തോൽവിയിലും ചിരിക്കുന്ന വില്ലിച്ചായൻ, 2 കോടി പോലും മുടക്കാൻ ആരും തയ്യാറായില്ല..! ഇതാണ് കാരണം
ജിദ്ദ: ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയിട്ടുള്ള താരങ്ങളിൽ ഒരാളാണ് കെയ്ൻ വില്യംസൺ. ഏതൊരു പരിതസ്ഥിതിയിലും തളരാതെ, സംയമനം കൈവിടാതെ പിടിച്ചു നിൽക്കുന്ന വില്യംസൺ ഗ്രൗണ്ടിലെ നല്ല കാഴ്‌ചകളിൽ ഒന്നാണ്. കളിക്കളത്തിലെ മാന്യതയുടെ പ്രതിരൂപം എന്ന് വേണമെങ്കിലും താരത്തെ വിശേഷിപ്പിക്കാം. എന്നാൽ ഇത്രയും ഗുണഗണങ്ങൾ ഉണ്ടായിട്ടും താരത്തെ ഒരു ഐപിഎൽ ടീമും സ്വന്തമാക്കിയില്ല.
സൗദിയിലെ ജിദ്ദയിൽ വച്ച് നടക്കുന്ന ഐപിഎൽ ലേലത്തിന്റെ രണ്ടാം ദിവസത്തിലാണ് കെയ്ൻ വില്യംസൺ വിറ്റുപോവാത്ത താരങ്ങളുടെ കൂട്ടത്തിൽ വന്നത്. കേവലം 2 കോടി രൂപയായിരുന്നു കെയ്ൻ വില്യംസണിന്റെ അടിസ്ഥാന വില. എന്നാൽ ഈ തുക പോലും നൽകി താരത്തെ സ്വന്തമാക്കാൻ പത്ത് ഐപിഎൽ ടീമുകളിൽ ഒരാളും കൂട്ടാക്കിയില്ല.

ലേലത്തിൽ വിറ്റുപോവാത്ത താരങ്ങളെ രണ്ടാംഘട്ടത്തിൽ പങ്കെടുപ്പിക്കാൻ കഴിയുന്ന ആക്‌സലറേഷൻ മോഡിലും താരത്തിന്റെ പേര് നൽകിയിട്ടില്ല. അതിനർത്ഥം വില്യംസൺ വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ഒരു ടീമിന്റെ കുപ്പായത്തിലും കളിക്കില്ല എന്നതാണ്. നേരത്തെ ലീഗിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെ ഉൾപ്പെടെ നയിച്ചിട്ടുള്ള താരമാണ് കെയ്ൻ വില്യംസൺ.
വില്യംസണെ വാങ്ങാൻ തയ്യാറാവാതെ ടീമുകൾ, കാരണം?
കഴിഞ്ഞ സീസണിലേത് ഉൾപ്പെടെയുള്ള മോശം പ്രകടനമാണ് കെയ്ൻ വില്യംസണിന് തിരിച്ചടിയായ കാര്യം. 2024 സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിലായിരുന്നു താരം കളിച്ചിരുന്നത്. മിനി ലേലത്തിൽ ഒരു ടീമും താൽപര്യം കാട്ടാതിരുന്നിട്ടും താരത്തെ ഒപ്പം നിർത്തിയതായിരുന്നു ഗുജറാത്ത്. എന്നാൽ സീസണിൽ വില്യംസൺ ഒരു ഇമ്പാക്റ്റും ഉണ്ടാക്കിയില്ല.
ഐപിഎൽ 2023ൽ ഗുജറാത്തിന് വേണ്ടി വില്യംസൺ ഒരു മത്സരം മാത്രമാണ് കളിച്ചത്, പിന്നീട് പരുക്ക് മൂലം പുറത്തായിരുന്നു. കഴിഞ്ഞ സീസണിൽ അദ്ദേഹം രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. ഇടവിട്ടുള്ള പരിക്കും മോശം ഫോമുമൊക്കെ താരത്തിന് തിരിച്ചടിയായി എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇതോടെയാണ് കിവീസ് മുൻ നായകനെ ടീമുകൾ തഴഞ്ഞത്.
ഇക്കുറി വില്യംസൺ മാത്രമല്ല വേറെയും ഒട്ടേറെ താരങ്ങൾ അൺസോൾഡ് ആയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരുതാരം മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജിൻക്യ രഹാനെയാണ്. താരത്തെ വാങ്ങാനും ആരും താൽപര്യം കാണിച്ചിട്ടില്ല.ഇത് കൂടാതെ പൃഥ്വി ഷാ, സ്‌റ്റീവ് സ്‌മിത്ത് എന്നിങ്ങനെ വലിയ താരങ്ങളെ തന്നെയാണ് ടീമുകൾ തഴഞ്ഞത്. മലയാളിയായ ദേവദത്ത് പടിക്കലിനെയും ആരും വാങ്ങിയിരുന്നില്ല.












Click it and Unblock the Notifications