇന്നലെ നടന്നത്. അഞ്ച് വട്ടം കിരീടം ചൂടിയ ചെന്നൈ സൂപ്പർ കിംഗ്‌സും, കന്നി കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന റോയൽ ചലഞ്ചേഴ്‌സുംചെപ്പോക്കിൽ പരസ്‌പരം ഏറ്റുമുട്ടിയപ്പോൾ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. കുറേ കാലമായി ചെന്നൈ വേദിയിൽ ജയിക്കാൻ വിയർക്കുന്ന ബാംഗ്ലൂർ പതിവ് തെറ്റിച്ചില്ല. ഒടുവിൽ ജയം സിഎസ്കെയ്ക്ക് ഒപ്പമായിരുന്നു.
ഇപ്പോഴിതാ മത്സരത്തിടയിലെ രസകരമായ സംഭവത്തെ കുറിച്ചുള്ള വാർത്തയാണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. മത്സരത്തിൽ സിഎസ്കെയെ നയിച്ചത് യുവതാരം ഋതുരാജ് ഗെയ്‌ക്ക്‌വാദ് ആയിരുന്നു. ധോണി ടീമിലുണ്ടായിരുന്നെങ്കിലും ഗെയ്‌ക്ക്‌വാദ് നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഇന്നലത്തെ മത്സരത്തിനിടെ ധോണി പലവട്ടം ഫീൽഡിംഗ് ക്രമീകരണങ്ങൾ നടത്തുന്ന ദൃശ്യങ്ങൾ സ്‌ക്രീനിൽ തെളിഞ്ഞിരുന്നു.

ഒന്നും രണ്ടും തവണയല്ല പലതവണയായി ഇത് ആവർത്തിച്ചതോടെ മുൻ ഇന്ത്യൻ താരവും, വെടിക്കെട്ട് ഓപ്പണറുമായ വീരേന്ദർ സെവാഗ് തമാശരൂപേണ പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സഹോദരാ, ദയവായി ഋതുരാജിന്റെ മുഖം കൂടി കാണിക്കൂ, അവനാണ് ക്യാപ്റ്റൻ. ക്യാമറമാൻ ധോണിയുടെ മുഖം മാത്രമാണ് കാണിക്കുന്നത്; എന്നായിരുന്നു സെവാഗ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞത്.
ഐപിഎൽ ഉദ്‌ഘാടന മത്സരത്തിൽ ഉൾപ്പെടെ ധോണിയുടെ സഹായം ക്യാപ്റ്റന്സിയില് ഋതുരാജിന് ലഭിക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു. മുതിർന്ന താരമെന്ന നിലയിൽ ഋതുരാജിന് ആവശ്യമായ നിർദ്ദേശങ്ങൾ ധോണി നൽകുന്നതും കാണാമായിരുന്നു. ഇതിനിടെ ഒന്ന് രണ്ടാം ഫീൽഡ് സെറ്റ് ചെയ്യുന്ന ധോണിയുടെ ദൃശ്യം ക്യാമറാമാൻ കാണിച്ചപ്പോഴായിരുന്നു സേവാഗിന്റെ പരിഹാസം.
അതേസമയം, ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് തൊട്ട് മുൻപായാണ് മഹേന്ദ്ര സിംഗ് ധോണി സിഎസ്കെയിലെ നായക സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് അറിയിച്ചത്. ഇതോടെ പകരം നായകനായി യുവതാരങ്ങളിൽ ശ്രദ്ധേയനായ ഋതുരാജ് ഗെയ്‌ക്ക്‌വാദ് എത്തുകയും ചെയ്‌തിരുന്നു. കഴിഞ്ഞ കുറച്ച് സീസണുകളായി സിഎസ്കെയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് താരം നടത്തി വരുന്നത്.
കഴിഞ്ഞ ദിവസം ക്യാപ്റ്റൻസി ഏറ്റെടുക്കുന്നതിന് മുൻപ് താരം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. സ്വന്തമായി തീരുമാനങ്ങൾ എടുക്കാനാണ് ഇഷ്‌ടമെന്നും ആ നിലയ്ക്ക് തന്നെ ടീമിനെ നയിക്കുമെന്നുമായിരുന്നു ഋതുരാജ് ഗെയ്‌ക്ക്‌വാദ് വ്യക്തമാക്കിയത്. എന്തായാലും ആദ്യ മത്സരം തന്നെ ജയത്തോടെ തുടങ്ങാനായത് താരത്തിന് വലിയ ആശ്വാസമാണ് നൽകുക.












Click it and Unblock the Notifications