ഇവരെ ഇനി ചെന്നൈക്ക് വേണ്ട, സ്ഥിരതയില്ല, വിക്കറ്റും റണ്‍സുമില്ല; ഈ 3 താരങ്ങളെ സിഎസ്‌കെ കൈവിട്ടേക്കും
ചെന്നൈ: ഐപിഎല്ലില്‍ അഞ്ച് തവണ ചാമ്പ്യന്‍മാരായ ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. വരാനിരിക്കുന്ന ഐപിഎല്ലില്‍ അടിമുടി മാറാനുള്ള ശ്രമത്തിലാണ് അവര്‍. അതിന് മുമ്പ് നടക്കുന്ന താരലേലത്തില്‍ ഏറ്റവും പുതിയ താരങ്ങളെ ടീം സ്വന്തമാക്കാനാണ് സാധ്യത. അതേസമയം ചെന്നൈ ആരെയെല്ലാം നിലനിര്‍ത്തും എന്ന ചോദ്യം ഇതിനിടെ ഉയരുന്നുണ്ട്.
വളരെ കുറച്ച് താരങ്ങളെ മാത്രമേ ടീം നിലനിര്‍ത്തൂ. കഴിഞ്ഞ സീസണില്‍ ടീമിന്റെ പ്രകടനം മോശമായിരുന്നു. ഈ സാഹചര്യത്തില്‍ പലരെയും ചെന്നൈ കൈവിടുമെന്നാണ് റിപ്പോര്‍ട്ട്. പ്ലേഓഫില്‍ കയറാന്‍ പോലും സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നില്ല. പുതിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന് കീഴില്‍ ഏറ്റവും മികച്ചവരെ തന്നെ അണിനിരത്താനാവും സിഎസ്‌കെ ശ്രമിക്കുക. അതിന്റെ ഭാഗമായി വമ്പന്‍ താരങ്ങളെ തന്നെ കൈവിട്ടേക്കും. അത് ആരൊക്കെയാവാന്‍ സാധ്യതയുണ്ടെന്ന് നോക്കാം.

ഷാര്‍ദുല്‍ താക്കൂര്‍
ചെന്നൈയുടെ തന്ത്രപ്രധാന ബൗളറായിരുന്നു ഷാര്‍ദുല്‍ താക്കൂര്‍. ബാറ്റിംഗും ബൗളിംഗും ഒരുപോലെ ഷാര്‍ദുളിന് വഴങ്ങുമായിരുന്നു. ടീമിന് ബ്രേക് ത്രൂ വേണ്ട സമയത്ത് അത് നല്‍കാന്‍ ഷാര്‍ദുലിന് സാധിക്കാറുണ്ടായിരുന്നു. എന്നാല്‍ 2024 സീസണില്‍ ഷാര്‍ദുല്‍ വന്‍ പരാജയമായിരുന്നു. 9 മത്സരങ്ങള്‍ കളിച്ച താരത്തിന് വെറും അഞ്ച് വിക്കറ്റുകളാണ് വീഴ്ത്താന്‍ സാധിച്ചത്. ഇക്കണോമിക് റേറ്റാണെങ്കില്‍ ഒന്‍പതിന് മുകളിലായിരുന്നു.
സാധാരണ മധ്യഓവറുകളിലായിരുന്നു ഷാര്‍ദുല്‍ പന്തെറിഞ്ഞിരുന്നത്. ധോണി പാര്‍ട്ണര്‍ഷിപ്പുകളെ പൊളിക്കാന്‍ സമര്‍ത്ഥമായി ഷാര്‍ദുലിനെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ധോണി ക്യാപ്റ്റന്‍സി ഒഴിഞ്ഞതോടെ താരത്തിന്റെ ഫോമും നഷ്ടപ്പെട്ട പോലെയാണ്. 2024ലെ താരലേലത്തില്‍ 4 കോടി രൂപയ്ക്കാണ് ഷാര്‍ദുലിനെ വാങ്ങിയത്. ഇത്തവണ ഷാര്‍ദുലിനെ താരത്തെ തിരിച്ചുപിടിക്കാന്‍ സാധ്യതയില്ല.
ദീപക് ചാഹര്‍
സിഎസ്‌കെയുടെ വജ്രായുധം എന്ന് വിശേഷിപ്പിക്കാവുന്ന ബൗളറാണ് ദീപക് ചാഹര്‍. നിരവധി മത്സരങ്ങള്‍ താരം ഒറ്റയ്ക്ക് വിജയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ 2024 സീസണില്‍ താരത്തിന്റെ ശരാശരി 40 ആണ്. ടീമിന്റെ ഓപ്പണിംഗ് ബൗളറായ ദീപക് ചാഹറില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്ത പ്രകടനമാണിത്. പരുക്ക് അടക്കം തളര്‍ത്തിയ ചാഹറിന് ഫോം കണ്ടെത്താനുമായില്ല.
എട്ട് മത്സരങ്ങളില്‍ നിന്ന് ആകെ അഞ്ച് വിക്കറ്റുകളാണ് ചാഹറിന് ലഭിച്ചത്. ഗംഭീര സ്വിംഗ് ബൗളറായിരുന്ന ചാഹറിന് അതിന്റെ നാലിലൊരു അംശംപോലും പുറത്തെടുക്കാനായില്ല. ഇപ്പോഴും ദീപക് ചാഹര്‍ ഫോം വീണ്ടെടുത്തിട്ടില്ല. ഉറപ്പായും ചെന്നൈ ചാഹറിനെ നിലനിര്‍ത്തിയേക്കില്ല. ആകെ 4 താരങ്ങളെ മാത്രമാണ് നിലനിര്‍ത്താന്‍ സാധിക്കുക.
രചിന്‍ രവീന്ദ്ര
കിവീസിന്റെ ലോകകപ്പ് പ്രതിഭാസമായിരുന്നു രചിന്‍ രവീന്ദ്ര. സിഎസ്‌കെയില്‍ താരത്തിന് മികച്ച തുടക്കവുമാണ് ലഭിച്ചത്. ഏകദിന ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്തിയതോടെ ഐപിഎല്ലില്‍ താരത്തെ വാങ്ങാന്‍ നിരവധി ടീമുകള്‍ രംഗത്തുണ്ടായിരുന്നു. പഞ്ചാബ് കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, പോലുള്ള ടീമുകളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
ഒടുവില്‍ സിഎസ്‌കെ താരത്തെ സ്വന്തമാക്കുകയായിരുന്നു. പത്ത് മത്സരങ്ങളില്‍ നിന്നായി 222 റണ്‍സാണ് താരം നേടിയത്. 160 പ്രഹരശേഷിയും താരത്തിനുണ്ട്. പക്ഷേ സ്ഥിരതയില്ലാത്തതാണ് രചിന്റെ പ്രധാന പ്രശ്‌നം. അതുകൊണ്ട് താരത്തെ കൈവിടാനാണ് സാധ്യത.












Click it and Unblock the Notifications