പതിമൂന്നാം വയസിൽ കോടിപതി..! വൈഭവ് ഞെട്ടിച്ചുകളഞ്ഞു, ഐപിഎല്ലിലെ ഈ അപൂർവ റെക്കോർഡ് സ്വന്തം പേരിൽ
ജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു അപൂർവ റെക്കോർഡിന് ഉടമയായിരിക്കുകയാണ് പതിമൂന്ന് വയസുകാരനായ വൈഭവ് സൂര്യവംശി. ഇതുവരെ ലീഗിന്റെ ചരിത്രത്തിൽ നടന്ന എല്ലാ ലേലങ്ങളെയും കടത്തിവെട്ടുന്ന സംഭവ വികാസങ്ങൾക്കാണ് സൗദിയിലെ ജിദ്ദ സാക്ഷ്യം വഹിച്ചത്. ഐപിഎല്ലിൽ ഒരു ടീം രജിസ്‌റ്റർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയാണ് വൈഭവിനെ തേടി എത്തിയിരിക്കുന്നത്.
പതിമൂന്ന് വയസ് കാരനായ വൈഭവിനെ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ടീമാണ് സ്വന്തമാക്കിയത്. 1.10 ലക്ഷം രൂപയാണ് താരത്തിന് വേണ്ടി അവർ മുടക്കിയത്. അന്താരാഷ്‌ട്ര സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റർ എന്ന റെക്കോർഡ് സൂര്യവംശി അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരം മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുന്നത്.

30 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് സൂര്യവംശിയെ ലേലത്തിൽ രംഗത്ത് ഇറക്കിയത്. എന്നാൽ ഡൽഹി ക്യാപിറ്റൽസ് അടക്കമുള്ള ടീമുകൾ താരത്തെ സ്വന്തമാക്കാനായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ നറുക്ക് വീണത് രാജസ്ഥാൻ റോയൽസിനായിരുന്നു. അങ്ങനെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതി എന്ന നേട്ടമാണ് അദ്ദേഹത്തെ തേടി എത്തിയിരിക്കുന്നത്.
ചെന്നൈയിൽ ഓസ്‌ട്രേലിയ അണ്ടർ 19 ടീമിനെതിരായ അനൗദ്യോഗിക ടെസ്‌റ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിന് വേണ്ടി സെഞ്ച്വറി നേടിയതിന് ശേഷമാണ് താരം ഏറെ ശ്രദ്ധ നേടിയത്. എന്നാൽ ആദ്യ തവണ തന്നെ ലേലത്തിൽ താരം വിറ്റുപോയി എന്നതാണ് ഏറ്റവും വലിയ കാര്യം. പൃഥ്വി ഷാ, മായങ്ക് അഗർവാൾ, ഡേവിഡ് വാർണർ എന്നിങ്ങനെ വമ്പൻ പേരുകാർ പോലും തോറ്റിടത്താണ് താരം നേട്ടമുണ്ടാക്കിയത് എന്ന പ്രത്യേകത കൂടിയുണ്ട്.
അതേസമയം, ഐപിഎൽ താരലേലത്തിന് സൗദിയിലെ ജിദ്ദയിൽ ഇന്ന് അവസാനമായി. രണ്ട് ദിവസമായി നടന്ന ലേലത്തിൽ പത്ത് ടീമുകളാണ് തങ്ങൾക്ക് വേണ്ട താരങ്ങളെ തിരഞ്ഞെടുക്കാൻ മുൻനിരയിൽ ഉണ്ടായിരുന്നത്. ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റുപോയത് ഇന്ത്യൻ യുവതാരം റിഷഭ് പന്ത് ആയിരുന്നു, 27 കോടി രൂപ.
രണ്ടാം സ്ഥാനത്തുള്ളത് മറ്റൊരു ഇന്ത്യൻ താരമായ ശ്രേയസ് അയ്യറാണ്. താരത്തെ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. എന്നാൽ ഡേവിഡ് വാർണർ, കെയ്ൻ വില്യംസാൺ അടക്കമുള്ളവരെ ആരും വാങ്ങിയില്ല. ഇന്ത്യൻ യുവതാരമായ പൃഥ്വി ഷായും ഈ പട്ടികയിൽ ഉൾപ്പെടുന്നു. മലയാളി താരങ്ങളിൽ വിഷ്‌ണു വിനോദിനെ പഞ്ചാബ് വാങ്ങിയെങ്കിലും സന്ദീപ് വാര്യർ അടക്കമുള്ളവർ അൺസോൾഡ് ആയി.












Click it and Unblock the Notifications