ധോണിയെ ടോപ് ഓഡറിൽ ബാറ്റ് ചെയ്യിക്കാൻ കഴിയില്ലേ? ആരാധകരുടെ ചോദ്യം, ഫ്ലെമിംഗിന്റെ മറുപടി ഇങ്ങനെ
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനേഴാം സീസണിൽ എത്തി നിൽക്കുമ്പോഴും തല ധോണിയുടെ ആരാധക പിന്തുണയ്ക്ക് യാതൊരു കോട്ടവും തട്ടയിട്ടില്ല. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്‌തമായി ഗ്രൗണ്ടിൽ കൂടുതലായി അത് പ്രകടമാക്കാൻ കാണികൾ ശ്രമിക്കുന്നതായും നമുക്ക് തോന്നിയാൽ അത്ഭുതപ്പെടാനില്ല. ധോണി ബാറ്റിംഗിന് ഇറങ്ങിയാൽ സ്‌റ്റേഡിയം മുഴുവൻ ശബ്‌ദമുഖരിതമാവുന്ന കാഴ്‌ചയാണ് പലപ്പോഴും കാണുന്നത്.
എന്നാൽ കഴിഞ്ഞ മത്സരത്തിൽ ലഖ്‌നൗവിനോട് സിഎസ്കെ തോറ്റെങ്കിലും ധോണിയുടെ വെടിക്കെട്ട് ഇന്നിംഗ്‌സ് വീണ്ടും ആരാധകർക്ക് രോമാഞ്ചമായി മാറിയിരിക്കുകയാണ്. ഇതിന് മുൻപത്തെ മത്സരത്തിൽ മുംബൈക്കെതിരെ അവസാന ഓവർ എറിഞ്ഞ ഹർദിക് പാണ്ഡ്യയെ മൂന്ന് വട്ടം അതിർത്തി കടത്തിയ ധോണി തന്റെ പഴയ ആക്രമണവീര്യം എവിടെയും ചോർന്നു പോയിട്ടില്ലെന്നാണ് തെളിയിക്കുന്നത്.

പക്ഷേ അപ്പോഴേക്കും ഉയരുന്ന പ്രധാന ചോദ്യമുണ്ട്, തലയുടെ ഒരു മുഴുനീള ഇന്നിംഗ്‌സ് എന്നാണ് കാണാനാവുക എന്നത്. എന്നാൽ കരിയറിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ധോണി ഇനിയൊരു മടങ്ങിവരവ് നടത്താൻ ഇടയില്ലെന്ന വിലയിരുത്തലുകൾക്ക് ഇടയിൽ ഒടുവിൽ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സിഎസ്കെ ഹെഡ് കോച്ച് സ്‌റ്റീഫൻ ഫ്ലെമിംഗ്.
ധോണിയെ ടോപ് ഓർഡറിൽ ബാറ്റ് ചെയ്യാൻ ഇറക്കാത്തതിന്റെ കാരണവും അദ്ദേഹം തുറന്നു പറയുകയുണ്ടായി. 'ഇത് ശരിക്കും പ്രചോദനല്ലേ? പരിശീലന സമയത്ത് പോലും ഈ വർഷം അദ്ദേഹത്തിന്റെ ബാറ്റിംഗ് വളരെ മികച്ചതായിരുന്നു. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളിൽ ടീമിന് യാതൊരു ആശ്ചര്യവുമില്ല, കാരണം പ്രീ സീസണിൽ അദ്ദേഹത്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു' ഫ്ലെമിംഗ് പറഞ്ഞു തുടങ്ങി.
എന്താണ് ധോണിയെ മുൻനിരയിലേക്ക് ബാറ്റിംഗിനായി കൊണ്ട് വരാത്തത് എന്നതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. 'വർഷങ്ങളായി അദ്ദേഹത്തിന് കാൽമുട്ടിന് പ്രശ്‌നങ്ങളുണ്ടായിരുന്നു, അതിൽ നിന്ന് ധോണി സുഖം പ്രാപിക്കുന്നതേയുള്ളൂ, അതിനാലാണ് ഒരു നിശ്ചിത എണ്ണം പന്തുകൾ മാത്രമേ അദ്ദേഹത്തിന് നേരിടാൻ കഴിയൂ' താരം പറയുന്നു.
ധോണിയുടെ രണ്ടോ-മൂന്നോ ഓവർ ദൈർഘ്യമുള്ള ക്യാമിയോ അത്ഭുതകരമാണെന്നും ഫ്ലെമിംഗ് പറയുന്നു. ബാറ്റിങ് നിര ഒന്നാകെ എടുക്കുന്ന പ്രയത്നത്തെ അവസാന നിമിഷത്തെ ഒരു പ്രകടനം കൊണ്ട് ധോണി ഉന്നതിയിൽ എത്തിക്കുകയാണ്. അദ്ദേഹം ബാറ്റിംഗിന് ഇറങ്ങുമ്പോൾ ഒരു വല്ലാത്ത അന്തരീക്ഷമാണ് ഇവിടെ ഉണ്ടാവുന്നതെന്നും ഫ്ലെമിംഗ് പറയുന്നു.
അതേസമയം, ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരായ മത്സരത്തിലും ധോണി വീണ്ടും തന്റെ മികവ് തെളിയിച്ചിരുന്നു. കേവലം ഒൻപത് പന്തുകളിൽ നിന്ന് 28 റൺസാണ് താരം 2 സിക്‌സറുകളുടെയും 3 ബൗണ്ടറികളുടെയും അകമ്പടിയോടെ നേടിയത്. ഒടുവിൽ 20 ഓവറിൽ 176/6 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്താൻ ധോണിയുടെ ഇന്നിംഗ്‌സ് ടീമിനെ സഹായിച്ചു. എന്നാൽ ഡി കോക്കിന്റെയും രാഹുലിന്റെയും തിരിച്ചടിയുടെ ബലത്തിൽ എല്എസ്‌ജി ജയം പിടിച്ചെടുക്കുകയായിരുന്നു.












Click it and Unblock the Notifications