'വെറുതെയാണോ എല്ലാവരും ധോണിയെ തല എന്ന് വിളിക്കുന്നത്'; കാരണം വെളിപ്പെടുത്തി സുനിൽ ഗവാസ്‌കർ
ഇന്ത്യൻ ക്രിക്കറ്റിൽ തന്നെ പകരക്കാരില്ലാത്ത പ്രതിഭകളിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഇതിഹാസ തുല്യമായ തന്റെ കരിയർ കൊണ്ട് ഐപിഎല്ലിലെ വെന്നിക്കൊടി പാറിച്ച ധോണിയെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് 'തല' എന്നത്. തലൈവൻ അഥവാ നായകൻ എന്ന അർത്ഥം വരുന്ന ആ പേര് സിഎസ്കെ ആരാധകരാണ് ധോണിക്ക് ചാർത്തി നൽകിയത്.
ഇപ്പോഴിതാ ധോണിയെ എന്തുകൊണ്ട് തല എന്ന് വിളിക്കുന്നുവെന്നും, അത് എങ്ങനെയാണു താരത്തിന് യോജിക്കുന്നതെന്നുമൊക്കെ തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ. സ്‌റ്റാർ സ്‌പോർട്‌സ് സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ധോണിയുടെ ക്യാപ്റ്റൻസിയും നേതൃത്വപാടവവുമൊക്കെ എങ്ങനെ ടീമിനെ സ്വാധീനിക്കുമെന്ന കാര്യം ഗവാസ്‌കർ തുറന്നുപറഞ്ഞത്.

'നിങ്ങൾ നോക്കൂ, വിവിധ രാജ്യങ്ങളിൽ നിന്നും വ്യത്യസ്‌ത നഗരങ്ങളിൽ നിന്നുമുള്ള കളിക്കാരാണ് ഐപിൽ കളിക്കുന്നത്. ഐപിഎൽ കിരീടം ഉയർത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ നിങ്ങൾ അവരെ ഒരുമിച്ച് മുന്നോട്ട് നയിക്കണം' ഗവാസ്‌കർ ഐപിഎൽ ടീമുകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ സൂചിപ്പിച്ചുകൊണ്ട് പരിപാടിയിൽ പറഞ്ഞു.
'വെറും ആറാഴ്‌ചയാണ് ടൂർണമെന്റ് ജയിക്കാൻ നിങ്ങൾക്ക് കിട്ടുക. അങ്ങനെയുള്ളപ്പോൾ നിങ്ങൾക്ക് ചില മികച്ച കളിക്കാരെ പോലും ടീം കോമ്പിനേഷൻ നിലനിർത്താൻ പുറത്തിരുത്തേണ്ടി വരും. എന്നാൽ അവർ ഉപയോഗമില്ലാത്ത ആളുകൾ ആണെന്ന് തോന്നാൻ അവരെ ഒരിക്കലും അനുവദിക്കരുത്, ഇതിനായി അവരെ ടീമിന്റെ അവിഭാജ്യ ഘടകമായി നിലനിർത്തണം. അതിനുള്ള കഴിവ് എംഎസ് ധോണിക്കുണ്ട്. അക്കാരണം കൊണ്ടാണ് അയാൾ തല ആയത്' സുനിൽ ഗാവസ്‌കർ തുറന്നുപറഞ്ഞു.
അതേസമയം, ഐപിഎൽ പതിനേഴാം സീസൺ പുരോഗമിക്കവേ ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള ചർച്ചകൾ വലിയ രീതിയിൽ നടക്കുന്നുണ്ട്. ഒരുപക്ഷേ എംഎസ് ധോണി എന്ന അതികായനെ അവസാനമായി ക്രിക്കറ്റ് പിച്ചിൽ കാണുക ഈ സീസണിൽ ആവുമെന്നാണ് പല ക്രിക്കറ്റ് പണ്ഡിതരുടെയും വിലയിരുത്തൽ.
2008ലെ ഉദ്ഘാടന ഐപിഎൽ എഡിഷൻ മുതൽ 2023 വരെ ധോണിയാണ് സിഎസ്‌കെയെ നയിച്ചത്. ഇതിനിടയിൽ 2016ലും 2017ലും സിഎസ്കെയ്ക്ക് വിലക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ടൂർണമെന്റിൽ തിരിച്ചെത്തിയ ടീമിന്റെ നായക ചുമതല വീണ്ടും ധോണി ഏറ്റെടുക്കുകയായിരുന്നു. ഇക്കാലയളവിൽ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്കും ധോണി ടീമിനെ നയിച്ചിരുന്നു. ഇത് ഐപിഎൽ റെക്കോർഡാണ്, മുംബൈ ഇന്ത്യൻസും അത്ര തന്നെ കിരീടങ്ങൾ നേടിയിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിലെയും ഐപിഎല്ലിലെയും ഏറ്റവും മികച്ച നായകന്മാരിൽ ഒരാളായ ധോണി പക്ഷേ ഇത്തവണ അപ്രതീക്ഷിതമായാണ് സ്ഥാനമൊഴിഞ്ഞത്. തുടർന്ന് ഋതുരാജ് ഗെയ്‌ക്ക്‌വാദ് ആണ് ചുമതല ഏറ്റെടുത്തത്. അതിനാൽ തന്നെയാണ് ധോണിയുടെ വിരമിക്കൽ വാർത്തകൾ ഇപ്പോൾ പ്രചരിക്കുന്നതും. പാഡഴിക്കുന്നതിന് മുന്നോടിയായാണ് ക്യാപ്റ്റൻസി ധോണി രാജിവച്ചതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ താരം ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications