സഞ്ജു മാത്രം മതിയോ? മലയാളികളോട് നോ പറഞ്ഞ് ടീമുകൾ, 'സന്ദീപ് വാര്യർ, ബാസിത്, സൽമാൻ' മൂവരും അൺസോൾഡ്
ജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ താര ലേലത്തിന്റെ അവസാനഘട്ടത്തിൽ എത്തിയപ്പോഴേക്കും മലയാളികൾക്ക് ഒന്നടങ്കം നിരാശ. കഴിഞ്ഞ ദിവസം ദേവദത്ത് പടിക്കലിനെ ഒരു ടീമും എടുക്കാൻ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് സന്തോഷം പകരുന്ന വാർത്തയായി വിഷ്‌ണു വിനോദ് പഞ്ചാബ് കിംഗ്‌സിൽ എത്തിയിരുന്നു. എന്നാൽ ഇന്ന് മൂന്ന് മലയാളി താരങ്ങളാണ് ലേലത്തിൽ ആരാലും സ്വന്തമാക്കപ്പെടാതെ പോയവരുടെ പട്ടികയിൽ ഉൾപ്പെട്ടത്.
സന്ദീപ് വാര്യർ, അബ്‌ദുൾ ബാസിത്, സൽമാൻ നിസാർ എന്നീ മുൻനിര മലയാളി താരങ്ങൾക്കാണ് ഇക്കുറി ഒരു ടീമിലും പ്രവേശനം ലഭിക്കാതെ പോയത്. അതിൽ സൽമാൻ നിസാർ 30 ലക്ഷം അടിസ്ഥാന വിലയിലായിരുന്നു ലേലത്തിൽ പങ്കെടുത്തത്. സന്ദീപ് വാര്യരുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത് 75 ലക്ഷം രൂപയാണ്.

മറ്റൊരു മുൻനിര താരമായ അബ്‌ദുൾ ബാസിതിന് 30 ലക്ഷം രൂപയും അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നു. എന്നാൽ മൂവർക്കും ഒരു ടീമിലും ഇടം നേടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം 2 കോടി വിലയുണ്ടായിരുന്ന മലയാളി ദേവദത്ത് പടിക്കലിനെ ടീമുകൾ ഒന്നും സ്വന്തമാക്കിയിരുന്നില്ല. ഇന്ന് സർഫറാസ് ഖാൻ, പൃഥ്വി ഷാ അടക്കമുള്ള യുവതാരങ്ങളും ടീമുകൾ വാങ്ങാത്തവരുടെ പട്ടികയിൽ ഇടം നേടിയിരുന്നു.
കഴിഞ്ഞ സീസൺ വരെയും സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിലായിരുന്നു അബ്‌ദുൾ ബാസിത്. എന്നാൽ ഇവിടെ കാര്യമായ മത്സര പരിചയം ലഭിക്കുകയോ കഴിവ് തെളിയിക്കാനുള്ള അവസരമോ ലഭിച്ചിരുന്നില്ല. ഇക്കുറി മികച്ച ടീമുകളിൽ ഏതിലെങ്കിലും ഒന്നിൽ കളിക്കാമെന്ന താരത്തിന്റെ മോഹമാണ് ഇതോടെ പൊലിഞ്ഞത്.
സന്ദീപ് വാര്യർ നേരത്തെ ഇന്ത്യൻദേശീയ ടീമിൽ കളിച്ചിട്ടുള്ള താരമാണ്. അതുകൊണ്ടാണ് താരത്തിന്റെ മറ്റുള്ളവരിൽ നിന്ന് ഉയർന്ന അടിസ്ഥാനവില ഇട്ടത്. 2021 ജുലൈയിൽ ശ്രീലങ്കയ്ക്ക് എതിരെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഗുജറാത്ത് ടൈറ്റൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ മുൻനിര ഐപിഎൽ ടീമുകളുടെ ഭാഗമായിരുന്നു സന്ദീപ് വാര്യർ.
സൽമാൻ നിസാർ ആവട്ടെ ഇതുവരെയും ഐപിഎല്ലിൽ കളിക്കാത്ത താരമാണ്.കണ്ണൂരിലെ തലശ്ശേരിയിൽ നിന്നുള്ള സൽമാൻ ഇത്തവണ ഐപിഎൽ അരങ്ങേറ്റം നടത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു. രഞ്ജി ട്രോഫിയിൽ കേരളത്തിന് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരം കൂടിയായിരുന്നു സൽമാൻ. എന്നാൽ ഐപിഎൽ അരങ്ങേറ്റത്തിന് സൽമാൻ ഇനിയും കാത്തിരിക്കേണ്ടി വരും.
അതേസമയം, കഴിഞ്ഞ ദിവസം താരലേലത്തിന്റെ അവസാന ഘട്ടത്തിലാണ് മലയാളികളുടെ പ്രിയ താരം വിഷ്‌ണു വിനോദിനെ 95 ലക്ഷം രൂപയ്ക്ക് പ്രീതി സിന്റയുടെ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പർ ബാറ്ററായ വിഷ്‌ണു വിനോദ് സഞ്ജുവിന് ശേഷം ഐപിഎല്ലിൽ മലയാളികളുടെ ശ്രദ്ധാ കേന്ദ്രമാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications