ധോണി പോയാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആര് നയിക്കും? ഈ 3 പേരെ പരിഗണിക്കാം
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലവിലെ ഐപിഎല്‍ ചാമ്പ്യന്‍മാരാണ്. ഇത്തവണയും ആത്മവിശ്വാസത്തോടെയാണ് അവര്‍ കളത്തിലിറങ്ങുന്നത്. പ്രധാന കാരണം അവരുടെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ടീമിന്റെ ബ്രാന്‍ഡ് വാല്യു ഉയര്‍ത്തുന്നതും ധോണി തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിച്ചിട്ടും ഐപിഎല്ലില്‍ തുടര്‍ന്ന് കളിക്കുന്നുണ്ട് താരം.
എന്നാല്‍ അധികം വൈകാതെ തന്നെ ഐപിഎല്ലില്‍ നിന്നും ധോണി വിരമിക്കാനുള്ള സാധ്യത ഏറെയാണ്. ഈ സീസണ്‍ തന്നെ ധോണിയുടെ അവസാനത്തേതായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ധോണി കഴിഞ്ഞാല്‍ ടീമിനെ ആര് നയിക്കും. അങ്ങനെ സിഎസ്‌കെയ്ക്ക് പരിഗണിക്കാവുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

രവീന്ദ്ര ജഡേജയായിരിക്കും ചെന്നൈ പരിഗണിക്കുന്ന ആദ്യ താരം. ജഡേജയെ നേരത്തെ സിഎസ്‌കെയുടെ ക്യാപ്റ്റനാക്കിയിരുന്നു. എന്നാല്‍ പരിചയസമ്പത്ത് കുറവായത് കൊണ്ട് വേണ്ടത്ര തിളങ്ങാന്‍ ജഡേജയ്ക്ക് സാധിച്ചിരുന്നില്ല. സിഎസ്‌കെയില്‍ ധോണി കഴിഞ്ഞാല്‍ ഏറ്റവും വലിയ താരവും ജഡേജയാണ്. ടീമില്‍ ഏറ്റവും പ്രതിഫലം ലഭിക്കുന്ന താരവും ജഡേജയാണ്.
16 കോടിയാണ് ജഡേജയുടെ പ്രതിഫലം. മികച്ച സ്പിന്നറും അതോടൊപ്പം വെടിക്കെട്ട് ബാറ്റിംഗും ജഡേജയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നു. ധോണിക്ക് പകരം ഫിനിഷര്‍ സ്ഥാനത്തേക്കും സിഎസ്‌കെ കാണുന്ന പേരാണ് ജഡേജയുടേത്. ഒരുപക്ഷേ ഈ സീസണിന്റെ പകുതിയോടെ ജഡേജ ക്യാപ്റ്റനായാലും അത്ഭുതപ്പെടാനില്ല.
രണ്ടാമത്തെ പേര് അജിന്‍ക്യ രഹാനെയുടേതാണ്. കഴിഞ്ഞ സീസണില്‍ അത്ഭുതകരമായ മാറ്റങ്ങളായിരുന്നു രഹാനെയില്‍ കണ്ടത്. വെടിക്കെട്ട് തുടക്കങ്ങള്‍ രഹാനെ ടീമിന് നല്‍കിയിരുന്നു ബാറ്റിംഗ് ശൈലി ഒന്നാകെ മാറ്റിയിരുന്നു രഹാനെ. സ്പിന്നറെയും, അതുപോലെ പേസ് ബൗളര്‍മാരെയും കടന്നാക്രമിച്ച രഹാനെ സിഎസ്‌കെയുടെ മധ്യനിരയെയും ശക്തമാക്കി നിലനിര്‍ത്തിയിരുന്നു.
ഇനി ക്യാപ്റ്റന്‍സിയില്‍ പരിചയസമ്പത്തും രഹാനെയ്ക്കുണ്ട്. നേരത്തെ ഇന്ത്യന്‍ ടീമിനെ വിരാട് കോലിയുടെ അഭാവത്തില്‍ നയിച്ച രഹാനെ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യക്ക് നേടിക്കൊടുത്തിരുന്നു. അതും പരിചയസമ്പത്ത് തീരെയില്ലാത്ത ടീമിനെ വെച്ചായിരുന്നു ഈ നേട്ടങ്ങള്‍.
റിതുരാജ് ഗെയ്ക്വാദെന്ന യുവ താരവും ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരമാണ്. ഇന്ത്യന്‍ ടീമില്‍ ഇതിനോടകം സെഞ്ച്വറി അടിച്ചെല്ലാം കഴിവ് തെളിയിച്ച് കഴിഞ്ഞു ഗെയ്ക്വാദ്. വൈകാതെ തന്നെ ഇന്ത്യന്‍ ടീമില്‍ ഗെയ്ക്വാദ് സ്ഥിരസാന്നിധ്യമാകും. സിഎസ്‌കെയില്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന ഓപ്പണര്‍ താരം.
മികവുറ്റ ഫീല്‍ഡിംഗ് ഗെയ്ക്വാദില്‍ നിന്ന് കാണാറുണ്ട്. സിഎസ്‌കെ ഭാവി ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ റിതുരാജിനായിരിക്കും നറുക്ക് വീഴുക. ബാക്കി രണ്ട് താരങ്ങളം മുപ്പത് വയസ്സ് പിന്നിട്ടവരാണ്. അത് മാത്രമല്ല കളിക്കളത്തില്‍ ഒരുപാട് കാലം ഉണ്ടാവാനും സാധ്യതയില്ല. അങ്ങനെയുള്ളപ്പോള്‍ റിതുരാജ് സെയ്ഫ് ഓപ്ഷനാണ്.












Click it and Unblock the Notifications