എന്തൊക്കെയാണ് സഞ്ജു ഈ കാണിച്ചുകൂട്ടുന്നത്? റോയൽസ് നായകനെതിരെ പടയൊരുക്കം, ക്യാപ്റ്റൻസി തുലാസിൽ?
ഇന്ത്യൻ പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പുമായി മുന്നേറിയ രാജസ്ഥാന് ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ അടിപതറി. സീസണിലെ ആദ്യ തോൽവിയാണ് അവർ വഴങ്ങിയത്. ആദ്യ നാല് മത്സരങ്ങളും വിജയിച്ച ടീമിന് അവസാന നിമിഷം വരെ ഇന്നലെ ജയസാധ്യതയും പ്രതീക്ഷയും ഉണ്ടായിരുന്നെങ്കിലും അവർക്ക് അത് സാധിക്കാതെ വരികയായിരുന്നു.
എന്നാൽ മത്സരത്തിലെ ടീമിന്റെ തോൽവി അനാവശ്യമായിരുന്നു എന്നും അത് ഒഴിവാക്കുമായിരുന്നു എന്നുമാണ് ചിലരുടെ പക്ഷം. നായകൻ സഞ്ജു സാംസണ് നേരെയാണ് ടീമിന്റെ തോൽവിയിൽ എല്ലാവരും വിരൽ ചൂണ്ടുന്നത്. ഗുജറാത്ത് ബാറ്റിങ് വേളയിൽ ബൗളിങ് ചേഞ്ചുകൾ കൊണ്ട് വരുന്നതിൽ സഞ്ജു കാട്ടിയ അലംഭാവത്തെയാണ് താരങ്ങൾ വിമർശിക്കുന്നത്.

ഇതോടെ സഞ്ജു സാംസണിന്റെ ക്യാപ്പിറ്റൻസിയിൽ ചോദ്യം ഉയരുകയാണ്. സ്‌റ്റാർ പേസർ ട്രെൻഡ് ബോൾട്ട് രണ്ട് ഓവർ മാത്രമാണ് ഇന്നലെ പന്തെറിഞ്ഞത്. എന്നാൽ അവസാന ഓവറുകളിൽ താരത്തെ കൊണ്ട് വരാൻ സഞ്ജു ശ്രമിക്കാത്തതാണ് പരാജയ കാരണമെന്നാണ് ചിലരുടെ വിലയിരുത്തൽ. മത്സരത്തിൽ ട്രെൻഡ് ബോൾട്ട് രണ്ട് ഓവറിൽ കേവലം എട്ട് റൺസ് മാത്രമാണ് വിട്ട് നൽകിയത് എന്നതാണ് ശ്രദ്ധേയം.
ഇപ്പോഴിതാ മുൻ ഓസീസ് ക്രിക്കറ്റ് ടോം മൂഡിയാണ് ആദ്യം വിഷയത്തിൽ സഞ്ജുവിനെതിരെ രംഗത്ത് വന്നത്. ട്രെൻഡ് ബോൾട്ടിനെ ഡെത്ത് ഓവറുകളിൽ ഉപയോഗിക്കാതിരുന്ന സഞ്ജുവിന്റെ തീരുമാനത്തിൽ ഒരു ന്യായീകരണവും ഇല്ലെന്നാണ് ടോം മൂഡി പറയുന്നത്. ബോൾട്ടിനെ പോലെ പരിചയ സമ്പന്നനായ ഒരു ബൗളർക്ക് സാഹചര്യത്തിന് പന്തെറിയാൻ കഴിയുമായിരുന്നു എന്നാണ് മൂഡി ചൂണ്ടിക്കാണിക്കുന്നത്.
ബോൾട്ടിന് പകരം രവിചന്ദ്രൻ അശ്വിനെ കൊണ്ട് വന്ന സഞ്ജുവിന്റെ തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്‌തു. അശ്വിനോട് യാതൊരു വിരോധവും ഇല്ലെന്നും എന്നാൽ ഈ മത്സരത്തിൽ അശ്വിനും ചാഹലും ചേർന്ന് എട്ട് ഓവറിൽ വഴങ്ങിയത് 83 റൺസ് ആണെന്നും അദ്ദേഹം പറയുന്നു. ബോൾട്ടിന് ഉപയോഗിക്കാത്തത് മണ്ടത്തരമാണ്, എന്തെങ്കിലും തരത്തിലുള്ള പരിക്കോ മറ്റോ ആണെങ്കിൽ മാത്രമേ ഇത് നമുക്ക് സാധൂകരിക്കാൻ കഴിയൂ എന്നും മൂഡി അഭിപ്രായപ്പെട്ടു.
നേരത്തെ മുൻ ഇന്ത്യൻ താരം ദീപ് ദാസ് ഗുപ്‍തയും സമാന അഭിപ്രായം പങ്കുവച്ചിരുന്നു. പതിനേഴാം ഓവറിൽ ബോൾട്ടിന് പകരം അശ്വിനെ കൊണ്ട് വന്നത് ശരിയായില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ മുൻ ഇന്ത്യൻ തരാം ആകാശ് ചോപ്രയും ഇതേ നിലപാടാണ് പങ്കുവച്ചത്. മധ്യ ഓവറുകളിൽ ട്രെൻഡ് ബോൾട്ടിനെ ഫലപ്രദമായി ഉപയോഗിക്കണമായിരുന്നു എന്നാണ് ചോപ്ര പറഞ്ഞത്.
അതേസമയം, ഇന്നലെ തോൽവി വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയിൽ രാജസ്ഥാൻ തന്നെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തിന് ഒടുവിലായിരുന്നു ഗുജറാത്തിന്റെ തകർപ്പൻ ജയം. മത്സരത്തിൽ റോയൽസിന് വേണ്ടി സഞ്ജുവും റിയാൻ പരാഗും അർധ സെഞ്ച്വറി നേടിയപ്പോൾ ഗുജറാത്തിന് വേണ്ടി ഗിൽ ഫിഫ്‌റ്റിയടിച്ചു.












Click it and Unblock the Notifications